വി.എസ്. ശിവകുമാറിനെതിരെ അപകീര്‍ത്തി നോട്ടീസ്: രണ്ടുപേര്‍ക്കെതിരെ കേസ്; വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റും നിര്‍ണ്ണായകമായി; ആ കള്ള നോട്ടീസില്‍ വിശദ അന്വേഷണത്തിന് കാട്ടാക്കട പോലീസ്

കാട്ടാക്കട: അരുവിക്കര നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വി.എസ്. ശിവകുമാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആസൂത്രിത നീക്കം. ശിവകുമാറിനെതിരെ മോശമായ പരാമര്‍ശങ്ങളടങ്ങിയ നോട്ടീസുകള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ ശ്രമിച്ച രണ്ടുപേര്‍ക്കെതിരെ കാട്ടാക്കട പോലീസ് കേസെടുത്തു. വീരണകാവ് സ്വദേശികളായ മണികണ്ഠന്‍, സയ്യിദ് സബര്‍മതി എന്നിവരാണ് പ്രതികള്‍.
വി.എസ്. ശിവകുമാറിന്റെ പരാതിയെത്തുടര്‍ന്ന് കാട്ടാക്കട എസ്.എച്ച്.ഒ. ജി. സുഭാഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് നോട്ടീസുകള്‍ പിടിച്ചെടുത്തത്. മണികണ്ഠന്റെ വീട്ടില്‍നിന്ന് രണ്ടായിരവും സയ്യിദിന്റെ വീട്ടില്‍നിന്ന് ഇരുന്നൂറ്റമ്പതും നോട്ടീസുകള്‍ കണ്ടെടുത്തു. അച്ചടിച്ച പ്രസ്സിന്റെ വിലാസമോ മറ്റ് വിവരങ്ങളോ ഇല്ലാത്ത നിലയിലായിരുന്നു ഇവ. മറ്റൊരാള്‍ വിതരണത്തിനായി എത്തിച്ചതാണെന്നാണ് പ്രതികളുടെ മൊഴി. ഇലക്ഷന്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഡോ. സജീറിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് പോലീസ് കേസെടുത്തത്.
അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പഴയ അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റും ശിവകുമാറിന് രാഷ്ട്രീയമായി കരുത്തേകുന്നുണ്ട്. മന്ത്രിയായിരുന്ന കാലയളവില്‍ അദ്ദേഹം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നാണ് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലിന്റെ കണ്ടെത്തല്‍. ശിവകുമാറിന്റെ ബിനാമി പേരിലുള്ളതാണെന്ന് ആരോപിക്കപ്പെട്ട സ്വകാര്യ ആശുപത്രിയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ആറുമാസം മുന്‍പ് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് ശിവകുമാറിന് എല്ലാ അര്‍ത്ഥത്തിലും തുണയാണ്. എതിരാളികള്‍ ആയുധമാക്കിയ അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സിന്റെ അനുകൂല റിപ്പോര്‍ട്ടും, ഇപ്പോള്‍ പുറത്തുവന്ന അപകീര്‍ത്തി നോട്ടീസ് വിവാദവും മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിരുന്നു. ഇതിലെ പൊള്ളത്തരം ശിവകുമാര്‍ തുറന്നു കാട്ടുകയും ചെയ്തു.
അനധികൃത സ്വത്ത് സമ്പാദന കേസ് അന്വേഷണത്തിന് ചുമതലപ്പെട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ തിരുവനന്തപുരം സ്‌പെഷ്യല്‍ സെല്ലാണ് ശിവകുമാറിനും സുഹൃത്തുക്കള്‍ക്കും എതിരെയുള്ള കേസ് അന്വേഷണം നടത്തിയത്. 2011 മെയ് 18 മുതല്‍ 2016 മെയ് 20 വരെയുള്ള ശിവകുമാറിന്റെ സ്വത്തു വിവരമാണ് വിജിലന്‍സ് പരിശോധിച്ചത്. മന്ത്രിയായിരുന്ന ഈ കാലയളവില്‍ അദ്ദേഹം വരവില്‍കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ല എന്നാണ ്അന്വേഷണത്തിനൊടുവില്‍ വിജിലന്‍സിന്റെ കണ്ടെത്തല്‍.
എന്നാല്‍ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷൈജൂഹരന്‍ അനധികൃത സമ്പാദനം നടത്തിയതായി സ്‌പെഷ്യല്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രശസ്ത ആശുപത്രികളില്‍ ഒന്നായ എസ് കെ ആശുപത്രി ശിവകുമാറിന്റെ ബിനാമി പേരിലുള്ളതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണത്തില്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.