രേഖകളില്ലാത്ത സ്വർണ്ണപ്പൂശൽ: ശബരിമല കേസിൽ സർക്കാരിനെ ചോദ്യം ചെയ്ത് ഹൈക്കോടതി

കൊച്ചി: ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍. വാസുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കവെ, 1998-ല്‍ വിജയ് മല്യ നടത്തിയ സ്വര്‍ണ്ണപൂശലുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ വീണ്ടും സജീവ ചര്‍ച്ചയാവുന്നു.

ശ്രീകോവില്‍ കട്ടിളപ്പാളിയില്‍ സ്വര്‍ണം പൂശിയതിന് രേഖകളില്ലെന്ന വാസുവിന്റെ വാദമാണ് ഈ പഴയ സംഭവത്തിന് വീണ്ടും പ്രസക്തി നല്‍കിയിരിക്കുന്നത്. ഇതേസമയം, സ്വര്‍ണം പൂശിയത് സ്ഥിരീകരിക്കാന്‍ കഴിയുന്ന രേഖകള്‍ ഹാജരാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനോ (എസ്‌ഐടി) കഴിഞ്ഞില്ലെന്ന് കോടതിക്ക് മുന്നില്‍ വന്നതോടെ, നിലവിലെ സ്വര്‍ണ്ണക്കൊള്ളക്കേസിന്റെ നിലനില്‍പ്പിനെ ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുകയാണ്.

സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മൂന്നാം പ്രതിയായ എന്‍. വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. 1998-ല്‍ കട്ടിളപ്പാളി സ്വര്‍ണം പൊതിഞ്ഞതായിരുന്നു എന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇല്ലെന്നാണ് വാസു പ്രധാനമായി വാദിക്കുന്നത്.

ഈ വാദത്തെ സാധൂകരിക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡും എസ്‌ഐടിയും രേഖകള്‍ ഹാജരാക്കാതിരുന്നതിലൂടെ കോടതിയില്‍ സ്വീകരിച്ചത്. സ്വര്‍ണം പൂശിയതിന് തെളിവില്ലെങ്കില്‍ പിന്നെ എങ്ങനെ കേസ് മുന്നോട്ട് പോകുമെന്ന ഹൈക്കോടതിയുടെ ചോദ്യം കേസിന്റെ ഭാവിയില്‍ നിര്‍ണായകമാവുകയാണ്.

സ്വര്‍ണം വേര്‍തിരിച്ചെടുത്തു എന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സിലെ പങ്കജ് ഭണ്ഡാരിയുടെ മൊഴി മാത്രമാണ് നിലവില്‍ ഈ കേസില്‍ സര്‍ക്കാരിന്റെ കൈവശമുള്ള പ്രധാന തെളിവ്. ഈ മൊഴിയല്ലാതെ മറ്റെന്തെങ്കിലും രേഖയുണ്ടോ എന്നും, ഇല്ലെങ്കില്‍ പിന്നെ കേസ് എങ്ങനെ നിലനില്‍ക്കുമെന്നുമാണ് കോടതി സര്‍ക്കാരിനോട് ആരാഞ്ഞത്.

സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പാക്കി മാറ്റി, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശാനായി കൊടുത്തുവിട്ടു എന്ന കുറ്റമാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ആയിരുന്ന എന്‍. വാസുവിന് മേല്‍ ചുമത്തിയിരിക്കുന്നത്. തെളിവുകളുടെ അഭാവത്തില്‍ കട്ടിളപ്പാളി നേരത്തെ സ്വര്‍ണം പൊതിഞ്ഞതാണെന്ന് ദേവസ്വം രേഖകളില്‍ ഒരിടത്തും പറയുന്നില്ല എന്ന വാദത്തില്‍ വാസു ഉറച്ചു നില്‍ക്കുന്നു.

നിലവില്‍ എഫ്ഐആറില്‍ കട്ടിളപ്പാളി മാത്രമാണ് കോടതി പരിഗണിക്കുന്നതെങ്കിലും, ശിവരൂപം, ആര്‍ച്ച, വ്യാളി, രാശി പ്ലേറ്റ്, ദശാവതാരം എന്നിവയും ഇതില്‍ ഉള്‍പ്പെട്ടതാണെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയിലോ വിജിലന്‍സ് കോടതിയിലോ നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കുകയും, നിലവില്‍ കട്ടിളപ്പാളി തന്നെയാണ് പ്രധാന വിഷയമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

വാസു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ 2019-ലാണ് ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നത്. എന്നാല്‍, ശബരിമല ശ്രീകോവില്‍ 1998-ല്‍ സ്വര്‍ണ്ണം പൂശിയത് സാമ്പത്തിക കുറ്റവാളിയായ വിജയ് മല്യയായിരുന്നു. മല്യയുമായി ബന്ധപ്പെട്ട ഈ നടപടിയില്‍ അന്ന് ക്ഷേത്രത്തിന് മുകളിലുണ്ടായിരുന്ന നാഗ തകിട് എവിടെ പോയി എന്ന് ആര്‍ക്കും അറിയില്ല.

മാത്രമല്ല, മല്യയുടെ സ്വര്‍ണ്ണപൂശലുമായി ബന്ധപ്പെട്ട്, നാഗ തകിടില്‍ മൂലക വ്യതിയാനമുണ്ടായി അത് വിലപിടിപ്പുള്ള ആണവോര്‍ജ്ജ മൂലകമായി മാറിയെന്നും ഇത് കൈയ്യടക്കാനാണ് മല്യ ശ്രമിച്ചതെന്നും ഒരു വാദം നേരത്തെ ഉയര്‍ന്നിരുന്നു. ഇതോടെ, ഇപ്പോഴത്തെ സ്വര്‍ണ്ണക്കൊള്ളക്കേസില്‍ രേഖകളില്ലെന്ന വാസുവിന്റെ വെളിപ്പെടുത്തല്‍ മല്യയുടെ സ്വര്‍ണ്ണപൂശലിന്റെ ആധികാരികതയിലും സംശയം ജനിപ്പിക്കുകയാണ്.

കട്ടിളപ്പാളിയിലെ സ്വര്‍ണ്ണപ്പാളികള്‍ ചെമ്പാണെന്ന് എഴുതാന്‍ കമ്മിഷണറായിരുന്ന വാസു 2019 മാര്‍ച്ച് 19-ന് നിര്‍ദേശം നല്‍കിയെന്ന് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കേസില്‍ പ്രതി ചേര്‍ത്തത്. നവംബര്‍ 11-നാണ് വാസു അറസ്റ്റിലായത്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വാസു ഉള്‍പ്പെടെയുള്ള പ്രതികള്‍ സഹായം നല്‍കിയതായി പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

താന്‍ നിരപരാധിയാണെന്നും മനഃപൂര്‍വം പ്രവര്‍ത്തിച്ചിട്ടില്ലെന്നും, കീഴുദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ ശരിയായ മാര്‍ഗങ്ങളിലൂടെ ബോര്‍ഡിന് പരിഗണനക്കായി അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വാസുവിന്റെ പ്രതിവാദം. കൂടുതല്‍ വിശദാംശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കാനായി ഹൈക്കോടതി ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.