ശബരിമലയില്‍ ‘ദൈവതുല്യന്‍’ തന്ത്രിയല്ല; അത് രാഷ്ട്രീയക്കാരന്‍? കണ്ഠരര് രാജീവരെ കുറ്റവിമുക്തനാക്കി പോലീസ്; പത്മകുമാറിന്റെ തന്ത്രി കാര്‍ഡ് പൊളിഞ്ഞു; ഇഡിക്ക് ഇനി പണി എളുപ്പം; കൊള്ളയടിച്ചത് രാഷ്ട്രീയ വമ്പന്മാര്‍; തന്ത്രിക്ക് ക്ലീന്‍ ചിറ്റ്

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. കേന്ദ്ര ഏജന്‍സിയായ ഇഡി അന്വേഷണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ്, ശബരിമല തന്ത്രിയെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കി സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് നിര്‍ണ്ണായകം. ഇതോടെ, തന്ത്രിയെ കരുവാക്കി രക്ഷപ്പെടാന്‍ നോക്കിയ രാഷ്ട്രീയ വമ്പന്മാരുടെ എല്ലാ പ്ലാനുകളും പൊളിഞ്ഞു. ശബരിമലയില്‍ അശുദ്ധി വരുത്തിയത് തന്ത്രിയല്ലെന്നും അധികാരം കയ്യിലിരുന്ന രാഷ്ട്രീയക്കാരാണെന്നും വ്യക്തമായതോടെ ‘ദൈവതുല്യന്‍ രാഷ്ട്രീയക്കാരനാണോ’ എന്ന ചര്‍ച്ച കേരളത്തില്‍ സജീവമാകും.

ശ്രീകോവിലിന്റെ അറ്റകുറ്റപ്പണി നടത്താന്‍ തന്ത്രി ആവശ്യപ്പെട്ടെന്നായിരുന്നു മുന്‍ ദേവസ്വം പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ വാദം. എന്നാല്‍ അത്തരമൊരു ആവശ്യം തന്ത്രി ഉന്നയിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. മിനുട്‌സില്‍ ‘പിച്ചള പാളി’ എന്നത് വെട്ടി ‘ചെമ്പ് പാളി’ എന്നാക്കി തിരുത്തിയത് സ്വര്‍ണ്ണവേട്ടയ്ക്കുള്ള പഴുതുകള്‍ ഉണ്ടാക്കാനായിരുന്നു. തന്ത്രി മഹസറില്‍ ഒപ്പിട്ടിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇതോടെ തന്ത്രിയുടെ പേരില്‍ പുകമറ സൃഷ്ടിച്ച് കോടികള്‍ തട്ടിയ പത്മകുമാറിനും സംഘത്തിനും ഹൈക്കോടതിയില്‍ നിന്ന് കനത്ത പ്രഹരമാണ് ലഭിച്ചിരിക്കുന്നത്. തന്ത്രിയല്ല ദൈവ തുല്യന്‍ എന്ന് പോലീസ് തന്നെ പറയുകയാണ്.

2004-ല്‍ ബംഗളൂരു പൂജാരിയായിരുന്ന ഉണ്ണിക്കൃഷ്ണന്‍ പോറ്റി ശബരിമലയിലെത്തുന്നത് തന്ത്രി കണ്ഠരര് രാജീവരുമായുള്ള ബന്ധം വഴിയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തന്ത്രി കൊണ്ടുവന്നയാള്‍ എന്ന നിലയില്‍ ഇയാള്‍ക്ക് ദേവസ്വം ബോര്‍ഡിന്റെ അനുമതി ആവശ്യമില്ലായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് കോണ്‍ഗ്രസ് നേതാക്കളായ ജി. രാമന്‍നായര്‍, എം.പി. ഗോവിന്ദന്‍നായര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ഭരണകാലത്താണ് പോറ്റി ശബരിമലയിലെ സമാന്തര ഭരണാധികാരിയായി വളര്‍ന്നത് എന്നായിരുന്നു സിപിഎം ആരോപണം.

ആറന്മുളയില്‍ വെച്ച് കവറിലിട്ട് രഹസ്യമായി നല്‍കിയ ഉത്തരവിലൂടെയാണ് ഇയാള്‍ക്ക് കീഴ്ശാന്തി നിയമനം ലഭിച്ചതെന്നും മുന്‍ മന്ത്രി വി.എസ്. ശിവകുമാറിന്റെ സഹോദരന്റെ ശുപാര്‍ശയും പോറ്റിക്ക് തുണയായി എന്നും പ്രചരണം വന്നു. തമിഴ്, കന്നഡ ഭാഷകള്‍ അറിയാവുന്ന പോറ്റി ഇതര സംസ്ഥാന കോടീശ്വരന്മാരുടെ പ്രിയപ്പെട്ടവനായി മാറിയെന്നായിരുന്നു സിപിഎം പ്രചരണം. ഇത്തരം പ്രചരണത്തിലൂടെ തന്ത്രിയെ പ്രതിസ്ഥാനത്ത് കൊ്ണ്ടു വരാനായിരുന്നു ശ്രമം. എന്നാല്‍ അതൊന്നും ഇനി നടക്കില്ല. ഇഡിക്കും തന്ത്രയിലേക്ക് അന്വേഷണം കൊണ്ടു പോകേണ്ട സാഹചര്യം കോടതിയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടോടെ ഇല്ലാതായി.

കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ തെളിവുകള്‍ നശിപ്പിക്കാന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും ചേര്‍ന്ന് ബംഗളൂരുവില്‍ രഹസ്യയോഗം ചേര്‍ന്നത് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഫോണ്‍ രേഖകള്‍ കോടതിയില്‍ ഹാജരാക്കി. വാതില്‍പ്പാളിയില്‍ നിന്നും ദ്വാരപാലക ശില്പങ്ങളില്‍ നിന്നുമായി ഏകദേശം ഒരു കിലോയോളം സ്വര്‍ണ്ണമാണ് ഇവര്‍ കവര്‍ന്നത്. ഇതില്‍ 474.957 ഗ്രാം സ്വര്‍ണ്ണം കൈക്കലാക്കിയത് അതീവ രഹസ്യമായാണ്.

തന്ത്രി കുടുംബത്തെ പോലീസ് തന്നെ കുറ്റവിമുക്തനാക്കിയതോടെ ഇഡിക്ക് ഇനി അന്വേഷണം തന്ത്രിയിലേക്ക് കൊണ്ടുപോകേണ്ടതില്ല. അന്വേഷണം പൂര്‍ണ്ണമായും രാഷ്ട്രീയ വമ്പന്മാരുടെ കള്ളപ്പണ ഇടപാടുകളിലേക്ക് കേന്ദ്രീകരിക്കാം. പത്മകുമാറിന് പുറമെ സിപിഐ നേതാവ് ശങ്കരദാസും പ്രതിപ്പട്ടികയിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ശബരിമലയിലെ ഈ സ്വര്‍ണ്ണക്കൊള്ളയും രാഷ്ട്രീയക്കാരുടെ ഒത്തുകളിയും ബിജെപിയും യുഡിഎഫും ആയുധമാക്കും.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.