തിരുവനന്തപുരം: ഇത് വെറുമൊരു കൊലപാതക വാര്‍ത്തയല്ല, മകന്റെ നീതിക്കായി രണ്ട് പതിറ്റാണ്ട് പോരാടിയ ഒരു പിതാവിന്റെ വിജയഗാഥയാണ്. തിരുവനന്തപുരം സി.ഇ.ടിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ബംഗാള്‍ സ്വദേശി ശ്യാമള്‍ മണ്ഡലിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി, ആൻഡമാൻ നിക്കോബാർ സ്വദേശി ദീപക് എന്ന ദുര്‍ഗ ബഹദൂര്‍ ഭട്ട് ഛേത്രി (44) ഒടുവില്‍ സിബിഐയുടെ വലയിലാകുമ്പോള്‍ നിര്‍ണ്ണായകമായത് രഹസ്യ വിവരം. നാഗ്പൂരില്‍ ആള്‍മാറാട്ടം നടത്തി പുതിയ ജീവിതം നയിക്കുകയായിരുന്ന ഇയാളെ സിബിഐയുടെ പ്രത്യേക സംഘം അതീവ രഹസ്യമായാണ് പൊക്കിയത്.
കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനായ ദീപക്കിനെ കണ്ടെത്തുക എന്നത് സിബിഐക്ക് മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി ‘സൂരജ് ബി. ഭട്ട്’ എന്ന പേരില്‍ നാഗ്പൂരില്‍ ആള്‍മാറാട്ടം നടത്തി വിവാഹവും കഴിച്ച് ഒളിവിലിരിക്കുകയായിരുന്നു ഇയാള്‍. താന്‍ സുരക്ഷിതനാണെന്ന് ഇയാള്‍ കരുതിയിടത്താണ് സിബിഐയുടെ നാഗ്പൂര്‍ ഓപ്പറേഷന് വിജയിച്ചത്. കഠിനമായ പരിശ്രമത്തിനൊടുവില്‍ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2026 മാര്‍ച്ച് 27-ന് സിബിഐ സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ദീപക് നേരെ നാഗ്പൂരിലേക്കാണ് കടന്നത്. അവിടെ ‘സൂരജ് ബി ഭട്ട്’ എന്ന പുതിയ പേര് സ്വീകരിച്ച ഇയാള്‍ തന്റെ പഴയകാലം പൂര്‍ണ്ണമായും മറച്ചുവെച്ചു. നാഗ്പൂരില്‍ വെച്ച് വിവാഹിതനായ ഇയാള്‍ക്ക് കുട്ടികളുമുണ്ടായിരുന്നു. എന്നാല്‍ തന്റെ യഥാര്‍ത്ഥ പേരോ, ആൻഡമാൻ നിക്കോബാർ സ്വദേശിയാണെന്ന വിവരമോ, തിരുവനന്തപുരത്ത് നടന്ന കൊലപാതകത്തെക്കുറിച്ചോ ഇയാള്‍ സ്വന്തം ഭാര്യയോട് പോലും വെളിപ്പെടുത്തിയിരുന്നില്ല. ഒരു സാധാരണക്കാരനായി നാഗ്പൂരില്‍ ജീവിക്കുമ്പോഴും ഏതു നിമിഷവും പിടിക്കപ്പെടുമെന്ന ഭയം ഇയാളെ പിന്തുടര്ന്നിരുന്നു.
