കെസി വേണുഗോപാല്‍ മുഖ്യന്ത്രിയാകും… രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി…. വിഡി സതീശന്‍ ധനാകാര്യമന്ത്രി; കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ്; പാര്‍ട്ടിയും ഭരണവും കെസി നിയന്ത്രിക്കും; കോണ്‍ഗ്രസിന് മൃഗീയ ഭൂരിപക്ഷം കിട്ടിയാല്‍ കാര്യങ്ങള്‍ ഇങ്ങനെ; അല്ലെങ്കില്‍ മുഖ്യനെ ലീഗ് തീരുമാനിക്കും

KC venugopal next CM
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തനിച്ച് മൃഗീയ ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍മുഖ്യമന്ത്രി പദത്തിലേക്ക് എത്തും. ഇതാണ് ഹൈക്കമാണ്ട് നല്‍കാന്‍ പോകുന്ന നിര്‍ദ്ദേശം. ഇത് തിരിച്ചറിഞ്ഞാണ്  മൃഗീയ ഭൂരിപക്ഷവുമായി കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്ന കെ.സി. വേണുഗോപാല്‍ തന്നെയാകും ഭരണത്തിന്റെ അമരക്കാരന്‍. പാര്‍ട്ടിയെയും ഭരണത്തെയും ഒരേപോലെ നിയന്ത്രിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരിക്കും. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. ഭരണത്തിലെ കരുത്തനായ രണ്ടാമനായി അദ്ദേഹം മാറും. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ധനകാര്യ വകുപ്പിന്റെ ചുമതല ഏറ്റെടുക്കാനാണ് സാധ്യത.  ഭരണത്തിലേക്ക് പ്രമുഖ നേതാക്കള്‍ മാറുന്നതോടെ, കെപിസിസി അധ്യക്ഷനായി കെസിയുടെ വിശ്വസ്തനായ സണ്ണി ജോസഫിനെ ഹൈക്കമാന്‍ഡ് തുടരാന്‍ അനുവദിക്കും.
കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയും. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നതില്‍ മുസ്ലിം ലീഗിന്റെ നിലപാട് നിര്‍ണ്ണായകമാകും. ലീഗിന് താല്പര്യമുള്ള നേതാവായിരിക്കും സഖ്യസര്‍ക്കാരിനെ നയിക്കുക. കോണ്‍ഗ്രസില്‍ നിന്നും ആരാകണം മുഖ്യമന്ത്രി എന്ന് പോലും ലീഗ് തീരുമാനിക്കും. ഒരു പക്ഷേ ഉപമുഖ്യമന്ത്രി പദവും അവര്‍ ആവശ്യപ്പെടും.
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരുകള്‍ക്ക് അന്ത്യം കുറിക്കാനും ഭരണത്തില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്താനുമാണ് കെ.സി. വേണുഗോപാലിനെ മുന്‍നിര്‍ത്തിയുള്ള ഹൈക്കമാണ്ട് നീക്കം. ഹൈക്കമാന്‍ഡിന്റെ പൂര്‍ണ്ണ പിന്തുണയുള്ള വേണുഗോപാല്‍ വരുന്നതോടെ ‘എ’, ‘ഐ’ ഗ്രൂപ്പുകളുടെ പ്രസക്തി കുറയുമെന്നും എഐസിസി കണക്കുകൂട്ടുന്നു. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതോടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നിരയെയും യുവനിരയെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഭരണത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ കെ.സി. വേണുഗോപാല്‍ കരുത്തനാകുമ്പോള്‍, സംഘടനയെ നിയന്ത്രിക്കാന്‍ വിശ്വസ്തനായ ഒരാള്‍ വേണമെന്നതാണ് സണ്ണി ജോസഫിലേക്ക് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധ തിരിയാന്‍ കാരണം. വിവാദങ്ങളില്ലാത്ത മുഖം എന്നതും ഹൈക്കമാന്‍ഡിനോടുള്ള വിശ്വസ്തതയും സണ്ണി ജോസഫിന് അനുകൂല ഘടകങ്ങളാണ്. ഇതോടെ ഭരണവും പാര്‍ട്ടിയും ഒരേ കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുകയും കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയൊരു ‘പവര്‍ സെന്റര്‍’ രൂപപ്പെടുകയും ചെയ്യും.
എന്നാല്‍, കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം മുസ്ലിം ലീഗ് കടുത്ത ഉപാധികള്‍ മുന്നോട്ടുവെക്കും. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ലീഗ്, ഭരണത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ള വകുപ്പുകള്‍ക്കും ഉപമുഖ്യമന്ത്രി പദത്തിനുമായി സമ്മര്‍ദ്ദം ചെലുത്തും. ലീഗ് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാക്കള്‍ക്കായിരിക്കും അപ്പോള്‍ മുഖ്യമന്ത്രി പദത്തിലേക്ക് മുന്‍ഗണന ലഭിക്കുക.
രമേശ് ചെന്നിത്തലയോ വി.ഡി. സതീശനോ മുഖ്യമന്ത്രിയാകണോ എന്ന് തീരുമാനിക്കുന്നതില്‍ ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട് നിര്‍ണ്ണായകമാകും. ചുരുക്കത്തില്‍, കോണ്‍ഗ്രസിന്റെ സീറ്റ് നില നൂറിന് മുകളില്‍ പോയാല്‍ മാത്രം നടപ്പിലാകുന്ന ‘കെ.സി പ്ലാനിന്’ ലീഗിന്റെ കരുത്ത് തടസ്സമായേക്കാം. കോണ്‍ഗ്രസ് 70 സീറ്റുകള്‍ക്ക് മുകളില്‍ നേടിയില്ലെങ്കില്‍, ഭരണത്തിന്റെ കളിത്തട്ട് പാണക്കാട്ടേക്ക് മാറുമെന്നതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ഇത്തവണ ലീഗ് മത്സരിക്കാനിരിക്കെ, അവരുടെ അംഗസംഖ്യ വര്‍ദ്ധിക്കുന്നത് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കും.
കെ.സി. വേണുഗോപാലിന്റെ ഡല്‍ഹിയില്‍ നിന്നുള്ള ലാന്‍ഡിംഗ് ലീഗ് എത്രത്തോളം അംഗീകരിക്കും എന്നതും വലിയ ചോദ്യചിഹ്നമാണ്. കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ സാഹചര്യങ്ങളും സാമുദായിക സന്തുലിതാവസ്ഥയും കൃത്യമായി അറിയുന്ന ഒരാള്‍ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലാകും ലീഗ് ഉറച്ചുനില്‍ക്കുക. അങ്ങനെയെങ്കില്‍, രമേശ് ചെന്നിത്തലയ്‌ക്കോ വി.ഡി. സതീശനോ വേണ്ടി ലീഗ് ‘വീറ്റോ’ അധികാരം പ്രയോഗിച്ചേക്കാം. കോണ്‍ഗ്രസിനൊപ്പം ശശി തരൂരുണ്ടെങ്കില്‍ തരൂരിന് വേണ്ടിയും ലീഗ് സജീവ ഇടപെടല്‍ നടത്തും.
ലീഗിന്റെ കരുത്ത് കൂടുന്ന സാഹചര്യത്തില്‍, അവര്‍ക്ക് മുന്‍പ് ലഭിച്ചിരുന്നതിനേക്കാള്‍ വലിയ പരിഗണന ഭരണത്തില്‍ ആവശ്യപ്പെടും. മുസ്ലിം ലീഗിന് പുറമെ മറ്റ് ഘടകകക്ഷികളും കൂടുതല്‍ വകുപ്പുകള്‍ക്കായി അവകാശവാദം ഉന്നയിക്കുന്നത് കെ.സിയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്ക് തടസ്സമായേക്കാം. വി.ഡി. സതീശന് ധനകാര്യം നല്‍കുന്നതിനോട് ലീഗിന് വിയോജിപ്പില്ലെങ്കിലും, പൊതുമരാമത്ത്, വ്യവസായം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ക്കൊപ്പം ഉപമുഖ്യമന്ത്രി പദം കൂടി വേണമെന്നത് അവര്‍ മുന്നോട്ടുവെക്കുന്ന പ്രധാന ഉപാധിയായിരിക്കും.
ഹൈക്കമാന്‍ഡ് പിന്തുണയോടെ കെ.സി. വേണുഗോപാല്‍ കേരളത്തില്‍ പിടിമുറുക്കുമ്പോള്‍, നിലവിലെ എ-ഐ ഗ്രൂപ്പുകള്‍ നിശ്ശബ്ദരായിരിക്കില്ല. സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനാകുന്നതിലൂടെ പാര്‍ട്ടിയില്‍ പുതിയൊരു ഗ്രൂപ്പ് (കെ.സി ഗ്രൂപ്പ്) രൂപപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടായാല്‍ അത് തിരിച്ചടിയായേക്കാം. ഇത് മുന്നില്‍ക്കണ്ട് ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാന്‍ സതീശനും ചെന്നിത്തലയ്ക്കും മേല്‍ക്കൈയുള്ള ക്യാബിനറ്റ് എന്ന ഫോര്‍മുലയിലേക്ക് ഹൈക്കമാന്‍ഡിന് മാറും. ഏതായാലും കെസിയാകും അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ശ്രദ്ധേയ കഥാപാത്രം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.