‘പ്രതിച്ഛായ’ ചര്‍ച്ചയാകുന്നു, പിന്നാലെ സോളാര്‍ കുരുക്കും; വിചാരണ മാറ്റാന്‍ മന്ത്രി ഗണേഷ് കുമാര്‍ കോടതിയില്‍

'Prathichaya' movie

കൊട്ടാരക്കര: ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’ എന്ന സിനിമ സോളാര്‍ വിഷയം കൈകാര്യം ചെയ്യുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ സോളാര്‍ കേസിലും സജീവമാകുന്നു. സിനിമയിലെ രാഷ്ട്രീയ പരാമര്‍ശങ്ങളും കോടതിയിലെ തിരിച്ചടികളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരണായുധമാകുമെന്ന് കണ്ടാണ് കൊട്ടാരക്കര കോടതിയിലെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഗണേഷ് കുമാര്‍ ഹര്‍ജി നല്‍കിയത്.

സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പടരുന്നതിനിടെ സോളാര്‍ പ്രതിയുടെ കത്തില്‍ തിരുത്തല്‍ വരുത്തിയെന്ന കേസില്‍ ഗണേഷിന്റെ പി.എ പ്രദീപ് കുമാറിനെതിരെയും ബന്ധു ശരണ്യ മനോജിനെതിരെയും നിര്‍ണായക സാക്ഷിമൊഴികള്‍ പുറത്തുവന്നത് മന്ത്രിക്ക് ഇരട്ടി പ്രഹരമാകും. ഇത് കോണ്‍ഗ്രസ് ചര്‍ച്ചയാക്കും. പത്തനാപുരത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ഇത് വിഷയമാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയെ ചതിച്ചവന്‍ ആരെന്ന ചര്‍ച്ചയാണ് ഇതോടെ പുറത്തു വന്നത്. ഇതിന് പിന്നാലെയാണ് പ്രതിച്ഛായ സിനിമയും ചര്‍ച്ചകളില്‍ എത്തിയത്.

സോളാര്‍ പ്രതിയുടെ ആദ്യ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനാണ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഗണേഷിനും സംഘത്തിനുമെതിരെ മൊഴി നല്‍കിയത്. പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്ന് കൈപ്പറ്റിയ 21 പേജുള്ള കത്ത് ഗണേഷ് കുമാറിന്റെ പി.എ പ്രദീപ് കുമാറിനെയും തുടര്‍ന്ന് ശരണ്യ മനോജിനെയുമാണ് ഏല്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തി കത്തില്‍ നാലു പേജ് അധികമായി കൂട്ടിച്ചേര്‍ത്തുവെന്നാണ് കേസ്.

ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കി കത്ത് ഏറ്റുവാങ്ങിയതിന്റെ രേഖകള്‍ കോടതിയിലുണ്ട്. പ്രദീപ് കുമാറിനൊപ്പം കാറില്‍ തിരുവനന്തപുരത്ത് പോയാണ് കത്ത് ശരണ്യ മനോജിന് കൈമാറിയതെന്നും ഫെനി കോടതിയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഗണേഷനും കോടതിയില്‍ എത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിചാരണ തടയണമെന്ന മന്ത്രിയുടെ ഹര്‍ജിക്കെതിരെ വാദിഭാഗം അഭിഭാഷകന്‍ സുധീര്‍ ജേക്കബ് തടസ്സഹര്‍ജി നല്‍കി. ഈ ഹര്‍ജിയിലെ വാദങ്ങള്‍ വീണ്ടും നിര്‍ണ്ണായകമാകും.

ഹൈക്കോടതിയില്‍ നിന്ന് രണ്ടുവര്‍ഷം സ്റ്റേ വാങ്ങി കേസ് തടഞ്ഞ മന്ത്രി വീണ്ടും അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന മന്ത്രിക്കുള്ള യാത്രാ ഇളവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സിനിമയും കോടതി നടപടികളും ഒരുപോലെ ഗണേഷ് കുമാറിന് രാഷ്ട്രീയ വെല്ലുവിളിയാകുന്ന പശ്ചാത്തലത്തില്‍, ഫെനി ബാലകൃഷ്ണന്റെ തുടര്‍മൊഴിയും മന്ത്രിയുടെ ഹര്‍ജിയിലെ തീരുമാനവും 25-ന് കോടതി പരിഗണിക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.