തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒന്നര വയസ്സുകാരന് ഇഹാനെ പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഷിജിന്റെ ക്രൂരതകളെക്കുറിച്ചുള്ള നടുക്കുന്ന വിവരങ്ങള്‍ പുറത്ത്. പിഞ്ചുകുഞ്ഞിനോട് പ്രതിക്ക് കടുത്ത പകയുണ്ടായിരുന്നുവെന്നും ലൈംഗിക വൈകൃതങ്ങള്‍ക്കും സ്വഭാവദൂഷ്യത്തിനും ഉടമയായ ഇയാള്‍ ഒരു കൊടും ക്രിമിനലാണെന്നും പോലീസ് വ്യക്തമാക്കുന്നു.
കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനവും വ്യക്തമായി. കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലി ഷിജിന് കടുത്ത സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഭാര്യ കൃഷ്ണപ്രിയയുമായി ഇയാള്‍ നിരന്തരം വഴക്കിട്ടിരുന്നു. സംഭവദിവസം രാത്രി ദമ്പതികള്‍ക്കിടയില്‍ കുട്ടി ഉണര്‍ന്ന് കരഞ്ഞതാണ് ഷിജിനെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ ഇയാള്‍ കുട്ടിയുടെ അടിവയറ്റില്‍ കൈമുട്ട് കൊണ്ട് ശക്തമായി ഇടിക്കുകയായിരുന്നു. വയറ്റിലേറ്റ ആഘാതത്തില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.
കഴിഞ്ഞ 16-നാണ് കവളാകുളത്തെ വാടകവീട്ടില്‍ വെച്ച് കുഞ്ഞ് മരിക്കുന്നത്. ബിസ്കറ്റും മുന്തിരിയും കഴിച്ചപ്പോള്‍ കുട്ടി കുഴഞ്ഞുവീണെന്നായിരുന്നു ഷിജിനും ഭാര്യയും ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. വായില്‍ നുരയും പതയും വന്ന നിലയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനമേറ്റ വിവരം പുറത്തുവന്നതോടെ പോലീസ് നടത്തിയ ശാസ്ത്രീയ ചോദ്യം ചെയ്യലില്‍ ഷിജിന് കുറ്റം സമ്മതിച്ചു.
പ്രതിയുടെ സ്വഭാവദൂഷ്യവും പീഡനവിവരങ്ങളും ഞെട്ടിക്കുന്നത്. ഷിജിന് നിരവധി സെക്സ് ചാറ്റ് ഗ്രൂപ്പുകളില്‍ സജീവമാണെന്നും ഒട്ടേറെ സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയോട് തരിമ്പും സ്നേഹം കാണിക്കാതിരുന്ന ഷിജിന്, ഉറങ്ങുമ്പോള്‍ കുട്ടിയുടെ മുഖം പുതപ്പുകൊണ്ട് മൂടി ശ്വാസം മുട്ടിക്കുന്നത് പതിവായിരുന്നുവെന്ന് കൃഷ്ണപ്രിയ പോലീസിന് മൊഴി നല്കി. മാസങ്ങള്‍ക്ക് മുമ്പ് കുട്ടിയുടെ കൈ ഒടിഞ്ഞ സംഭവത്തിലും ഷിജിന് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
അമ്മയ്ക്കെതിരെ ആരോപണവുമായി മാതാപിതാക്കള്‍ അതേസമയം, ഷിജിന്റെ മാതാപിതാക്കളായ വിജയും ഷീലയും മരുമകള്‍ കൃഷ്ണപ്രിയയ്ക്കെതിരെ രംഗത്തെത്തി. കുട്ടിയെ മുഴുവന്‍ സമയവും നോക്കിയിരുന്നത് അമ്മയാണെന്നും മകന് ഇത്തരമൊരു കൃത്യം ചെയ്യില്ലെന്നുമാണ് ഇവരുടെ വാദം. കൃഷ്ണപ്രിയയെ ചോദ്യം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രതിയായ ഷിജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
കൊല്ലത്ത് വീണ്ടും ഗുണ്ടാപ്പക; സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി
കൊല്ലത്ത് വീണ്ടും ഗുണ്ടാപ്പക; സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി






