കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അഴിക്കുള്ളിലാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന് കോടതിയില്‍ കനത്ത തിരിച്ചടി നേരിടുമ്പോള്‍ അത് ഉയര്‍ത്തുന്നത് ‘ദൈവ തുല്യ ചര്‍ച്ചകള്‍’. തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണിക പോലും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ തന്ത്രി ഒരര്‍ത്ഥത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ തന്ത്രിയല്ല ‘ദൈവ തുല്യന്‍’ എന്നും വിലയിരുത്തല്‍ എത്തുകയാണ്.
കൊല്ലം വിജിലന്‍സ് കോടതിയുടെ നിരീക്ഷണം പുറത്തുവന്നതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കിയതോടെ, അദ്ദേഹത്തെ ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും നീക്കങ്ങള്‍ക്കാണ് തിരിച്ചടിയേറ്റത്. ഈ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേണഷം നടക്കുന്നുണ്ട്. ഇഡി പ്രാഥമികമായി തന്ത്രിയ്ക്കെതിരെ അന്വേഷണം നടത്തിയിരുന്നില്ല. ഇനി തന്ത്രിയ്ക്കെതിരെ അന്വേഷണം നടത്തേണ്ട സാഹചര്യവും വരില്ല. അത്തരത്തിലാണ് കോടതി നിരീക്ഷണം എന്നും വിലയിരുത്തലുണ്ട്.
ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കേണ്ടി വരും: ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികളും സ്വര്‍ണ്ണത്തിന്റെ സൂക്ഷിപ്പും ദേവസ്വം ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്ന് കോടതി അടിവരയിട്ടു പറഞ്ഞു. ഇതോടെ, സ്വര്‍ണ്ണക്കൊള്ളയില്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന ചോദ്യം ശക്തമാകും. തന്ത്രിയെ പഴിചാരി രക്ഷപ്പെടാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം ഇനി നടക്കില്ല. തന്ത്രിയുടെ പദവി പുനഃസ്ഥാപിക്കല്‍: തന്ത്രി കുറ്റവിമുക്തനാകുന്നതോടെ അദ്ദേഹത്തിന് പഴയ പ്രതാപത്തോടെ ശബരിമലയില്‍ ചടങ്ങുകള്‍ നടത്താന്‍ വഴിതെളിയും. അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ ബോര്‍ഡ് ആലോചിച്ചിരുന്നെങ്കില്‍ ആ നീക്കം നിയമപരമായി നിലനില്‍ക്കില്ല. ഈ കേസില്‍ തന്ത്രിയെ പ്രതിയാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കും. ശബരിമല പോലുള്ള വൈകാരികമായ ഒരു വിഷയത്തില്‍ തന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചു എന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ ചര്‍ച്ചാവിഷയമാകും.
അറസ്റ്റിലായി 41 ദിവസത്തിന് ശേഷമാണ് തന്ത്രിക്ക് ജാമ്യം ലഭിക്കുന്നത്. തന്ത്രിയെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ കരുനീക്കം നടത്തിയവര്‍ക്ക് കോടതിയുടെ ഈ നിരീക്ഷണം വലിയ പ്രഹരമായി. സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന എസ്.ഐ.ടിയുടെ വാദം കോടതി പാടെ തള്ളിക്കളഞ്ഞു. കേസില്‍ അന്വേഷണ സംഘം ഉന്നയിച്ച പ്രധാന പോയിന്റുകള്‍ കോടതി അംഗീകരിച്ചില്ല.
ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരാണ്. പൂജകള്‍ ഉള്‍പ്പെടെയുള്ള താന്ത്രിക കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് ചുമതലയുള്ളതെന്ന് കോടതി വ്യക്തമാക്കി. 2019-ലെ മഹസറുകളില്‍ തന്ത്രി ഒപ്പിട്ടിട്ടില്ല എന്നത് ഗൂഢാലോചനയ്ക്ക് തെളിവല്ല. മറിച്ച്, ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് കഴിയില്ലെന്ന വാദത്തിന് ഇത് ബലം നല്കുന്നു. ബോര്‍ഡ് ആവശ്യപ്പെടുമ്പോള്‍ അനുജ്ഞ നല്‍കുക എന്നത് മാത്രമാണ് തന്ത്രിയുടെ ധര്‍മ്മം. ഇതിന്റെ പേരില്‍ സ്വര്‍ണ്ണക്കൊള്ളയുടെ ഉത്തരവാദിത്തം തന്ത്രിയുടെ തലയില്‍ കെട്ടിവെക്കാനാവില്ല.
ശബരിമലയിലെ തിരുവാഭരണം സൂക്ഷിക്കുന്നതിലോ അറ്റകുറ്റപ്പണികളിലോ തന്ത്രിക്ക് ഒരു പങ്കുമില്ലെന്ന് കോടതി ഉത്തരവില്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. ഇതിനായി ദേവസ്വം ബോര്‍ഡിന് വലിയൊരു ഉദ്യോഗസ്ഥ നിര തന്നെയുണ്ട്. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന എസ്.ഐ.ടിയുടെ ആരോപണവും കോടതിവിലക്കെടുത്തില്ല. കട്ടിളപ്പാളി കേസില്‍ 13-ാം പ്രതിയും ദ്വാരപാലകപാളി കേസില്‍ 16-ാം പ്രതിയുമാക്കി ജനുവരി 9-നാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രിയെ ശബരിമലയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തില്‍ നടന്ന നീക്കങ്ങള്‍ ഇതോടെ ചര്‍ച്ചയാവുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഐ.എം. വിജയനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി! സുരേഷ് ഗോപി നേരിട്ട് ബന്ധപ്പെട്ടു , മത്സരിക്കാനില്ലെന്ന നിലപാടിൽ ഐ.എം വിജയൻ ;രാജ്യസഭാ സീറ്റ് തന്നാൽ സ്വീകരിസ്വീകരിക്കും





