ബംഗളൂരുവിലെ ആ സ്വര്‍ണ്ണമുതലാളിയെ തൊടാന്‍ പേടി; കുറ്റപത്രം വൈകിപ്പിച്ചത് പിണറായിയുടെ ഓഫീസ്? സ്വര്‍ണ്ണക്കള്ളന്മാരെ വിട്ട് ദേവപ്രശ്‌നം നടത്തിയവരെ പിടിക്കാന്‍ പോലീസ്! ശബരിമലയിലെ കൊള്ളയില്‍ ഇഡി നീതി നടപ്പാക്കുമോ?

തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണ്ണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുന്നു. ഇതിനിടെയിലും ശബരിമലയിലെ അയ്യപ്പന്റെ മണ്ണില്‍ നടന്ന കോടികളുടെ സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം പ്രഹസനമാകുന്നു. സ്വര്‍ണ്ണം മോഷ്ടിച്ച വമ്പന്‍ സ്രാവുകളെയും അവര്‍ക്ക് കുടപിടിക്കുന്ന രാഷ്ട്രീയക്കാരെയും രക്ഷിക്കാന്‍ ദേവപ്രശ്‌നം നടത്തിയ ജ്യോത്സ്യന്മാരെയും തന്ത്രിയെയും ബലിയാടാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ഈ വന്‍ കൊള്ളയ്ക്ക് പിന്നില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, കേരളത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു പ്രമുഖ സ്വര്‍ണ്ണ വ്യാപാര ഗ്രൂപ്പാണെന്ന സത്യം പോലീസ് ബോധപൂര്‍വ്വം മൂടിവെക്കുകയാണ്.
ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന സ്‌പോണ്‍സറെ മുന്‍നിര്‍ത്തി ഈ ഗ്രൂപ്പാണ് ശബരിമലയില്‍ നവീകരണത്തിന്റെ പേരില്‍ കസേരയിട്ടു ഇരുന്നത്. ഈ സ്വര്‍ണ്ണ ഗ്രൂപ്പിലെ പ്രധാനി ബെംഗളൂരുവില്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നിരിക്കെ, അവരെ ചോദ്യം ചെയ്യാന്‍ പോലും എസ്.ഐ.ടി ഭയപ്പെടുകയാണ്. പോലീസിന് ആംബുലന്‍സ് നല്‍കിയ വേദി ഏറെ ചര്‍ച്ചയായിരുന്നു. പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും അടുത്തു നില്‍ക്കുന്ന ചിത്രവും പുറത്തു വന്നു. പക്ഷേ ഈ സ്വര്‍ണ്ണ കടയിലേക്ക് അന്വേഷണം പോകുന്നില്ല.
ശ്രീകോവില്‍ വാതിലിലും കട്ടിളയിലും വൈകല്യമുണ്ടെന്ന ദേവപ്രശ്‌ന വിധിയെ കവര്‍ച്ചയ്ക്കുള്ള മറയാക്കിയോ എന്നാണ് പോലീസ് ഇപ്പോള്‍ ചോദിക്കുന്നത്. വിശ്വാസത്തിന്റെ ഭാഗമായി വിധി കുറിച്ചവരുടെ മൊഴിയെടുത്ത് പുകമറ സൃഷ്ടിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ കടത്തപ്പെട്ട ശതകോടികളുടെ സ്വര്‍ണ്ണം എവിടെപ്പോയി എന്നതിന് മറുപടിയില്ല.
മുരാരി ബാബു എന്ന പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കാന്‍ 90 ദിവസം കുറ്റപത്രം നല്‍കാതെ പിണറായി വിജയന്റെ ഓഫീസ് പോലീസിനെ കെട്ടിയിട്ടുവെന്ന് വി.ഡി സതീശന്‍ ആരോപിക്കുന്നു. ദ്വാരപാലക ശില്പം വരെ വിറ്റുതുലച്ച കോടീശ്വരന്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ കടകംപള്ളി സുരേന്ദ്രന്‍ തയ്യാറാകണമെന്നും സതീശന്‍ ആഞ്ഞടിച്ചു.
പോലീസിന്റെ ഈ ‘കണ്ണുകെട്ടി വിദ്യ’ വിശ്വാസികളെ വെല്ലുവിളിക്കുന്നതാണ്. ആചാരപരമായ കാര്യങ്ങള്‍ നിര്‍ദ്ദേശിച്ചവരെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാന്‍ നോക്കുന്ന പിണറായി പോലീസ് ബെംഗളൂരുവിലെ സ്വര്‍ണ്ണമുതലാളിയുടെ പണത്തിന് മുന്നില്‍ മുട്ടുമടക്കിയോ എന്ന സംശയം ബലപ്പെടുന്നു.
ലോക്കല്‍ പോലീസ് കേസ് അട്ടിമറിക്കുമ്പോള്‍, കള്ളപ്പണ ഇടപാടുകളും അന്തര്‍സംസ്ഥാന ബന്ധങ്ങളും മുന്‍നിര്‍ത്തി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഈ കേസ് ഏറ്റെടുക്കുമോ എന്നാണ് ഭക്തലോകം ഉറ്റുനോക്കുന്നത്. സ്വര്‍ണ്ണക്കള്ളന്മാര്‍ക്കും അവര്‍ക്ക് ഒത്താശ ചെയ്ത രാഷ്ട്രീയക്കാര്‍ക്കും ഇഡിയുടെ പൂട്ടു വീണാല്‍ മാത്രമേ ശബരിമലയിലെ ഈ വന്‍ കൊള്ളയുടെ സത്യം പുറത്തുവരികയുള്ളൂ.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.