വോട്ട് ലക്ഷ്യം; കരുതലും വികസനവും തുല്യം ചാര്‍ത്തി ബാലഗോപാല്‍ ബജറ്റ്; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി; ഇത് അതിജീവനത്തിന്റെ കരുത്തുറ്റ ബജറ്റ്; ലക്ഷ്യം ഹാട്രിക് ഭരണം

balagopal in niyamasabha
തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധങ്ങള്‍ക്കിടയിലും സാധാരണക്കാരന്റെ പോക്കറ്റിലേക്ക് പണമെത്തിച്ചും വികസനത്തിന് വേഗത കൂട്ടിയും പിണറായി സര്‍ക്കാരിന്റെ ‘ഇലക്ഷന്‍ ബജറ്റ്’. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്ഷേമപദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ നടത്തിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1,27,747 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ കാര്യക്ഷമമായ നികുതി പിരിവിന്റെ ഫലമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടുന്നു. കേരളം കടക്കെണിയിലാണെന്ന പ്രചാരണത്തെ കണക്കുകള്‍ നിരത്തി അദ്ദേഹം പ്രതിരോധിച്ചു. ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നയങ്ങള്‍ക്കിടയിലും, ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിച്ചും ഡിഎ കുടിശ്ശിക നല്‍കുമെന്ന് ഉറപ്പുനല്‍കിയും ജീവനക്കാരെയും സാധാരണക്കാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ബജറ്റാണിത്.
 കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക അവഗണനയെയും പ്രതിസന്ധികളെയും അതിജീവിച്ച്, സാധാരണക്കാരന്റെ കൈകളിലേക്ക് നേരിട്ട് പണമെത്തിക്കുന്ന ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേവലം പ്രഖ്യാപനങ്ങളല്ല, മറിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്റെ വികസനത്തുടര്‍ച്ചയും ക്ഷേമപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണവുമാണ് ഈ ബജറ്റിന്റെ അന്തസ്സത്തയെന്ന് മന്ത്രി വ്യക്തമാക്കി. ആശമാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും കൈനിറയെ ആനുകൂല്യം ഗ്രാമീണ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ദ്ധനവാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. അങ്കണവാടി തൊഴിലാളികള്‍ക്കും പ്രതിമാസ വേതനത്തില്‍ 1000 രൂപ ഉയര്‍ത്തി. ഹെല്‍പര്‍മാര്‍ക്ക് 500 രൂപയുടെയും വര്‍ദ്ധനവ് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന കുടുംബങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകും. ആശമാരെ മുന്നില്‍ നിര്‍ത്തിയുള്ള പ്രചരണത്തെ തടയുകയാണ് ലക്ഷ്യം.
കേന്ദ്രത്തിന്റെ ‘നോട്ട് ചോരി’ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുകയും ചെയ്തു രാജ്യത്ത് വോട്ട് ചോരി മാത്രമല്ല, ‘നോട്ട് ചോരി’യുമാണ് കേന്ദ്രം നടത്തുന്നതെന്ന് മന്ത്രി ബാലഗോപാല്‍ കുറ്റപ്പെടുത്തി. കേരളത്തിന്റെ വരുമാനത്തില്‍ 75 ശതമാനവും സംസ്ഥാനം തന്നെ കണ്ടെത്തുമ്പോള്‍ കേന്ദ്ര വിഹിതം വെറും 25 ശതമാനമായി ചുരുങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് 50 ശതമാനത്തിലധികം വിഹിതം ലഭിക്കുമ്പോഴാണ് കേരളത്തോടുള്ള ഈ ക്രൂരമായ അവഗണനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസനം തളരില്ല സാമ്പത്തിക ഞെരുക്കത്തിനിടയിലും കെ.എസ്.ആര്‍.ടി.സിക്ക് 8,265.43 കോടി രൂപ അനുവദിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും നവകേരള നിര്‍മ്മാണത്തിനുമായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചിട്ടും കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം കുറയ്ക്കാന്‍ സര്‍ക്കാരിന് സാധിച്ചത് വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പണം വാരിവിതറുകയല്ല, മറിച്ച് പ്രതിസന്ധികളില്‍ തളരാതെ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്ന ‘ഇടതുപക്ഷ ബദലാണ്’ ഈ ബജറ്റെന്ന് സിപിഎം പറയുന്നു.
കടം പറച്ചിലല്ല, വികസനക്കുതിപ്പാണ് ചര്‍ച്ചയാക്കുന്നത്. ‘കേരളം കടം കയറി മുടിഞ്ഞെന്ന പ്രചാരണം തലയ്ക്ക് വെളിവുള്ളവര്‍ വിശ്വസിക്കില്ല’ എന്ന ധനമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷത്തിനുള്ള മറുപടിയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പവര്‍കട്ടോ ലോഡ് ഷെഡിങ്ങോ ഇല്ലാത്തതും, 600-ലേറെ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതും സര്‍ക്കാരിന്റെ വികസന റെക്കോര്‍ഡായി മന്ത്രി ഉയര്‍ത്തിക്കാട്ടി. കേന്ദ്രത്തിന്റെ അവഗണനകളെ രാഷ്ട്രീയമായി നേരിടുന്നതിനൊപ്പം തന്നെ താഴെത്തട്ടിലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ എത്തിച്ച് ജനവിശ്വാസം നേടിയെടുക്കാനാണ് ഈ ബജറ്റിലൂടെ എല്‍.ഡി.എഫ് ശ്രമിക്കുന്നത്.
ജീവനക്കാര്‍ക്ക് കൈത്താങ്ങ്; ക്ഷേമത്തിന് മുന്‍ഗണന സര്‍ക്കാര്‍ ജീവനക്കാരുടെ വലിയ പരാതിയായിരുന്ന ഡി.എ കുടിശ്ശിക പൂര്‍ണ്ണമായും നല്‍കുമെന്ന പ്രഖ്യാപനം ബജറ്റിലെ വലിയ രാഷ്ട്രീയ നീക്കമാണ്. ഇതിന്റെ ആദ്യ ഗഡു ഫെബ്രുവരിയില്‍ തന്നെ നല്‍കും. പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷനെ പ്രഖ്യാപിച്ചതും ജീവനക്കാരുടെ ഇടയില്‍ സര്‍ക്കാരിനോടുള്ള അതൃപ്തി കുറയ്ക്കാന്‍ സഹായിക്കും. ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തിയതിനൊപ്പം കാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ മാരക രോഗബാധിതരുടെ പെന്‍ഷന്‍ 1000 രൂപ വര്‍ദ്ധിപ്പിച്ചു.
വിദ്യാഭ്യാസ രംഗത്ത് വന്‍ വിപ്ലവം അപ്രതീക്ഷിതമായ പ്രഖ്യാപനങ്ങളിലൊന്നാണ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഡിഗ്രി വിദ്യാഭ്യാസം സൗജന്യമാക്കിയത്. ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം വലിയൊരു കുതിച്ചുചാട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സിനായി 15 കോടിയും നീക്കിവെച്ചു.
അതിവേഗ കേരളം; സില്‍വര്‍ ലൈനില്‍ നിന്ന് ആര്‍.ആര്‍.ടി.എസിലേക്ക് പേര് മാറിയാലും കേരളത്തിന് അതിവേഗ റെയില്‍പാത അനിവാര്യമാണെന്ന് ധനമന്ത്രി അടിവരയിട്ടു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ആര്‍.ആര്‍.ടി.എസ് (ഞഞഠട) പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ അനുവദിച്ചു. എം.സി റോഡ് വികസനത്തിന് 5217 കോടി രൂപയും വിഴിഞ്ഞം തുറമുഖ വികസനത്തിന് 1000 കോടിയും വകയിരുത്തിയത് വികസനത്തോടുള്ള സര്‍ക്കാരിന്റെ താല്പര്യം വെളിപ്പെടുത്തുന്നു.
തൊഴിലാളികളെ ചേര്‍ത്തുപിടിച്ച്… ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, സാക്ഷരതാ പ്രേരകര്‍ എന്നിവരുടെ വേതനത്തില്‍ 1000 രൂപയുടെ വര്‍ദ്ധനവ് വരുത്തി. ഗിഗ് തൊഴിലാളികള്‍ക്കായി ക്ഷേമനിധിയും ഗിഗ് ഹബുകളും സ്ഥാപിക്കുമെന്ന പ്രഖ്യാപനം മാറുന്ന തൊഴില്‍ സാഹചര്യങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു എന്നതിന്റെ തെളിവാണ്.
പ്രധാന പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍:
ലൈഫ് മിഷന്‍: 1497 കോടി രൂപ.
റോഡപകട ചികിത്സ: ആദ്യ 5 ദിവസത്തെ ചികിത്സ പണരഹിതം.
വയനാട് പാക്കേജ്: 80 കോടി രൂപ.
സൌജന്യ ഡിഗ്രി: സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍.
ഇലക്ട്രിക് ഓട്ടോ: പുതിയ ഓട്ടോ വാങ്ങാന്‍ 40,000 രൂപ സ്‌ക്രാപ്പേജ് ബോണസ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.