തിരുവനന്തപുരം:അധികാര ഇടനാഴികളില്‍ ഉന്നത സ്വാധീനം ഉണ്ടായിട്ടും ഡിഐ ജി എം കെ വിനോദ് കുമാര്‍ ഒടുവില്‍ വീണു. വിനോദ് കുമാറിനെ കൈവിടാതെ സംരക്ഷിക്കാന്‍ ഭരണതലത്തില്‍ പരമാവധി ശ്രമം ഉണ്ടായെങ്കിലും ഒടുവില്‍ കൈ പൊള്ളുമെന്നായപ്പോള്‍ വിട്ടുകളയുകയായിരുന്നു എന്നതാണ് ശരി. കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇന്നലെയാണ് വിനോദ് കുമാറിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവ് ഇറക്കിയത്. ജയില്‍ ആസ്ഥാന കാര്യാലയത്തിലെ ഡി ഐ ജി (ഹെഡ് ക്വാര്‍ട്ടേഴ്സ് )ആയിരുന്നു അദ്ദേഹം. വിനോദ് കുമാറിനെതിരെ പോലീസ് ഇന്റലിജന്‍സ് മാസങ്ങള്‍ക്ക് മുമ്പേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ നടപടി എടുത്തില്ല. ഒടുവില്‍ വിജലന്‍സ് കേസെടുത്തതോടെയാണ് പണി കിട്ടിയത്. അപ്പോഴും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്.
കൈക്കൂലി വാങ്ങിയതിനാണ് നിലവിലെ വിജിലന്‍സ് കേസ്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് സ്പെഷ്യല്‍ അന്വേഷണം തുടരുകയാണ്. അന്വേഷണത്തില്‍ അനധികൃത സ്വത്ത് സമ്പാ ദനംതെളിഞ്ഞാല് അതിന് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യും. വിനോദ് കുമാറിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്കും ലക്ഷക്കണക്കിന് രൂപ വന്നിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ ഇക്കാര്യം തെളിഞ്ഞാല്‍ ഭാര്യയും കേസില്‍ പ്രതിയാകും. സസ്പെന്‍ഡ് ചെയ്തെങ്കിലും വിനോദ് കുമാറിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. സാധാരണഗതിയില്‍ സസ്പെന്ഷന് ഉത്തരവിനോടൊപ്പം വകുപ്പുതല അന്വേഷണ പ്രഖ്യാപനവും ഉണ്ടാകേണ്ടതാണ്.അടുത്തവര്‍ഷം ആദ്യം സര്‍വീസില്‍ നിന്നും വിരക്കാനിരിക്കുന്ന വിനോദ് കുമാറിനെ സഹായിക്കാനാണ് വകുപ്പുതല അന്വേഷണം നടത്താത്തത് എന്നാണ് കരുതുന്നത്. കോഴിക്കോട്ടെ ‘ബേപ്പൂര്‍ സുല്‍ത്താന്‍’ എന്നറിയപ്പെടുന്ന വ്യക്തി അടുത്ത ബന്ധുവാണെന്നും സൂചനയുണ്ട്.
ആലപ്പുഴ ആര്യാട് സൗത്ത് സ്വദേശി വിഎം ഖാലിദിന്റെ മകനാണ് വിനോദ് കുമാര്‍. ജയില്‍ വകുപ്പിലെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. നേരത്തെ രണ്ട് പ്രാവശ്യം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തിനെതിരെ ഒരു സസ്പെന്ഷന് അല്ലാതെ കാര്യമായ നടപടി ഉണ്ടായില്ല. അതുകൊണ്ടുതന്നെ ഡിഐജി സ്ഥാനത്തേക്ക് ഉദ്യോഗക്കയറ്റം നേടി സംസ്ഥാനം മുഴുവന്‍ അധികാരപരിധിയുള്ള ആസ്ഥാന കാര്യാലയം ഡി ഐ ജി ആകാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിനോദ് കുമാറിന്റെ കൈക്കൂലി ഇടപാട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പലതവണ പെട്ടിട്ടുള്ളതാണ്. കോളിളക്കം സൃഷ്ടിച്ച ടിപി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളില്‍ നിന്നുപോലും ഇദ്ദേഹം കൈക്കൂലി വാങ്ങിയിട്ടുണ്ട്.കൈക്കൂലി വാങ്ങുന്നതിനായി ഇദ്ദേഹം തന്റെ കീഴുദ്യോഗസ്ഥരില്‍ ചിലരെ ഉപയോഗിച്ചിരുന്നതായും തിരുവനന്തപുരം വള്ളക്കടവിലെ ചിലര്‍ ഇടനിലക്കാരായി ഉണ്ടായിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അഴിമതി നിരോധന നിയമം 7(എ), (ബി) വകുപ്പുകള്‍ പ്രകാരമാണ് വിനോദ് കുമാറിനെതിരെ നിലവില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം പൂജപ്പുര ആസ്ഥാനമായുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-1 ലാണ് കേസ്. എസ് പി അമ്മിണിക്കുട്ടന്റെ മേല്‍നോട്ടത്തില്‍ ഡിവൈ എസ്.പി സന്തോഷ് കുമാറാണ് കേസന്വേഷിക്കുക. കുറ്റാരോപിതന് ഉന്നത സ്വാധീനമുള്ളയാളും കേസിലെ സാക്ഷികളില്‍ കൂടുതലും ജയില്‍ തടവുപുള്ളി കളും ആയതിനാലും തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും അതിനാല്‍ വിനോദ് കുമാറിന് അടിയന്തരമായി വേലവിലക്ക് ഏര്‍പ്പെടുത്തണമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ 19ന് ഈ ശിപാര്‍ശ സര്‍ക്കാരിന് ലഭിച്ചെങ്കിലും ഭരണതല സംരക്ഷണത്തിന്റെ ഭാഗമായി ഈ റിപ്പോര്ട്ടിന്മേല് നടപടി ഉണ്ടായില്ല.
തിങ്കളാഴ്ച വിനോദ് കുമാറിന്റെ പൂജപ്പുരയിലെ ഓഫീസിലും തിരുവനന്തപുരത്തെ താമസസ്ഥലത്തും വിജിലന്‍സ് റെയിഡ് നടത്തിയിരുന്നു. വിജിലന്‍സ് പിടിമുറുക്കിയെന്നും സംഗതി കൈവിട്ടു പോവുകയാണെന്നും ഇനി താമസിച്ചാല്‍ കൈ പൊള്ളുമെന്നും മനസ്സിലായതോടെയാണ് സസ്പെന്ഷന് ഉത്തരവ് ഉണ്ടായത്. വിനോദ് കുമാര്‍ തടവുപുള്ളി കളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായി സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം മാസങ്ങള്‍ക്ക് മുന്‍പുതന്നെ ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ജൂലൈ മാസം ഇന്റലിജന്‍സ് മേധാവി മുഖേന സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ വിജിലന്‍സിനെ കൊണ്ട് കേസെടുത്തു അന്വേഷിക്കണമെന്നും ശിപാര്‍ശ ഉണ്ടായിരുന്നു.
വിനോദ് കുമാറിന്റെ ഫോണ്‍ കാളുകളും ഗൂഗിള്‍ പേ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും വിശദമായി പരിശോധിച്ച ശേഷമായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിനോദ് കുമാറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 45 ലക്ഷത്തോളം രൂപ എത്തിയിരുന്നതായി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.എന്നാല്‍ ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് റിപ്പോര്ട്ടിന്മേലു ള്ള നടപടി മരവിപ്പിക്കാന്‍ വിനോദ് കുമാറിന് കഴിഞ്ഞു. ഒട്ടേറെ പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് നടത്തിയ അന്വേഷണത്തില്‍ എല്ലാ തെളിവുകളും ശേഖരിച്ചിരുന്നു . ഇന്റലിജന്‍സ് റിപ്പോര്ട്ടിന്മേല് ഒരു നടപടിയും എടുക്കാതെ അടയിരുന്ന ആഭ്യന്തര വകുപ്പ് വീണ്ടും പരാതി ഉയര്‍ന്നപ്പോള്‍ ഈ റിപ്പോര്‍ട്ട് പരിശോധനയ്ക്കായി വിജിലന്‍സിനു നല്കി. തുടര്‍ന്ന് വിജിലന്‍സിന്റെ തിരുവനന്തപുരം ആസ്ഥാനമായുള്ള സ്പെഷ്യല്‍ സെല്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഡയറക്ടര്‍ക്കു നല്കി. ഈ റിപ്പേര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹം ഉത്തരവിടുകയായിരുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഇത് മോശമാണ് സിഎമ്മേ…’ ! കൊല്ലത്ത് മുഖ്യമന്ത്രിയെ ‘വെള്ളം കുടിപ്പിച്ചു’; 24-ല്‍ നിന്ന് റിപ്പോര്‍ട്ടറിലെത്തിയ എ.വി. ജയശങ്കര്‍ ഇപ്പോള്‍ മാധ്യമലോകത്തെ ‘പുതിയ ഹീറോ’
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് പോലീസ് മേധാവി; ആശംസകൾ നേർന്നു




