തിരുവനന്തപുരം: ശബരിമലയിലെ ശ്രീകോവില്‍ വാതിലിലും വിഗ്രഹങ്ങളിലും ചാര്‍ത്തിയ തങ്കത്തകിടുകള്‍ ‘ചെമ്പായി’ മാറിയ മായക്കാഴ്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എത്തുമ്പോള്‍ പിണറായി സര്‍ക്കാര്‍ ആശങ്കയില്‍. മുന്‍ മന്ത്രിയെ ഇഡി ലക്ഷ്യമിടുമെന്നതാണ് ഭയം. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വമ്പന്‍ സ്രാവിനെ പൊക്കാനാണ് നീക്കം. ഈ മാസം 30ന് അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസിലെ പ്രത്യേക അന്വേഷണ സംഘത്തിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇനി അതും നടക്കില്ല. അവരും അന്വേഷണം തുടരും. അന്വേഷണം അവസനാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പൊളിക്കുന്നതാണ് ഇഡിയുടെ വരവ്.
സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) കോടതിയില്‍ നിന്ന് നേരിട്ട ഇരട്ടപ്രഹരമാണ് കേസിനെ പുതിയ തലത്തിലെത്തിച്ചിരിക്കുന്നത്. അന്വേഷണം ‘കാറ്റാടിയന്ത്രം പോലെ കറങ്ങുകയാണെന്നും’ എന്തുകൊണ്ട് ഉന്നതരിലേക്ക് എത്തുന്നില്ലെന്നും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ, കേസ് രേഖകള്‍ ഇ.ഡിക്ക് കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഇതോടെ കേവലം ഒരു മോഷണക്കേസായി ഒതുക്കിത്തീര്‍ക്കാനുള്ള നീക്കങ്ങള്‍ പൊളിയുകയും കോടികളുടെ അന്തര്‍സംസ്ഥാന കള്ളപ്പണ ശൃംഖലയിലേക്ക് അന്വേഷണം നീളുകയും ചെയ്യുകയാണ്. ഇതിനൊപ്പമാണ് സിപിഎമ്മിനെ ആശങ്കയിലാക്കുന്ന അറസ്റ്റുകള്‍ക്കും സാധ്യത തെളിയുന്നത്.
ഭക്തിയുടെ മറവില്‍ നടന്നത് വന്‍ ആസൂത്രണത്തോടെയുള്ള ‘സിസ്റ്റമാറ്റിക് കവര്‍ച്ച’യാണെന്ന് വ്യക്തമായിട്ടുണ്ട്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, ബല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്ദ്ധന് എന്നിവരുടെ അറസ്റ്റോടെ കവര്‍ച്ചയുടെ രീതി പുറത്തായി. 2019-ലെ നവീകരണത്തിന്റെ മറവില്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കുകയും പകരം ചെമ്പ് തകിടുകള്‍ പ്രതിഷ്ഠിക്കുകയും ചെയ്തത് ദേവസ്വം ബോര്‍ഡിലെ ഉന്നതരുടെ അറിവോടെയാണെന്നാണ് കണ്ടെത്തല്‍. ഫാക്ടറിയിലെ തീപിടുത്തത്തില്‍ രേഖകള്‍ നശിച്ചുവെന്ന ഭണ്ഡാരിയുടെ മൊഴി പച്ചക്കള്ളമാണെന്ന് ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള ഫോണ്‍ രേഖകള്‍ തെളിയിച്ചു. ഒന്നര കോടിയോളം രൂപ ഭണ്ഡാരി പോറ്റിക്ക് കൈമാറി. സ്വര്‍ണ്ണമാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ ചെമ്പ് തകിടുകളാണെന്ന് രേഖകളില്‍ ഒപ്പിട്ട മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറും അറസ്റ്റിലായി.
എസ്.ഐ.ടി ഇതുവരെ ‘ആര് കടത്തി’ എന്നതിലാണ് അന്വേഷണം നടത്തിയതെങ്കില്‍, ആ സ്വര്‍ണ്ണം ‘എവിടെപ്പോയി’, അതിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെ എന്നതിലാകും ഇ.ഡിയുടെ കണ്ണുകള്‍. ഇത് നിര്‍ണ്ണായകമാകും. ഹവാല ഇടപാടുകളുടെ ഡിജിറ്റല്‍ തെളിവുകള്‍ ഇതിനകം ശേഖരിച്ച ഇ.ഡി, രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ബിനാമി അക്കൗണ്ടുകളിലേക്ക് സ്വര്‍ണ്ണം വിറ്റ പണം എത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും. ചെന്നൈ, ബല്ലാരി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്വര്‍ണ്ണക്കടത്ത് മാഫിയകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതോടെ സംസ്ഥാന പോലീസിന് തൊടാന്‍ കഴിയാത്ത രാഷ്ട്രീയ വന്‍മരങ്ങളിലേക്ക് ഇ.ഡി കടന്നുചെല്ലും. പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ദ്ധനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ ‘വമ്പന്‍ സ്രാവുകള്‍’ കുടുങ്ങുമെന്നാണ് വിലയിരുത്തല്‍.
‘ക്ഷേത്രത്തിന്റെ സംരക്ഷകര്‍ തന്നെ അതിന്റെ നാശകരായി മാറുന്നു’ എന്ന ജസ്റ്റിസ് എ. ബദറുദ്ദീന്റെ പരാമര്‍ശം ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. മുന്‍ ദേവസ്വം പ്രസിഡന്റുമാരായ എന്‍. വാസു, എ. പത്മകുമാര്‍ എന്നിവരുടെ അറസ്റ്റും അന്വേഷണം ശരിയായ ദിശയിലാണെന്ന ഭീതി ഭരണവൃത്തങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡി കേസെടുക്കുന്നതോടെ അന്താരാഷ്ട്ര പുരാവസ്തു കടത്ത് മാഫിയയുമായുള്ള ബന്ധവും പുറത്തുവരും. വിശ്വാസികളുടെ ഓരോ തരി സ്വര്‍ണ്ണത്തിലും കൈവെച്ചവര്ക്കെതിരെയുള്ള കേന്ദ്ര ഏജന്‍സിയുടെ നീക്കം വരുംദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ഭൂകമ്പങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.


ഇനി കളി മാറും! അക്രമികളെ കീഴ്പ്പെടുത്താൻ ആധുനിക പരിശീലനവുമായി പത്തനംതിട്ട പോലീസ്
‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരികള്‍ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ രാഷ്ട്രീയം; ജെന്‍സികളെ ചേര്‍ത്തു പിടിച്ച് ഭരണ തുടര്‍ച്ച; സിപിഎമ്മിന്റെ ഹാട്രിക് മോഹങ്ങളില്‍ വിപ്ലവ തീരുമാനങ്ങളും; നിയമസഭയിലേക്ക് മത്സരിക്കാന്‍ വേടനും?





