തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ രാഷ്ട്രീയ മേലാളന്മാർ കളംവിട്ടതോടെ മുഖംനോക്കാതെ നിയമനടപടികളുമായി പോലീസ്. ഗുണ്ടകളെ മാത്രമല്ല, ഭരണകക്ഷി പിന്തുണയുള്ള ഉന്നതന്മാരെ വലയിലാക്കാനും അറിയാമെന്ന് കേരള പോലീസ് തെളിയിക്കുകയാണ്.
ഏറ്റവും ഒടുവിലായി ഇന്നലെ നടന്ന രണ്ട് അറസ്റ്റുകളും ഇതാണ് തെളിയിക്കുന്നത്. ഒന്ന് എറണാകുളം സിറ്റി പോലീസും മറ്റൊന്ന് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവുമായിരുന്നു അറസ്റ്റിനു പുറകിൽ.
കേരള ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും തിരക്കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജിത്തിന്റെ അറസ്റ്റ് ആണ് എറണാകുളം സിറ്റി പോലീസ് നടത്തിയത്. സിപിഎം സഹയാത്രികനായ രഞ്ജിത്തിന് ഇപ്പോൾ രാഷ്ട്രീയ സംരക്ഷണം ഇല്ലെന്ന തിരിച്ചറിവാണ് പെട്ടെന്നുള്ള അറസ്റ്റിന് പുറകിൽ.
സ്ത്രീ പീഡന കേസിലാണ് രഞ്ജിത്ത് അറസ്റ്റിലായിരിക്കുന്നത്. യുവ നടിയാണ് പരാതിക്കാരി. കഴിഞ്ഞ ജനുവരി 9 ന് ഫോർട്ട് കൊച്ചിയിലാണ് പരാതിക്ക് ആധാരമായ സംഭവം. എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകവേ തൊടുപുഴ മുട്ടത്ത് കാർ തടഞ്ഞ് പോലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളം സിറ്റി പോലീസ് കമ്മിഷണറും ഐ ജി യുമായ എസ് കാളിരാജ് മഹേഷ് കുമാർ ആണ് അറസ്റ്റിനു ഉത്തരവ് നൽകിയത്. രഞ്ജിത്തിനെതിരെ ഇത് ആദ്യമായല്ല സ്ത്രീ പീഡന പരാതി ഉയരുന്നത്. പുരുഷനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയും ഇയാൾക്കെതിരെ ഉണ്ടായിരുന്നു. ഇതിലൊക്കെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടെങ്കിലും രാഷ്ട്രീയ സംരക്ഷണം ഉണ്ടായിരുന്നതിനാൽ പോലീസ് സഹായം ആവോളം ലഭിച്ചു. അങ്ങനെ കേസുകളിൽ നിന്നൊക്കെ രക്ഷപ്പെടുകയും ചെയ്തു.
ആരോപണം ഉണ്ടായപ്പോഴൊക്കെ രഞ്ജിത്തിനെ ചേർത്തുനിർത്തുന്ന സമീപനമായിരുന്നു സർക്കാരിന്റേത്. എന്നാൽ ഇപ്പോൾ രഞ്ജിത്തിനെ പൂർണമായും തള്ളുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഇന്ത്യൻ സിനിമയിലെ അധികായകൻ എന്ന് നേരത്തെ രഞ്ജിത്തിനെ വിശേഷിപ്പിച്ച സാംസ്കാരിക -സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാൻ ഇപ്പോൾ പറയുന്നത് രഞ്ജിത്തിന്റെ ഭാഗത്ത് നിന്നും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണുണ്ടായതെന്നാണ്. രഞ്ജിത്തിനെ സംരക്ഷിച്ചിട്ടില്ലെന്നും മന്ത്രി ആണയിടുന്നു.
രഞ്ജിത്തിന്റെ അറസ്റ്റിനോടൊപ്പം കൂട്ടി വായിക്കാവുന്ന ഒന്നാണ് അൽ മുക്ത്യാദിർ ജ്വല്ലറി ഗ്രൂപ്പിന്റെ ഗ്ലോബൽ മാനേജർ ഗുൽസാർ അഹമ്മദിന്റെ അറസ്റ്റ്. തിരുവനന്തപുരം ചാരാച്ചിറയിലുള്ള ഒരു ഫ്ലാറ്റിൽ ഒളിവിൽ കഴിയവെയാണ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 480ലേറെ കേസുകളിലെ രണ്ടാം പ്രതിയാണ് ഇയാൾ. ഒന്നാംപ്രതിയും സ്ഥാപന ഉടമയുമായ മുഹമ്മദ് മൻസൂർ ഇപ്പോഴും ഒളിവിലാണ്.
ഇത്രയധികം കേസുകൾ ഉണ്ടായിട്ടും രാഷ്ട്രീയസംരക്ഷണയിൽ കഴിഞ്ഞവരിൽ ഒരാളാണ് ഇപ്പോൾ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ഭരണകക്ഷിക്ക് വാരിക്കോരി സംഭാവന നൽകിയിരുന്ന സ്ഥാപനമാണ് അൽ മുക്ത്യാദിർ.
ഈ സ്ഥാപനത്തിനെതിരെ നേരത്തെ പരാതി ഉയർന്നപ്പോൾ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. ഇടപാടുകളിൽ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് ആ റിപ്പോർട്ട് ഉടമ മുക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഐ ജി അജീദാ ബീഗമാണ് ഇപ്പോഴത്തെ അറസ്റ്റിന് പിന്നിൽ. രാഷ്ട്രീയ മേലാളന്മാരുടെ സംരക്ഷണം ഇപ്പോഴില്ലെന്ന് കണ്ടതോടെ കർശനമായ നിർദ്ദേശവുമായി ഐ ജി രംഗത്തെത്തുകയായിരുന്നു. അറസ്റ്റിലായ ഗുൽസാർ അഹമ്മദിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. രഞ്ജിത്തും 14 ദിവസത്തെ റിമാൻഡിലാണ്. ഇരുവരെയും പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പിണങ്ങിപ്പോയ മാണിയുടെ ‘മകനെ’ തിരിച്ചുകൊണ്ടുവരാന്‍ വിട്ടുവീഴ്ചയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട കുഞ്ഞാലിക്കുട്ടി പോലും നിരാശന്‍; കേരള രാഷ്ട്രീയത്തിലെ ‘മാണി’ കളിക്ക് യുഡിഎഫ് വിരാമമിടുന്നു; ഇനി ലക്ഷ്യം വീരന്റെ മകന്!