കുപ്രസിദ്ധ ഗുണ്ട സുബിൻ അലക്സാണ്ടർ വീണ്ടും കാപ്പ തടങ്കലിൽ; പൂജപ്പുര ജയിലിലേക്ക് മാറ്റി
വര്‍ഷങ്ങളോളം നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ലഭിച്ച രഹസ്യവിവരങ്ങളാണ് സിബിഐയെ നാഗ്പൂരിലേക്ക് എത്തിച്ചത്. കൃത്യമായ പ്ലാനിംഗിലൂടെ 2026 മാര്‍ച്ച് 27-ന് സിബിഐ സംഘം ഇയാളെ വളയുകയായിരുന്നു. താന്‍ സൂരജ് ഭട്ട് ആണെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സിബിഐയുടെ പക്കലുണ്ടായിരുന്ന ശാസ്ത്രീയ തെളിവുകള്‍ക്ക് മുന്നില്‍ ഇയാള്‍ക്ക് കീഴടങ്ങേണ്ടി വന്നു. 2008-ല്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കേസ് ഏറ്റെടുത്ത സിബിഐ, 2022-ല്‍ രണ്ടാം പ്രതി മുഹമ്മദ് അലിയെ ശിക്ഷിച്ചിരുന്നുവെങ്കിലും ദീപക്കിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കൊല നടക്കുമ്പോള്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായിരുന്ന ഇന്നത്തെ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിത്തെളിച്ച അന്വേഷണ പാതയിലൂടെയാണ് സിബിഐ ഈ വിജയതീരത്തെത്തിയത്. ഒരു തുമ്പും അവശേഷിപ്പിക്കാതിരുന്ന കേസില്‍, ഫോണ്‍ രേഖകളും ശ്യാമളിന്റെ കുടുംബ പശ്ചാത്തലവും അരിച്ചുപെറുക്കി കേരളാ പോലീസ് തയ്യാറാക്കിയ കണ്ടെത്തലുകള്‍ നൂറു ശതമാനം ശരിയാണെന്ന് സിബിഐക്ക് പിന്നീട് സമ്മതിക്കേണ്ടി വന്നു. കേരളാ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാട്ടി ശ്യാമളിന്റെ പിതാവ് ബസുദേവ് മണ്ഡല് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് 2008-ല്‍ കേസ് സിബിഐ ഏറ്റെടുത്തത്. എന്നാല്‍, കേരളാ പോലീസ് പടുത്തുയര്‍ത്തിയ തെളിവുകളുടെ അടിത്തറയില്‍ നിന്നാണ് സിബിഐ ഈ കൊടുംക്രിമിനലിനെ കുടുക്കിയത്.
2005 ഒക്ടോബറിലായിരുന്നു കേരളത്തെ നടുക്കിയ ആ കൊലപാതകം. ആന്തമാനില്‍ അധ്യാപകനായിരുന്ന ബസുദേവ് മണ്ഡലിനോടുള്ള പകയാണ് മകന് ശ്യാമളിന്റെ ജീവനെടുക്കാന്‍ രണ്ടാം പ്രതി മുഹമ്മദ് അലിയെ പ്രേരിപ്പിച്ചത്. 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ശ്യാമളിനെ തട്ടിക്കൊണ്ടുപോയെങ്കിലും, പോലീസ് വിവരം അറിഞ്ഞതോടെ പ്രതികള്‍ വിദ്യാര്‍ത്ഥിയെ കൊന്ന് ചാക്കില്‍ കെട്ടി തിരുവല്ലം വെള്ളാര്‍ ഭാഗത്തെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ രണ്ടാം പ്രതിയായ മുഹമ്മദ് അലിയെ കോടതി നേരത്തെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചിരുന്നു.
മകനെ കൊന്നവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ബംഗാളില്‍ നിന്നുള്ള ബസുദേവ് മണ്ഡലിന്റെ പോരാട്ടം വെറുതെയായില്ല. പിടിയിലായ ദീപക്കിനെ എറണാകുളത്തെ സിബിഐ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും. നീതി വൈകിയെങ്കിലും അത് നിഷേധിക്കപ്പെട്ടില്ല എന്ന വലിയ സന്ദേശമാണ് ഈ അറസ്റ്റിലൂടെ പുറത്തുവരുന്നത്.


ബെംഗളൂരുവിൽ ഐടി ദമ്പതികളുടെ മരണം :ഭർത്താവ് തൂങ്ങി മരിച്ചനിലയിൽ ,പിന്നാലെ 17-ാം നിലയിൽ നിന്ന് ചാടി ഭാര്യയും ജീവനൊടുക്കി





