കിതയ്ക്കാതെ രക്ഷയില്ല; മാര്‍ച്ച് കടക്കാന്‍ മാജിക്ക് വേണം; അടുത്തവര്‍ഷം ഇതിനേക്കാളും കടുക്കും

തിരുവനന്തപുരം: സാമ്പത്തികവര്‍ഷം അവസാനിക്കാന്‍ ഇനി കഷ്ടിച്ച് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ കടമ്പകടക്കാന്‍ കിണഞ്ഞു പരിശ്രമിച്ച് ധനവകുപ്പ്. തെരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നുവെന്നതുകൊണ്ട് ഇടപാടുകള്‍ പരമാവധി തീര്‍ക്കുക എന്നതാണ് ഇടതുമുന്നണി സ്വീകരിച്ചിരിക്കുന്ന നയം. അല്ലെങ്കില്‍ അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് അവര്‍ ഭയക്കുന്നുണ്ട്. വലിയ പ്രതിസന്ധിയില്ലാതെ ഇത് മറികടക്കണമെങ്കില്‍ കുറഞ്ഞത് 20,000 കോടി രൂപയെങ്കിലും വേണ്ടിവരും. അതോടൊപ്പം ഈ മാസത്തെ ശമ്പളത്തോടൊപ്പം ജീവനക്കാര്‍ക്ക് നല്‍കുന്ന ഒരു ഗഢു ക്ഷാമബത്തയ്ക്കും സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് നല്‍കുമെന്ന്ബ ജറ്റില്‍ പ്രഖ്യാപിച്ച ബാക്കി ക്ഷാമബത്തയ്ക്കും വേറെ തുകയും കണ്ടെത്തേണ്ടിവരും.
ഇത് ധനവകുപ്പിനെ വല്ലാതെ വലയ്ക്കുന്നുണ്ട്. സാധാരണ പൊതുവിപണിയില്‍ നിന്നും എടുക്കാവുന്ന കടം കൂടി കണക്കാക്കിയാണ് സര്‍ക്കാര്‍ ബജറ്റ് തയാറാക്കുന്നത്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കേന്ദ്രത്തിന്റെ നിലപാടുകള്‍ മൂലം അതില്‍ വലിയ വെട്ടിക്കുറവാണ് ഉണ്ടാകുന്നത്. ഇപ്പോഴും അവസാന പാദത്തില്‍ 13,000 കോടി രൂപ വരെ വായ്പ എടുക്കാന്‍ കഴിയുമായിരുന്ന സംസ്ഥാനത്തിന്റെ പരിധിയില്‍ നിന്നും ഏകദേശം ആറായിരം കോടി രൂപയ്ക്കകത്ത് വെട്ടിക്കുറച്ചു. ഇതാണ് സര്‍ക്കാരിനെ വല്ലാതെ വലയ്ക്കുന്നത്. തെരഞ്ഞെടുപ്പുവര്‍ഷമായതുകൊണ്ടുതന്നെ ആരെയും പിണക്കാതെ എങ്ങനെ മുന്നോട്ടുപോകാനാകുമെന്ന പരിശോധനയിലാണ് ധനവകുപ്പ്.
ഈ വര്‍ഷം കടന്നാലും അടുത്തവര്‍ഷം പുതുതായി കേരളത്തില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ ആരുടേതയാലും അവര്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് ഇതിനേക്കാളൊക്കെ വലിയ പ്രതിസന്ധിയായിരിക്കും. അടുത്തവര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റ് തന്നെയാണ് അതിന് കാരണം. കേരളത്തിന് ഒന്നും നല്‍കിയിട്ടില്ലെന്ന് മാത്രമല്ല, അംഗീകരിച്ച പതിനാറാം ധനകമ്മിഷന്‍ റിപ്പോര്‍ട്ടും സംസ്ഥാനത്തിന് വലിയ തിരിച്ചടിക്കുള്ള വഴിയാണ് തുറന്നിരിക്കുന്നത്.
