കോട്ടയം: ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച നന്ദഗോവിന്ദം ഭജന്‍സിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തള്ളി കോട്ടയം നട്ടാശ്ശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രക്കമ്മിറ്റി. നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം പാടിയതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും നാടിന്റെ ഐക്യത്തെ തകര്‍ക്കാനുള്ള നീക്കങ്ങളില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും ക്ഷേത്ര ഭരണസമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.
ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് പുറത്തുള്ള പ്രത്യേക വേദിയൊരുക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. നവീന്‍ മോഹനും സംഘവും ‘യഹോവയേ പ്രകീര്ത്തിപ്പിന്’ എന്ന ഗാനമാണ് അവതരിപ്പിച്ചത്. ക്ഷേത്ര പുനര്‍നിര്‍മാണത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ നാനാജാതി മതസ്ഥര്‍ പങ്കെടുത്തിരുന്നു.
നാട്ടിലെ മതാതീതമായ സൗഹൃദം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ഗാനം അവതരിപ്പിക്കപ്പെട്ടതെന്ന് ക്ഷേത്രക്കമ്മിറ്റി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലെ ദേശവിളക്കിന് ക്രൈസ്തവ വിശ്വാസികള്‍ തിരി തെളിക്കാറുണ്ടെന്നും താലപ്പൊലി കടന്നുപോകുമ്പോള്‍ അവര്‍ ഭക്തിയോടെ സ്വീകരിക്കാറുണ്ടെന്നും പ്രസ്താവനയിലുണ്ട്. ഇതാണ് ഈ നാടിന്റെ രീതിയും ഏകതയും.
ഗായകനായ നവീന്‍ പഠിച്ചതും വളര്‍ന്നതും ഇവിടുത്തെ പള്ളി സ്കൂളിലാണ്. പരിപാടി കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ അധ്യാപകരും സുഹൃത്തുക്കളും ഉള്‍പ്പെടെ എല്ലാ മതസ്ഥരും എത്തിയിരുന്നു. ആ സംഗമത്തില്‍ ഇത്തരമൊരു ഗാനം പാടുന്നത് വലിയ അപരാധമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് കമ്മിറ്റി വ്യക്തമാക്കി.
നേരത്തെ, ‘ചിക്കന്‍ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’ എന്ന വിദ്വേഷ പരാമര്‍ശവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നന്ദഗോവിന്ദം ഭജന്‍സിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ സൈബര്‍ ആക്രമണവും ആരംഭിച്ചു.
ഭജന സംഘം അതിര്‍ത്തി ലംഘിച്ചുവെന്നും ക്ഷേത്ര ആചാരങ്ങളെ അപമാനിച്ചുവെന്നുമാണ് വിമര്‍ശകരുടെ വാദം. എന്നാല്‍ വലിയ കൈയടിയോടെയാണ് ക്ഷേത്രമുറ്റത്തെ ജനങ്ങള്‍ ഈ ഗാനത്തെ സ്വീകരിച്ചതെന്ന് നേരിട്ട് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.
വിവാദം കൊഴുക്കുമ്പോഴും തങ്ങള്‍ ഒരു അതിര്‍വരമ്പും ലംഘിച്ചിട്ടില്ലെന്ന നിലപാടിലാണ് നന്ദഗോവിന്ദം ഭജന്‍സ്. പേരുകള്‍ക്കതീതമായി ഭക്തി ഒഴുകുന്ന നാടാണ് കേരളമെന്നും അവര്‍ പ്രതികരിച്ചു. നാടിന്റെ സൗഹാര്‍ദം തകര്‍ക്കുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് ക്ഷേത്രക്കമ്മിറ്റി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
കോട്ടയത്തെ നട്ടാശ്ശേരി പ്രദേശം എന്നും മതസൗഹാര്‍ദത്തിന് മാതൃകയാണെന്നും ഇവിടുത്തെ ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും നാട്ടുകാരും പറയുന്നു. സോഷ്യല്‍ മീഡിയയില്‍ കലാകാരന്മാര്ക്ക് വലിയ പിന്തുണയാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി കലയെയും ഭക്തിയെയും ആയുധമാക്കുന്നതിനെതിരെ സാംസ്കാരിക കേരളം പ്രതിഷേധമുയര്‍ത്തുന്നുണ്ട്. ക്ഷേത്രക്കമ്മിറ്റിയുടെ ഉറച്ച നിലപാട് വിദ്വേഷ പ്രചാരകര്‍ക്കുള്ള ശക്തമായ മറുപടിയാണെന്ന് വിവിധയിടങ്ങളില്‍ നിന്നും പ്രതികരണങ്ങള്‍ വരുന്നു.
നാടിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ഈ ഗ്രാമത്തിലെ രീതികള്‍ മനസ്സിലാക്കണമെന്നും ക്ഷേത്ര ഭരണസമിതി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ





