കൊച്ചി: കേരള രാഷ്ട്രീയത്തിലെ ‘മാണി’ കളിക്ക് യുഡിഎഫ് വിരാമമിടുന്നു. ഇനി ജോസ് കെ. മാണിയുടെ പിന്നാലെ പോയി സമയം കളയാനില്ലെന്ന കടുപ്പിച്ച തീരുമാനത്തിലാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും.
പിണങ്ങിപ്പോയ മാണിയുടെ ‘മകനെ’ തിരിച്ചുകൊണ്ടുവരാന്‍ വിട്ടുവീഴ്ചയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ട ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പോലും ഇപ്പോള്‍ കൈമലര്‍ത്തുകയാണ്. ‘ഇനി ആരെയും നിര്‍ബന്ധിക്കാനില്ല, വരുമെങ്കില്‍ വരട്ടെ’ എന്ന നിലപാടിലേക്ക് മുന്നണി മാറുമ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശനം ഏതാണ്ട് അടഞ്ഞ അധ്യായമായി മാറുകയാണ്.
ജോസിന് വേണ്ടി പണ്ട് കാത്തിരുന്നത് പോലെ ഇനി കാത്തിരിക്കില്ലെന്ന് മാത്രമല്ല, സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് അതിവേഗം കടക്കാനാണ് മുന്നണി തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ജോസിന്റെ കോട്ടകളില്‍ വിള്ളലുണ്ടായെന്ന ആത്മവിശ്വാസം യുഡിഎഫിന് കരുത്തേകുന്നുണ്ട്. ജോസിനെ കൂടെക്കൂട്ടാതെ തന്നെ മധ്യകേരളം പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ് ക്യാമ്പ്.
അതേസമയം, രാഷ്ട്രീയത്തിലെ ഈ കടുപ്പിത്തം സഭാ നേതൃത്വത്തിന് മുന്നില്‍ വിനയത്തോടെ അവതരിപ്പിക്കാനും യുഡിഎഫ് പ്ലാന്‍ ചെയ്യുന്നുണ്ട്. ‘ഞങ്ങള്‍ വാതില്‍ തുറന്നിട്ടു, സോണിയാ ഗാന്ധി വരെ വിളിച്ചു, എന്നിട്ടും ജോസ് വന്നില്ല’ എന്ന വസ്തുത സഭാ ആസ്ഥാനങ്ങളില്‍ വിശദീകരിക്കും. സഭയുടെ താല്പര്യം മാനിച്ചാണ് ഇത്രയും കാലം കാത്തിരുന്നതെന്ന് ബോധ്യപ്പെടുത്തുന്നതിലൂടെ ക്രൈസ്തവ വോട്ടുകളില്‍ വിള്ളല്‍ വീഴാതെ നോക്കുകയാണ് ലക്ഷ്യം.
ഇനി തന്ത്രം മാറ്റുകയാണ്. പാര്‍ട്ടിയായി വന്നാല്‍ മാത്രം സീറ്റ്, വ്യക്തികളായി വന്നാല്‍ അംഗത്വം മാത്രം. കേരള കോണ്‍ഗ്രസില്‍ ജോസിനോട് പിണങ്ങി നില്ക്കുന്ന നേതാക്കളെ ഒപ്പം കൂട്ടാന്‍ യുഡിഎഫ് മടികാട്ടില്ല. പക്ഷേ, അവര്‍ക്ക് സീറ്റ് നല്കി സ്വന്തം പ്രവര്‍ത്തകരെ പിണക്കാന്‍ ഇപ്പോള്‍ തയ്യാറല്ല. സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതോടെ ജോസ് പക്ഷത്തിന് യുഡിഎഫിലേക്കുള്ള വഴി പൂര്‍ണ്ണമായും കൊട്ടിയടക്കപ്പെടും.
ഇടതുമുന്നണിയില്‍ അതൃപ്തിയുള്ള ആര്‍ജെഡിയെയും യുഡിഎഫ് നോട്ടമിടുന്നുണ്ട്. നിലപാട് ഉടന്‍ വ്യക്തമാക്കാന്‍ ആര്‍ജെഡിയോടും ആവശ്യപ്പെടും. വീരന്ദ്രകുമാറിന്റെ മകന് ശ്രേയംസ് കുമാറിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ കടുത്ത നീക്കമുണ്ടാകില്ല. ഇക്കാര്യത്തില്‍ ശ്രേയംസ് കുമാറിന് നിലപാട് എടുക്കാം. ഏതായാലും ജോസ് കെ. മാണിക്ക് പിന്നാലെ ഇനിയൊരു ഓട്ടമില്ലെന്ന് യുഡിഎഫ് വ്യക്തമാക്കുന്നതോടെ കേരള രാഷ്ട്രീയത്തിലെ അടുത്ത പോരാട്ടം കൂടുതല്‍ കടുക്കുമെന്ന് ഉറപ്പായി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കോളേജ് വിദ്യാര്‍ഥിനി പുഴയില്‍ മരിച്ച നിലയില്‍; കണ്ണീരിലായി പെരുമ്പാവൂര്‍





