ലൈംഗികാതിക്രമക്കേസ്: രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് രഞ്ജിത്ത്; സഹായികളെ ഇന്ന് ചോദ്യം ചെയ്യും; ജാമ്യാപേക്ഷ നാളെ കോടതിയിൽ

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് അന്വേഷണ സംഘത്തിന് മുന്നിൽ കുറ്റം നിഷേധിച്ചു. താൻ ഒരു തരത്തിലും അറസ്റ്റ് ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും തനിക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ് രഞ്ജിത്തിന്റെ മൊഴി. തന്റെ സഹായികളെ ചോദ്യം ചെയ്താൽ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിന്റെ സഹായികളെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.

അതേസമയം, രഞ്ജിത്തിന്റെ ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിലും തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും രഞ്ജിത്ത് ആവർത്തിച്ചിരുന്നു.

സംഭവദിവസം ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്ന കൂടുതൽ പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. യുവതി അതിക്രമം നേരിട്ടതായി പറയുന്ന കാരവാന്റെ ഡ്രൈവറെയും ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു ഡ്രൈവറുടെ മൊഴി.അതിജീവിതയുടെ രഹസ്യ മൊഴി, സാക്ഷിമൊഴികൾ, മൊബൈൽ ടവർ ലൊക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. സാഹചര്യത്തെളിവുകൾ രഞ്ജിത്തിന് എതിരാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ജനുവരി 30-ന് ഫോർട്ട് കൊച്ചിയിൽ നടന്ന സിനിമാ ചിത്രീകരണത്തിനിടെ കാരവനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറി എന്നാണ് യുവതിയുടെ പരാതി.

അസിസ്റ്റന്റ് കമ്മീഷണർ അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള സംഘം കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണ്. ഗൂഢാലോചന ഉണ്ടെന്ന രഞ്ജിത്തിന്റെ ആരോപണവും പോലീസ് പരിശോധിക്കുന്നുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.