തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവില്‍ നടന്ന കോടികളുടെ വെട്ടിപ്പ് ഇടത് സര്‍ക്കാരിനെ വെട്ടിലാക്കുന്നു. ഭക്തിയുടെ പേരില്‍ നടന്ന തീവെട്ടിക്കൊള്ള സഭയിലും തെരുവിലും കത്തിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതോടെ സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തുവന്നതോടെ സംഗമം വിജിലന്‍സ് അന്വേഷണത്തിലേക്ക് നീങ്ങുമെന്നാണ് സൂചന. ഇതോടെ സംഗമത്തിന്റെ മറവില്‍ നടന്ന പണംവാരിക്കല് സര്‍ക്കാരിന് വലിയ തലവേദനയായി മാറിക്കഴിഞ്ഞു. പ്രശ്നം അതിവേഗം പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഹൈക്കോടതിയുടെ കര്‍ക്കശമായ നിലപാട് ഭരണകൂടത്തെ വിറപ്പിക്കുകയാണ്.
നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ നടന്നത് സമാനതകളില്ലാത്ത അഴിമതിയാണ്. സംഗമത്തിന് എത്താതിരുന്ന ഈ സംഘത്തിന്റെ പേരില്‍ 8 ലക്ഷം രൂപയുടെ വ്യാജ ബില്ലാണ് ദേവസ്വം ബോര്‍ഡ് ഉണ്ടാക്കിയത്. ഇഷാന് ദേവ് പാടിയ പരിപാടിക്ക് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ പണം മാറിയത് ആര്‍ക്കുവേണ്ടിയാണെന്ന ചോദ്യം ഉയരുന്നു. പമ്പയിലോ സന്നിധാനത്തോ തങ്ങള്‍ പരിപാടി അവതരിപ്പിച്ചിട്ടില്ലെന്ന് ഭജന്‍ സംഘം തന്നെ വ്യക്തമാക്കിയതോടെ ദേവസ്വം ബോര്‍ഡ് അടിമുടി നാണംകെട്ടിരിക്കുകയാണ്. 2 ലക്ഷം രൂപ നിശ്ചയിച്ച കലാപരിപാടികള്‍ക്ക് 8 ലക്ഷം രൂപ എഴുതിയെടുത്തതിന് പിന്നില്‍ വന്‍ ലോബി തന്നെയുണ്ട്.
സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ മാത്രം ഒരു ലക്ഷം രൂപയുടെ കട്ടിലും മെത്തയുമാണ് വാങ്ങിയത്. കൂടാതെ 150 മെത്തകള്‍ വാങ്ങിയതില്‍ 50 എണ്ണത്തിന് ബില്ലുകളില്ല. ഇവ ഇപ്പോള്‍ പോലീസിന്റെ വിശ്രമകേന്ദ്രത്തിലാണെന്നാണ് വിവരം. ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡറില്ലാതെ കരാര്‍ നല്കിയതും 10 ശതമാനം അധികത്തുക അനുവദിച്ചതും അഴിമതിയുടെ ആഴം കൂട്ടുന്നു. ഭക്ഷണത്തിനും ചായയ്ക്കും ടാക്സിക്കുമായി ലക്ഷങ്ങള്‍ പൊടിച്ചത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. 4.8 ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച വാട്ടര്‍ ടാങ്ക് ആസ്തി പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായത് മറ്റൊരു അത്ഭുതമായി തുടരുന്നു.
അടിമുടി ധൂര്‍ത്തും അഴിമതിയും നിറഞ്ഞ ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകള്‍ വരും ദിവസങ്ങളില്‍ രാഷ്ട്രീയ കേരളത്തെ ഉലയ്ക്കും. 10.99 കോടി രൂപ ചിലവാക്കിയതില്‍ ഭൂരിഭാഗവും വ്യാജ ബില്ലുകളാണെന്നാണ് ആരോപണം. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ ഫെബ്രുവരി 27-നകം വിശദീകരിക്കാന്‍ ജസ്റ്റിസ് രാജാ വിജയരാഘവന് ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു കഴിഞ്ഞു.
സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും മുഖംമൂടി അഴിഞ്ഞുവീണ ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ക്ക് പ്രതിപക്ഷം തുടക്കം കുറിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കരമനയുടെ കാത്തിരിപ്പിന് അന്ത്യം; വാടകക്കെട്ടിടത്തിലെ ശ്വാസംമുട്ടലില്‍ നിന്ന് മോചനം; കരുതലുമായി മന്ത്രി വി. ശിവന്‍കുട്ടി; കരമന പോലീസിനെ തേടി ‘തിരുവനന്തപുരത്തെ തേരാളിയുടെ’ കരുതല്‍ എത്തിയ കഥ





