തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സുരക്ഷാവീഴ്ചയിൽ പോലീസിനെതിരെ നടപടി ഉണ്ടാകും. മ്യൂസിയം പോലീസിന്റെ അധികാരപരിധിയിലുള്ള സ്ഥലത്താണ് മന്ത്രിയുടെ ഔദ്യോഗിക വസതി.
ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ല. യൂത്ത് കോൺഗ്രസിന്റെ സമരക്കാർ എത്തിയപ്പോൾ മൂന്നു പോലീസുകാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്.
വഴുതക്കാട് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിന് തൊട്ടടുത്തുള്ള തൈക്കാട് ഹൗസാണ് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതി. ഇതിന് സമീപമാണ് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസ്.
മന്ത്രിമന്ദിരത്തിന് സമീപത്തായി മുപ്പതിലേറെ യൂത്ത് കോൺഗ്രസുകാർ സംഘടിച്ചിട്ടും പോലീസ് അറിഞ്ഞില്ല എന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. പോലീസ് കമ്മിഷണർ ഓഫീസും മന്ത്രിമന്ദിരങ്ങളുമുള്ള സ്ഥലമായ ഇവിടെ പോലീസ് പട്രോളിംഗ് വാഹനങ്ങളുടെ നിരന്തര സാന്നിധ്യമുള്ളതാണ്.
അതുപോലെതന്നെ സിറ്റി സ്പെഷ്യൽ ബ്രാഞ്ചിന്റെയും സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെയും ഉദ്യോഗസ്ഥർ സദാനിരീക്ഷിക്കുന്ന സ്ഥലവുമാണിത്. എന്നിട്ടും ആരും അറിയാതെ യൂത്ത് കോൺഗ്രസുകാർക്ക് മന്ത്രി വസതിയിലേക്ക് കടന്നു കയറി കരിങ്കൊടി കെട്ടാനും റീത്ത് വയ്ക്കാനും കഴിഞ്ഞു. സിറ്റി സ്പെഷ്യൽ ബ്രാഞ്ചിന്റെ ആസ്ഥാനം ഇതിനടുത്ത് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലാണ്. അസിസ്റ്റന്റ് കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇതിന്റെ മേധാവി.
യൂത്ത് കോൺഗ്രസുകാരെ തടയാൻ പോലീസ് എത്തുന്നതിലും കാലതാമസം ഉണ്ടായി. സമരക്കാർ ഇരച്ചെത്തിയപ്പോൾതന്നെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ വയർലെസ്സിലൂടെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചിരുന്നു. എന്നിട്ടും പോലീസ് എത്താൻ വൈകുയായിരുന്നു. സംഭവത്തെക്കുറിച്ച് ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും.
മന്ത്രിമാരുടെ ഔദ്യോഗിക വസതികൾക്ക് പ്രത്യേക സുരക്ഷാ സംവിധാനമാണുള്ളത്. സായുധസേനയിൽ നിന്നുള്ള പോലീസുകാരാണ് ഇവിടെ സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടാവുക. ആയുധത്തോട് കൂടിയുള്ള സുരക്ഷയാണ് ഇവിടെയുള്ളത്. എന്നാൽ സമരം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അധികാരപരിധിയിലുള്ള പോലീസിനാണ് സുരക്ഷ നോക്കാനുള്ള ചുമതല.
യൂത്ത് കോൺഗ്രസുകാർ കൊണ്ടുവെച്ച റീത്ത് പോലീസ് പിന്നീട് എടുത്തുമാറ്റി. സമരവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവ സമയത്ത് മന്ത്രി ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ലൈംഗികാതിക്രമക്കേസ്: രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് രഞ്ജിത്ത്; സഹായികളെ ഇന്ന് ചോദ്യം ചെയ്യും; ജാമ്യാപേക്ഷ നാളെ കോടതിയിൽ





