ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. തന്നെ പിന്തുണയ്ക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം ചരിത്രത്തിലെ രജതരേഖയാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മൂന്നാം പിണറായി സർക്കാർ എന്ന സ്വപ്നം വിഫലമാകുമെന്നും ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ തനിക്ക് വേണ്ടി ആത്മാർത്ഥമായും നിസ്വാർത്ഥമായും പ്രവർത്തിക്കുന്നു. അപവാദപ്രചരണങ്ങൾക്കിടയിൽ ആശ്വാസവചനങ്ങളുമായി എത്തിയ യുഡിഎഫിന്റെ നിലപാട് ബുദ്ധിപൂർവ്വമാണെന്നും അതിന് എക്കാലവും കടപ്പാടുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി. സിപിഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷവും കോൺഗ്രസും രാഷ്ട്രീയമായി വിജയിച്ചിരിക്കുകയാണ്. ഭീഷണി രാഷ്ട്രീയത്തിനും തേജോവധത്തിനുമെതിരെയുള്ള സൂര്യപ്രഭയാണ് തന്റെ പോരാട്ടമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സിപിഎം സ്വീകരിക്കുന്ന തെറ്റായ നിലപാടുകൾ കാരണം മുഖ്യമന്ത്രിയുടെ മൂന്നാം ഊഴം എന്ന ശ്രമം വിഫലമാകും. അഴിമതിക്കാർക്കും ക്രിമിനൽ-മാഫിയ രാഷ്ട്രീയക്കാർക്കുമെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് താൻ സ്വതന്ത്രനായി മത്സരിക്കുന്നത്. ഇടതുപക്ഷത്തിലെയും സിപിഎമ്മിലെയും പതിനായിരക്കണക്കിന് പാർട്ടി അംഗങ്ങളും വോട്ടർമാരും തന്നെ വിജയിപ്പിക്കാൻ രംഗത്തുണ്ടെന്നും സുധാകരൻ അവകാശപ്പെട്ടു.
ആറ് പതിറ്റാണ്ടിലേറെ നീണ്ട കമ്മ്യൂണിസ്റ്റ് ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരൻ ഇത്തവണ അമ്പലപ്പുഴയിൽ സ്വതന്ത്രനായി അങ്കത്തിനിറങ്ങുന്നത്. അദ്ദേഹത്തിന് യുഡിഎഫ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിലെ പോരാട്ടം പ്രവചനാതീതമായി മാറിയിരിക്കുകയാണ്. വികസന മുന്നേറ്റമാണ് തന്റെ ലക്ഷ്യമെന്നും നാട്ടുകാർ തന്നോടൊപ്പമുണ്ടെന്നും അദ്ദേഹം കുറിപ്പിലൂടെ ആവർത്തിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ജീവനക്കാരുടെ നമ്പറുകള്‍ എവിടെ നിന്ന് കിട്ടി? ഡാറ്റാചോര്ച്ചയില് സര്‍ക്കാരിന് ഹൈക്കോടതിയില്‍ രൂക്ഷ വിമര്‍ശനം; സന്ദേശങ്ങള്‍ അയക്കുന്നത് ഉടന്‍ നിര്‍ത്തണം




