തിരുവനന്തപുരം: ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് മുഖ്യമന്ത്രിയുടെ അഭയം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചതോടെ തല്‍ക്കാലം രാജി വെക്കേണ്ടതില്ലെന്ന ആശ്വാസകരമായ നിര്‍ദ്ദേശമാണ് ഗണേഷിന് ലഭിച്ചിരിക്കുന്നത്. വാളകത്തെ വീട്ടിലുണ്ടായ പ്രശ്നങ്ങള്‍ കേവലം ‘കുടുംബ പ്രശ്നം’ മാത്രമായി കണ്ട് ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാരിന്റെയും മുന്നണിയുടെയും തീരുമാനം. എന്നാല്‍, ഈ ഒത്തുതീര്‍പ്പിന് ഗണേഷ് കുമാര്‍ നല്‍കേണ്ടി വരിക വലിയ രാഷ്ട്രീയ വിലയാണെന്നാണ് സൂചന.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) യ്ക്കായി മുന്നണിയില്‍ രണ്ടാമതൊരു സീറ്റ് വേണമെന്ന അവകാശവാദം ഗണേഷിന് ഉപേക്ഷിക്കേണ്ടി വരും. ഇതോടെ പത്തനാപുരത്ത് ഗണേഷ് കുമാര്‍ തന്നെ പാര്‍ട്ടിയുടെ ഏക സ്ഥാനാര്‍ത്ഥിയായി വീണ്ടും ജനവിധി തേടും. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന സ്ത്രീപക്ഷ നിലപാടുകള്‍ക്ക് വലിയ തിരിച്ചടിയാവുകയാണ് ഗണേഷ് കുമാറിന് ലഭിച്ച ഈ സംരക്ഷണ കവചം. വീട്ടില്‍ കയ്യേറ്റമുണ്ടായെന്ന് ഭയന്ന് 112-ല്‍ വിളിച്ചപ്പോള്‍ എത്തിയ പോലീസ്, മന്ത്രിയുടെ പദവി കണ്ട് നടപടിയെടുക്കാതെ ഒഴിഞ്ഞുമാറിയത് വലിയ വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകളെ പോലും വിവരമറിയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നീതിപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകളില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കാട്ടുന്ന ശുഷ്‌കാന്തി സ്വന്തം മന്ത്രിയുടെ കാര്യത്തില്‍ എന്തുകൊണ്ട് സര്‍ക്കാരിനില്ല എന്ന ചോദ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം പ്രധാന ആയുധമാക്കും. പത്തനാപുരത്ത് ഗണേഷിന്റെ സ്ഥാനാര്‍ത്ഥിത്വം വരുമ്പോഴുമൊക്കെ ഇടത് പക്ഷത്തിന്റെ ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടും. ഗണേഷ് കുമാറിനെതിരെ കടുത്ത ഭാഷയിലാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. ഗണേഷിന്റെ പെരുമാറ്റം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും മന്ത്രിസഭയ്ക്ക് തന്നെ ഇതൊരു പുഴുക്കുത്താണെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
‘പെണ്ണിനോടും പൊന്നിനോടും അമിത താല്പര്യമുള്ളയാളാണ് ഗണേഷ്. മന്ത്രിസ്ഥാനത്ത് ഇരുന്ന് ഇത്രയും തറയാകാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. കനകസിംഹാസനത്തില്‍ ഇരിക്കുന്നത് ശുംഭനാണോ ശുനകനാണോ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ മാടമ്പിത്തം,’ വെള്ളാപ്പള്ളി പരിഹസിച്ചു. പരാതി പിന്‍വലിച്ചതുകൊണ്ട് മാത്രം ഗണേഷിന്റെ സ്വഭാവദൂഷ്യം ഇല്ലാതാകുന്നില്ലെന്നും ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിസ്ഥാനം തെറിക്കുമെന്ന ഉറപ്പായ സാഹചര്യത്തിലാണ് ഭാര്യയുമായി ഒത്തുതീര്‍പ്പിന് മന്ത്രി തയ്യാറായത്. തന്റെ അതിവിശ്വസ്തനും കേരള കോണ്‍ഗ്രസ് ബി ട്രഷററുമായ ബാലഗോപാലിനെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. മാപ്പുപറയുന്നതിന്റെ ഓഡിയോ പുറത്തുപോകില്ലെന്ന് ഉറപ്പാക്കാന്‍ ബാലഗോപാലിന്റെ ഫോണിലൂടെയായിരുന്നു ഗണേഷിന്റെ ക്ഷമാപണം. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശമാണ് രാത്രി വൈകിയുള്ള ഈ സമവായ നീക്കങ്ങള്‍ക്ക് വേഗത കൂട്ടിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിലെ വോട്ടര്‍പട്ടികയില്‍ വന്‍ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’; 25 ലക്ഷത്തോളം പേര് പുറത്ത്; മരിച്ചവരും മുങ്ങിയവരും ഇരട്ടിപ്പുകാരും ഔട്ട്; നിങ്ങളുടെ വോട്ട് പോയോ എന്ന് അറിയാന്‍ പരിശോധിക്കേണ്ട വിധം





