തൃശൂര്‍/ബെംഗളൂരു: തെരുവുനായ്ക്കളെ ജീവനുതുല്യം സ്നേഹിച്ച ഒരു വീട്ടമ്മയ്ക്ക് അതേ നായ്ക്കളുടെ സംരക്ഷണ കേന്ദ്രത്തില്‍ വെച്ച് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. വാടാനപ്പള്ളി തളിക്കുളം സ്വദേശി സുനിത (47) ബെംഗളൂരുവില്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങളാണ്. പ്രതി ദീപക് കൃഷ്ണന് വെറുമൊരു മര്ദനവീരനല്ലെന്നും കൊലപാതകവും ലഹരിക്കടത്തും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സ്ഥിരം കുറ്റവാളിയാണെന്നും വ്യക്തമായിട്ടുണ്ട്. സുനിതയെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി തല ഭിത്തിയിലിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ദീപക്കിനായി കര്‍ണാടക പൊലീസും കേരള പൊലീസും വലവീശിക്കഴിഞ്ഞു.
സ്വന്തം വീട്ടിലെ 160 തെരുവുനായ്ക്കളെ ഊട്ടാന്‍ വഴിയില്ലാതായപ്പോഴാണ് സുനിത ബെംഗളൂരുവിലെ ഈ ജോലി തിരഞ്ഞെടുത്തത്. സ്കൂളുകള്‍ അവധിയായതോടെ നായ്ക്കള്‍ക്ക് ഭക്ഷണം നല്കാന് ബുദ്ധിമുട്ടിയ സുനിത, ദീപക് വാഗ്ദാനം ചെയ്ത 40,000 രൂപയുടെ ശമ്പളം കണ്ടാണ് ബെംഗളൂരുവിലേക്ക് പോയത്. എന്നാല്‍, നായ്ക്കളെ സ്നേഹിക്കുന്ന മുഖംമൂടിയണിഞ്ഞ ദീപക് കൃഷ്ണന്റെ തനിനിറം അവിടെ എത്തിയപ്പോഴാണ് സുനിത തിരിച്ചറിഞ്ഞത്.
ജോലി സ്ഥലത്തെ മോശം സാഹചര്യം കണ്ട് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതാണ് സുനിതയെ മരണത്തിലേക്ക് നയിച്ചത്. മെയ് മൂന്നിന് വൈകിട്ട് നാട്ടിലേക്ക് പോകുമെന്ന് അറിയിച്ച സുനിതയെ ദീപക് മൃഗീയമായി ഉപദ്രവിച്ചു. നെഞ്ചില്‍ ആഞ്ഞുചവിട്ടി താഴെയിട്ട ശേഷം നിലത്തിട്ട് തലയില്‍ പലതവണ ചവിട്ടി അമര്‍ത്തി. മുടിയില്‍ കുത്തിപ്പിടിച്ച് തല ഭിത്തിയില്‍ നിരന്തരം ഇടിപ്പിച്ചു. അബോധാവസ്ഥയിലായ സുനിതയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം വീട്ടില്‍ പൂട്ടിയിട്ട് ദീപക് കടന്നുകളയുകയായിരുന്നു.
സുനിതയ്ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ രണ്ട് പൊലീസുകാരെ പോലും ദീപക് ഭയന്നില്ല. പൂട്ടുതുറന്ന് അകത്തു കയറിയ പൊലീസുകാരെ പുറത്തുനിന്ന് മറ്റൊരു പൂട്ടിട്ട് പൂട്ടിയ ദീപക് കൃഷ്ണന്റെ ധിക്കാരം പോലീസിനെയും ഞെട്ടിച്ചു. പിന്നീട് കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് സുനിതയെയും മറ്റുള്ളവരെയും രക്ഷപ്പെടുത്തിയത്. ഇത്രയും സന്നാഹങ്ങള്‍ എത്തിയിട്ടും സുനിതയെ താന്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും ‘അവള് ചത്തുകഴിഞ്ഞാല്‍ ബാക്കി നോക്കാം’ എന്നും ഭര്‍ത്താവിന് ഭീഷണി സന്ദേശമയക്കാന്‍ ദീപക് തുനിഞ്ഞു.
ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദീപക് കൃഷ്ണന് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ലഹരിക്കടത്ത്, തട്ടിപ്പ് കേസുകള്‍ എന്നിവയ്ക്ക് പുറമെ മുന്‍പ് നടന്ന ഒരു കൊലപാതകക്കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക വിവരം. മൃഗസ്നേഹിയെന്ന വ്യാജേന ഇയാള്‍ നടത്തിവന്ന കേന്ദ്രം പലപ്പോഴും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ മറയായിരുന്നുവെന്ന് സംശയിക്കുന്നു. ഇത്രയും വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളുടെ അടുത്തേക്കാണ് വിശ്വസിച്ച് സുനിത എത്തിയത് എന്നത് ദാരുണമായി.
ഗുരുതരാവസ്ഥയിലായ സുനിതയെ വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സിലാണ് തൃശൂരിലെത്തിച്ചത്. എന്നാല്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതവും തലയിലെ ഗുരുതരമായ പരിക്കും സുനിതയുടെ ജീവനെടുത്തു. പ്രിയപ്പെട്ട നായ്ക്കള്‍ക്ക് അന്നം നല്കാന് പോയ സുനിത ഒടുവില്‍ ക്രൂരനായ ഒരു കൊലയാളിയുടെ ഇരയായി മാറിയത് തളിക്കുളത്തെ നാട്ടുകാര്‍ക്ക് ഇന്നും വിശ്വസിക്കാനായിട്ടില്ല.
സുനിതയെ മര്‍ദിച്ചുവെന്ന് ദീപക് തന്നെ സമ്മതിക്കുന്ന വോയിസ് ക്ലിപ്പുകളും ഭീഷണി സന്ദേശങ്ങളും സുനിതയുടെ ഭര്‍ത്താവ് ഷിന്റോ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത് പ്രതിക്കെതിരെയുള്ള ശക്തമായ തെളിവായി മാറും. സുനിതയുടെ മരണമറിഞ്ഞ് ഒളിവില്‍ പോയ ദീപക്കിനെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.
സുനിതയ്ക്കൊപ്പം പീഡനത്തിന് ദൃക്സാക്ഷികളായ മറ്റു രണ്ട് യുവതികളും വലിയ ഭയത്തിലാണ്. ദീപക്കിന്റെ കണ്മുന്നില് നടന്ന ആ ക്രൂരകൃത്യം അവരുടെ മനസ്സില്‍ നിന്ന് വിട്ടുപോയിട്ടില്ല. ഇവര്‍ക്ക് കൃത്യമായ സുരക്ഷ നല്കാന് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെയും കര്‍ണാടകയിലെയും ക്രിമിനല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ ദീപക് കൃഷ്ണന് എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
തൃശൂർ കോടാലിയിൽഎട്ടുവയസ്സുകാരന്റെ മരണം ; ശംഖുവരയന്റെ കടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തൃശൂർ കോടാലിയിൽഎട്ടുവയസ്സുകാരന്റെ മരണം ; ശംഖുവരയന്റെ കടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്







