തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് വന്‍ സംഘര്‍ഷം. ഇഡി ഉദ്യോഗസ്ഥരുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാല് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മനോജ്, ജീവന്‍, ശ്രീജിത്ത്, ഷാഹിന്‍ എന്നിവരാണ് അറസ്റ്റിലായത്. പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കേന്ദ്ര ഏജന്‍സിക്ക് സുരക്ഷയൊരുക്കേണ്ട കേരളാ പോലീസ് അക്രമികള്‍ക്ക് മുന്നില്‍ നോക്കുകുത്തികളായെന്ന വിമര്‍ശനം ഇതിനകം ശക്തമായിട്ടുണ്ട്. ഇഡി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് പിന്നില്‍ സി.പി.എം നേതൃത്വത്തിന്റെ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്ര സേനയും സംശയിക്കുന്നു. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ നിലപാട് കടുപ്പിക്കുമെന്നാണ് സൂചന.
മുന്‍ മുഖ്യമന്ത്രിയുടെ ബേക്കറി ജംഗ്ഷനിലെ വീട്ടില്‍ ഇഡി റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെയാണ് നാടിനെ നടുക്കിയ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. വഴിയില്‍ ഒളിഞ്ഞുനിന്ന എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഇഡിയുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറും ആയുധങ്ങളുമായി പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായി ഇടപെടാന്‍ കഴിയുന്നതിന് മുന്‍പ് തന്നെ വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ത്തു. അക്രമത്തിന് ശേഷം പ്രതികള്‍ തൊട്ടടുത്തുള്ള സി.പി.എം പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു.
പ്രതികള്‍ പാര്‍ട്ടി ഓഫീസില്‍ ഒളിച്ചെന്ന വിവരത്തെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹം പാളയം ഏരിയ കമ്മിറ്റി ഓഫീസ് വളഞ്ഞു. അക്രമികളെ ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഏതു നിമിഷവും പോലീസ് അകത്തുകയറി പ്രതികളെ പിടികൂടുമെന്ന സൂചന ശക്തമായതോടെ സായുധ പോലീസും കണ്ണീര്‍വാതക സ്‌ക്വാഡും സ്ഥലത്ത് നിലയുറപ്പിച്ചു. ഇതോടെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ കനത്ത യുദ്ധസമാനമായ അന്തരീക്ഷം സംജാതമായി.
പോലീസ് നീക്കം തടയാന്‍ മുതിര്‍ന്ന സി.പി.എം നേതാക്കള്‍ നേരിട്ട് രംഗത്തിറങ്ങിയതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. മന്ത്രി വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എം.പി, ആനാവൂര്‍ നാഗപ്പന്‍, എ. സമ്പത്ത്, ബിനീഷ് കോടിയേരി തുടങ്ങിയ പ്രമുഖ നേതാക്കള്‍ പാളയം ഓഫീസിന് മുന്നില്‍ തടിച്ചുകൂടി പോലീസിനെ പ്രതിരോധിച്ചു. പാര്‍ട്ടി ഓഫീസിനുള്ളില്‍ കയറി പരിശോധന നടത്താന്‍ പോലീസിനെ അനുവദിക്കില്ലെന്ന് നേതാക്കള്‍ കടുത്ത ഭാഷയില്‍ വ്യക്തമാക്കി.
‘ഒരു കാരണവശാലും പോലീസ് പാര്‍ട്ടി ഓഫീസിനകത്ത് കയറില്ല. അങ്ങനെ കയറണമെങ്കില്‍ ഞങ്ങളെ എല്ലാവരെയും അറസ്റ്റ് ചെയ്ത് മാറ്റിയതിന് ശേഷം മാത്രമേ സാധിക്കൂ,’ എന്ന് വി. ശിവന്‍കുട്ടി പോലീസിനോട് പരസ്യമായി പ്രഖ്യാപിച്ചു. ഇതോടെ പോലീസും നേതാക്കളും തമ്മില്‍ കടുത്ത വാഗ്വാദമുണ്ടാവുകയും പ്രവര്‍ത്തകര്‍ പോലീസിന് നേരെ മുദ്രാവാക്യം വിളികളോടെ ഇരച്ചെത്തുകയും ചെയ്തു. സമാധാനാന്തരീക്ഷം പൂര്‍ണ്ണമായും തകരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്.
തുടര്‍ന്ന്, അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞത്. ഡി.സി.പിയും മ്യൂസിയം എസ്.എച്ച്.ഒയും അടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ഈ ദൃശ്യങ്ങള്‍ സി.പി.എം നേതാക്കളെയും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിനെയും ഫോണില്‍ കാണിച്ചു കൊടുത്തു. ദൃശ്യങ്ങളില്‍ ഉള്ളവരെ ഉടനടി പോലീസിന് കൈമാറണമെന്നും നിയമത്തിന് മുന്നില്‍ നിന്ന് ആരെയും ഒളിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പോലീസ് ഉറച്ച നിലപാടെടുത്തു.
പ്രതിഷേധം ശക്തമായതോടെ വി. ശിവന്‍കുട്ടി സംസ്ഥാന പോലീസ് മേധാവിയെ (ഡി.ജി.പി) നേരിട്ട് ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി. പ്രതികളെ തങ്ങള്‍ തന്നെ പോലീസിന് കൈമാറാമെന്നും അവരെ പാര്‍ട്ടി ഓഫീസില്‍ ഒളിപ്പിച്ചു വെക്കില്ലെന്നും അദ്ദേഹം ഡി.ജി.പിയെ അറിയിച്ചു. എന്നാല്‍ പോലീസ് ഫോഴ്‌സ് പാര്‍ട്ടി ഓഫീസിനകത്ത് കയറി പരിശോധന നടത്തരുതെന്ന നിബന്ധന നേതാക്കള്‍ മുന്നോട്ടുവെച്ചു. അക്രമികളെ ഉടന്‍ കസ്റ്റഡിയില്‍ വേണമെന്ന നിലപാടില്‍ ഡി.ജി.പിയും ഉറച്ചുനിന്നു.
മണിക്കൂറുകള്‍ നീണ്ട കടുത്ത അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് സംഭവസ്ഥലത്ത് നേരിട്ടെത്തി സി.പി.എം നേതാക്കളുമായി ചര്‍ച്ച നടത്തി. ഒടുവില്‍ പ്രതികളായ നാലുപേരെയും പോലീസിന് മുന്നില്‍ ഹാജരാക്കാമെന്ന് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി ഉറപ്പ് നല്‍കിയതോടെയാണ് പോലീസ് ഓഫീസിന് മുന്നില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറിയത്. ഇതിന് പിന്നാലെയാണ് മനോജ് അടക്കമുള്ള നാല് പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.
കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന പോലീസിന് വീഴ്ച പറ്റിയെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ, പ്രതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കണ്ടാലറിയാവുന്ന മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആക്ഷേപത്തില്‍ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ പ്രത്യേക അന്വേഷണത്തിന് മുതിരുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പരാജയത്തിന്റെ ‘കാരണഭൂതന്’ പിണറായി തന്നെയെന്ന് മെഗാ തിരുവാതിര; എംഎല്‍എ സ്ഥാനം രാജിവെച്ച് മാന്യത കാട്ടണമെന്ന് പാറശ്ശാല ഏരിയ സെക്രട്ടറി; റിയാസിനെതിരെ സംസാരിച്ചാല്‍ നടപടിയെന്ന് തിരുവമ്പാടിയില്‍ ഭീഷണി; തിരുവാതിരയും പാട്ടും നടത്തിയവര്‍ തന്നെ തിരിഞ്ഞുകൊത്തുന്നു; പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷം





