തിരുവനന്തപുരം/കൊച്ചി: കേരളം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് നില്‍ക്കെ, രാഷ്ട്രീയ ഗതിവിഗതികള്‍ മാറ്റിവരയ്ക്കാന്‍ പോന്ന അതീവ നിര്‍ണ്ണായക നീക്കവുമായി കേന്ദ്രം. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിഷയം സജീവമായി നിലനിര്‍ത്താന്‍ ബിജെപി കേന്ദ്ര നേതൃത്വം നേരിട്ട് കളത്തിലിറങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ ശബരിമല സന്ദര്‍ശിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. മുന്‍പ് രാഷ്ട്രപതി ശബരിമലയില്‍ എത്തിയ അതേ സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളും പാലിച്ചായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഇതിനുള്ള ഔദ്യോഗിക തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകും.
ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 11-ന് തിരുവനന്തപുരത്തെത്തും. പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തില്‍ അദ്ദേഹം പങ്കെടുക്കുന്നതോടെ ബിജെപിയുടെ ‘മിഷന് 2026’ ഔദ്യോഗികമായി ആരംഭിക്കും. ശബരിമലയിലെ പുണ്യസ്വര്‍ണ്ണം കവര്‍ന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന നിലപാടിലാണ് കേന്ദ്രം. അമിത് ഷായുടെ സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി സന്നിധാനത്തെത്തുന്നതോടെ ശബരിമല വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കി തിരഞ്ഞെടുപ്പ് ഗോദയില്‍ ആധിപത്യം ഉറപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. നിയമസഭയില്‍ രണ്ട അക്ക അംഗ പ്രാതിനിധ്യമാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് കേസെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ അന്വേഷണം ഉന്നതങ്ങളിലേക്ക് നീളും. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, മുന്‍ പ്രസിഡന്റുമാരായ എ. പത്മകുമാര്‍, എന്‍. വാസു, പി.എസ്. പ്രശാന്ത് എന്നിവരിലേക്ക് ഇഡി അന്വേഷണം വ്യാപിപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പല പ്രമുഖ നേതാക്കളും ഇഡിയുടെ വലയിലാകുമെന്നാണ് സൂചന. പ്രത്യേക അന്വേഷണ സംഘം മൂടിവെക്കാന്‍ ശ്രമിച്ച തെളിവുകള്‍ ഇഡി പുറത്തെടുക്കുന്നതോടെ രാഷ്ട്രീയ ബിംബങ്ങള്‍ തകര്‍ന്നടിയും.
ദേവസ്വം ബോർഡിൽ ഇഡി നടപടി; അസി. കമ്മീഷണർ ജെ. ജയപ്രകാശിനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകി
കോടതിയില്‍ നിന്ന് കേസ് രേഖകള്‍ കൈക്കലാക്കാന്‍ ഇഡി നടത്തിയ നീക്കത്തെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സംഘം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഈ എതിര്‍പ്പ് തള്ളിക്കൊണ്ട് വിജിലന്‍സ് കോടതി രേഖകള്‍ ഇഡിക്ക് കൈമാറി. ഇതോടെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കര്‍ശന നടപടികളിലേക്ക് ഇഡി കടക്കുകയാണ്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്ധന് എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അരിച്ചുപെറുക്കും. മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉന്നയിച്ച പ്രവാസി വ്യവസായിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഇഡി പരിശോധിക്കുന്നുണ്ട്.
വിശ്വാസികളെയും ഭക്തജനങ്ങളെയും വൈകാരികമായി ബാധിക്കുന്ന ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയമാക്കാന്‍ ബിജെപി തീരുമാനിച്ചു കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികളുടെ സമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. ആസൂത്രിതമായ ഒരു സാമ്പത്തിക കുറ്റകൃത്യമാണ് ശബരിമലയില്‍ നടന്നതെന്ന് ഇഡി കണ്ടെത്തിയാല്‍ അത് പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കും. ചുരുക്കത്തില്‍, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ രാഷ്ട്രീയം ശബരിമലയ്ക്കും ഇഡി അന്വേഷണത്തിനും ചുറ്റും കറങ്ങുമെന്ന് ഉറപ്പായി.


‘കേരളത്തില്‍ ബി.ജെ.പി മുഖ്യമന്ത്രി വരും! സ്വര്‍ണ്ണക്കൊള്ളയില്‍ രണ്ട് മന്ത്രിമാര്‍ കുടുങ്ങും . കേരളത്തെ കാവിയണിക്കാന്‍ മിഷന് 2026 പ്രഖ്യാപിച്ച് അമിത് ഷാ




