തിരുവനന്തപുരം: പമ്പയിലെ ആഗോള അയ്യപ്പ സംഗമം നടത്തി ഭീമമായ ബാധ്യത ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവെച്ച് തടിയൂരാന്‍ നോക്കിയ സര്‍ക്കാരിന് വമ്പന്‍ തിരിച്ചടി. അണിയറയിലെ കള്ളക്കളികള്‍ പൊളിച്ച് നിര്‍ണായക രേഖകള്‍ പുറത്ത്. ആഗോള അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ സംഘാടകര്‍ സാക്ഷാല്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.
സംഘാടകസമിതിയെ നിശ്ചയിച്ച് സര്‍ക്കാര്‍ തന്നെ തയ്യാറാക്കിയ കത്തിലെ വരികള്‍ ഇതിന് അടിവരയിടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശബരിമലയുടെ സാംസ്‌കാരിക സമ്പന്നതയും ആത്മീയ ഐക്യവും ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നതാണ് ‘സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍’ നടത്തുന്ന ഈ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കത്തില്‍ വ്യക്തമായി പറയുന്നു. ചുരുക്കത്തില്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കി കാര്യപരിപാടികള്‍ തീരുമാനിച്ചത് റവന്യു-ദേവസ്വം വകുപ്പുകളാണ്.
സംഘാടക സമിതിയുടെ ലിസ്റ്റ് പരിശോധിച്ചാല്‍ ആരുമൊന്ന് അമ്പരക്കും. സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ മുഖ്യ രക്ഷാധികാരി. സ്പീക്കര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, വമ്പന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍… അങ്ങനെ നീളുന്നു വി.ഐ.പി നിര. അന്നത്തെ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും, അംഗങ്ങളായിരുന്ന എ. അജികുമാര്‍, പി.ഡി. സന്തോഷ്‌കുമാര്‍, സെക്രട്ടറി എസ്. ബിന്ദു, കമ്മിഷണര്‍ ബി. സുനില്‍കുമാര്‍ എന്നിവരൊക്കെ 18 അംഗ ജനറല്‍ കമ്മിറ്റിയില്‍ 14 മുതല്‍ 18 വരെയുള്ള സ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങി.
സംഗമത്തിന്റെ നടത്തിപ്പുചുമതല ആര്‍ക്ക് നല്‍കണമെന്നതില്‍ സര്‍ക്കാരിന് തുടക്കത്തിലേ വ്യക്തമായ ധാരണയുണ്ടായിരുന്നു. ഊരാളുങ്കലിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനത്തിന് ഈ ചുമതല നല്‍കാന്‍ തുടക്കത്തിലേ തീരുമാനിച്ചതിന്റെ യോഗതീരുമാനവും (മിനിറ്റ്‌സ്) ഇപ്പോള്‍ പുറത്തായിട്ടുണ്ട്. കാര്യങ്ങള്‍ എത്രത്തോളം ആസൂത്രിതമായിരുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണിത്.
പരിപാടിയുടെ സകല നിയന്ത്രണങ്ങളും ഏറ്റെടുത്ത സര്‍ക്കാര്‍ പക്ഷേ, ഇപ്പോള്‍ സാമ്പത്തിക ബാധ്യതയുടെ കാര്യത്തില്‍ മലക്കം മറിയുകയാണ്. ദേവസ്വം ബോര്‍ഡാണ് സംഗമം നടത്തിയതെന്ന സര്‍ക്കാരിന്റെ ന്യായീകരണം രേഖകള്‍ പുറത്തുവന്നതോടെ പൂര്‍ണ്ണമായും പൊളിഞ്ഞു. സംഗമം വരുത്തിവെച്ച വന്‍ സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതില്‍ നിന്ന് ഇനി സര്‍ക്കാരിന് കൈമലര്‍ത്താനാവില്ലെന്ന് വ്യക്തം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വി. കുഞ്ഞിക്കൃഷ്ണനെ സിപിഎം പുറത്താക്കി; രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണം ‘പച്ചക്കള്ളമെന്ന്’ പാര്‍ട്ടി; പയ്യന്നൂര്‍ തെരുവുകളില്‍ ‘ഒറ്റുകാരന്’ പോസ്റ്ററുകള്‍