ഡിവിസിബിള്‍ പൂളിന്റെ 41 ശതമാനം മാത്രമാണ് ഇക്കുറിയും സംസ്ഥാനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. അതേസമയം റവന്യൂ കമ്മി ഗ്രാന്റായും പ്രത്യേക ആവശ്യ ഗ്രാന്റായും സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്ന 416500 കോടി രൂപ ഒറ്റയടിക്ക് റദ്ദാക്കുകയും ചെയ്തു. ചുരുക്കത്തില്‍ പതിനഞ്ചാം ധനകമ്മിഷന്റെ ആകെ കൈമാറ്റത്തേക്കാള്‍ ഗണ്യമായി കുറവായിരിക്കും പതിനാറാം ധനക്കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ഉണ്ടാകാന്‍ പോകുന്ന ധനവിന്യാസം.
അതിനേക്കാള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇപ്പോള്‍ കേന്ദ്രം സമാഹരിക്കുന്ന വിഭവങ്ങളിലേറെയും വിവിധതരം സെസ്സുകള്‍ സര്‍ചാര്‍ജ്ജുകള്‍ എന്നിവ വഴിയാണ്. എന്നാല്‍ ഇവയെ വിഭജിക്കേണ്ട നികുതി പരിധിയില്‍ കൊണ്ടുവന്നിട്ടുമില്ല. അതുകൊണ്ടുതന്നെ ഇവ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതുമില്ല. സംഈ സെസ്സുകളും സര്‍ച്ചാര്‍ജുകളും വിഭജിക്കുന്നതിന്റെ പരിധിയില്‍ കൊണ്ടുവരണം എന്നാണ് സംസ്ഥാനങ്ങള്‍ പൊതുവേ ആവശ്യപ്പെട്ടത്. എന്നാല്‍ അത് അംഗീകരിച്ചിട്ടില്ല. നികുതിയേതര വരുമാനത്തിന്റെ കാര്യത്തിലും ഇത്തരം ഒരു ആവശ്യം മുന്നോട്ടുവച്ചിരുന്നെങ്കിലും പരിഗണിച്ചില്ല.
കഴിഞ്ഞ ധനകമ്മിഷന്റെ കാലത്ത് 1.925 ശതമാനം ലഭിച്ചിരുന്ന കേരളത്തിന്റെ വിഹിതത്തില്‍ 0.457 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഇത് ഇപ്പോള്‍ 2. 382 ശതമാനവുമായി. എന്നാല്‍ പതിനഞ്ചാം ധനക്കമ്മീഷന്‍ കാലത്ത് ലഭിച്ച 37814 കോടി രൂപ റവന്യൂ കമ്മി ഗ്രാന്റും 2412 കോടി രൂപ പ്രത്യേക ആവശ്യ ഗ്രാന്റും അപ്പാടെ ഇല്ലാതായി. അതോടെ നമ്മുടെ സ്ഥിതി പഴയതിലും മോശമായിരിക്കുകയാണ്.
ദുരന്ത പ്രതികരണ ധനസഹായത്തിലെ കേരളത്തിന്റെ വിഹിതം പതിനഞ്ചാം ധനക്കമ്മീഷന്‍ കാലത്ത് ആകെ സംസ്ഥാനങ്ങളുടെ വിഹിതത്തിന്റെ 1 . 4 ശതമാനം വരുമായിരുന്നു. അതിപ്പോള്‍ 1.2 ശതമായി കുറഞ്ഞു.
അതുപോലെ തന്നെയാണ് തദ്ദേശസ്ഥാപനങ്ങള്‍ക്കു്‌ളള വിഹിതവും. 2026 – 2027 ലെ യൂണിയന്‍ ബജറ്റില്‍ നേരിടുന്ന കൊടിയ വിവേചനവും 2026- 2031 കാലത്തേയ്ക്കുള്ള ധനവിന്യാസത്തിലെ ഗണ്യമായ ഇടിവും ചേര്‍ന്ന് കേരളത്തിന് ഇരട്ട പ്രഹരമായിരിക്കും നേരിടേണ്ടി വരിക.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.