പമ്പ അയ്യപ്പ സംഗമം: വ്യാജ പ്രചാരണങ്ങൾക്കെതിരെ ദേവസ്വം ബോർഡ്; ഇവന്റ് മാനേജ്‌മെന്റ് പിശകെന്ന് പത്രക്കുറിപ്പ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിൽ ഭജന നടത്താതെ നന്ദ ഗോവിന്ദം ഭജൻസ് എന്ന സംഘടനയ്ക്ക് 8 ലക്ഷം രൂപ നൽകിയെന്ന ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശം ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ അശ്രദ്ധയിൽ നിന്നുണ്ടായ ഒരു പിശകാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നത് ഖേദകരമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി പബ്ലിക് റിലേഷൻസ് ഓഫീസർ പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബർ 20നാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്.

ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ സ്പെഷ്യൽ കമ്മിഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന ഒരു പരാമർശവും ഇല്ല. അങ്ങനെ ഒരു വാർത്ത എങ്ങനെ പ്രചരിച്ചു എന്നത് അതിശയകരമാണ്. ദേവസ്വം ബോർഡിന്റെ ഗസ്റ്റ്ഹൗസിലേക്ക് വാങ്ങുന്ന ഏതൊരു സാധനവും ദേവസ്വത്തിന്റെ സ്വത്താണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ ഒരു ലക്ഷം രൂപ ചെലവഴിച്ചു എന്ന വാർത്ത ചില മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്ന് പത്രകുറിപ്പിൽ പറയുന്നു.

പ്രശസ്ത സംഗീതജ്ഞനായ ഇഷാൻ ദേവാണ് സംഗീത പരിപാടി അവതരിപ്പിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ 25ലധികം കലാകാരന്മാരും 10ലധികം ടെക്നീഷ്യൻമാരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത സംഗീതാവിഷ്‌കാരമായിരുന്നു ഇത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം,ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവായത്.
വളരെ പരിമിതമായ സമയത്തിലാണ് ദേവസ്വം ബോർഡ് ഈ പരിപാടി ഏറ്റെടുത്തത്. എല്ലാ തലങ്ങളിലും സൂക്ഷ്മതയോടെയും സത്യസന്ധതയോടെയും സംഗമം വിജയിപ്പിക്കാനാണ് ബോർഡ് ശ്രമിച്ചത്.

ഇത്തരം പരിപാടികൾ സംഘടിപ്പിച്ച പരിചയവും കിഫ്ബി എംപാനൽ അംഗീകാരവും ഉള്ള തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽസ് ഡെവലപ്പ്മെന്റിന്റെ സെന്റർ ഓഫ് എക്സലൻസ് ആയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക് ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ ഐ ഐ സി ) നെയാണ് ദേവസ്വം ബോർഡ് ഇവന്റ് മാനേജ്മെന്റ് ഏജൻസിയായി നിയമിച്ചിരുന്നത്.

സ്പോൺസർഷിപ്പ് തുക ലഭിക്കുന്നതിൽകാലതാമസം വരുന്നത് പരിപാടിയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ 2025-26 ബഡ്ജറ്റിൽ നിന്നും 5 കോടി രൂപ സംഗമത്തിനായി ധനലക്ഷ്മി ബാങ്കിൽ ആരംഭിച്ച പ്രത്യേക സേവിംഗ്സ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.

ആ അക്കൗണ്ടിൽ നിന്ന് 3 കോടി രൂപ ഐ ഐ ഐ സി ക്ക് അഡ്വാൻസായി നൽകി. കൂടാതെ താമസസൗകര്യങ്ങൾക്കായി വിവിധ ഹോട്ടലുകൾക്ക് 12,76,440 രൂപയും, ജി.എസ്.ടി ഇനത്തിൽ 15,25,424 രൂപയും നൽകിയിട്ടുണ്ടെന്ന് പത്രകുറിപ്പിൽ വിശദീകരിക്കുന്നു.
വരവ്-ചെലവ് കണക്കുകൾ അന്തിമമായിട്ടില്ലെന്നും എന്നാൽ ഇതുവരെ ലഭിച്ച സ്പോൺസർഷിപ്പ് തുക മൂന്ന് കോടിയാണെന്നും പത്രകുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.