“ചിക്കൻ മസാല പായസത്തിലിടരുത്”; ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം പാടിയതിന് രൂക്ഷവിമർശനം; നിലപാട് വ്യക്തമാക്കി സംഘാടകരും വേമ്പിന്‍കുളങ്ങര ക്ഷേത്രകമ്മിറ്റിയും

കോട്ടയം: വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന സംഗീത പരിപാടിയിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെച്ചൊല്ലി വിവാദം. ‘നന്ദഗോവിന്ദം ഭജൻസ്’ അവതരിപ്പിച്ച പരിപാടിക്കെതിരെ സൈബർ ആക്രമണം ശക്തമായതോടെ, സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്രഭാരവാഹികൾ രംഗത്തെത്തി.

ക്ഷേത്രോത്സവത്തിനിടെ ‘ഈ പരദേവനഹോ’ എന്ന ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. “ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്” എന്നായിരുന്നു ശശികലയുടെ പരിഹാസം.

വിവാദം ഉയർന്നതോടെ ക്ഷേത്രം ഭാരവാഹികൾ ഔദ്യോഗിക പ്രസ്താവനയിലൂടെ നിലപാട് വ്യക്തമാക്കി പരിപാടി നടന്നത് ക്ഷേത്രമതിൽക്കെട്ടിനുള്ളിലല്ല. സ്ഥലപരിമിതി മൂലം ക്ഷേത്രത്തിന് പുറത്താണ് അതിനായി വേദി ഒരുക്കിയത്. ജാതിമത ഭേദമന്യേ എല്ലാവരും സഹകരിച്ചാണ് പരിപാടി നടത്തിയത്. ഈ നാട്ടിലെ പതിവായ രീതിയാണിത്. ക്ഷേത്രത്തിലെ ദേശവിളക്കിന് വിളക്ക് കത്തിക്കുന്നതിനൊപ്പം ഇതരമതസ്ഥരും തിരി തെളിക്കാറുണ്ട്. നന്ദഗോവിന്ദം ഭജൻസ് സംഘം ഈ നാട്ടിൽ വളർന്നവരാണ്. അവർ പഠിച്ചതും വളർന്നതും ഇതരമതസ്ഥർ കൂടി ഉൾപ്പെട്ട സൗഹൃദ അന്തരീക്ഷത്തിലാണ്. അതുകൊണ്ട് തന്നെ ഒരു ഗാനം പാടിയതിൽ തെറ്റില്ലെന്നും, നാട്ടിലെ സൗഹാർദം തകർക്കുന്ന ഇത്തരം വിവാദങ്ങൾ ഒഴിവാക്കണമെന്നും ക്ഷേത്രകമ്മിറ്റി അഭ്യർത്ഥിച്ചു.

 വിഷയത്തിൽ നന്ദഗോവിന്ദം ഭജൻസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയും പ്രതികരിച്ചു. ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് അവർ വ്യക്തമാക്കി.ഭക്തിയും ഐക്യവും സംഗീതത്തിലൂടെ ആളുകളെ ഒന്നിപ്പിക്കുക എന്നതാണ് സംഘം എപ്പോഴും ലക്ഷ്യമിടുന്നത്. നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാൻ സംഗീതം ഒരു ഉപാധിയാണെന്നും അതാണ് ആ നിമിഷത്തിന് പിന്നിലുള്ള ചിന്തയെന്നും അവർ കുറിപ്പിൽ പറഞ്ഞു. ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കിൽ ആ വികാരത്തെ മാനിക്കുന്നുവെന്നും സംഘം വ്യക്തമാക്കി.ആരുടെയും വികാരം വ്രണപ്പെടുത്തുകയല്ല, മറിച്ച് നാട്ടിലെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യം വെച്ചതെന്ന നിലപാടിലാണ് ക്ഷേത്ര കമ്മിറ്റിയും ഭജൻസ് സംഘവും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.