തിരുവനന്തപുരം: ഒഡീഷയില്‍ റെക്കോര്‍ഡ് ലഹരിവേട്ടയ്ക്കിടെ പിടിയിലായ തിരുവനന്തപുരം സ്വദേശി അലന്‍ ജയരാജിനെ (അലന്‍ രാജ്) കേരളത്തിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് പോലീസ് ഗൗരവമായ ആലോചനയില്‍. അതീവ അപകടകാരിയായ പ്രതിയെ കേരളത്തില്‍ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും ക്രമസമാധാന തടസ്സങ്ങള്‍ക്കും കാരണമാകുമോ എന്ന് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിലയിരുത്തും. സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ കേരളാ പോലീസിന്റെ പ്രത്യേക സംഘം ഒഡീഷയിലെ ജയിലിലെത്തി ചോദ്യം ചെയ്യുന്ന രീതിയാകും സ്വീകരിക്കുക.
അലന്‍ ജയരാജിന്റെ തിരുവനന്തപുരം നന്തന്‍കോട്ടെയും കവടിയാറിലെയും ബന്ധുക്കള്‍ ഇപ്പോള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും മുന്‍കാല ബന്ധങ്ങളെക്കുറിച്ചും ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഒരുകാലത്ത് ഇയാള്‍ക്ക് ഒരു റിട്ടയേര്‍ഡ് എസ്പിയുടെ മകനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു എന്ന വിവരത്തെത്തുടര്‍ന്ന് അതും അന്വേഷണ പരിധിയില്‍ വന്നിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന ഈ സൗഹൃദം ഇപ്പോള്‍ നിലവിലില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും ലഹരി മാഫിയയുമായി ഇയാള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
2020-ല്‍ ബാലരാമപുരത്ത് 203 കിലോ കഞ്ചാവ് പിടികൂടിയ കേസിലും 2021-ല്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് രണ്ട് ലഹരി കേസുകളിലും അലന്‍ ജയരാജിന് പരോക്ഷ ബന്ധമുണ്ടെന്ന് മൊഴികളുണ്ട്. അന്ന് അറസ്റ്റിലായവര്‍ അലന്റെ പേര് വെളിപ്പെടുത്തിയിരുന്നെങ്കിലും നേരിട്ടുള്ള തെളിവുകളുടെ അഭാവത്തില്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ ഒഡീഷയില്‍ കുടുങ്ങിയതോടെ കേരളത്തിലെ ഈ കേസുകളില്‍ നിയമപരമായ തുടര്‍നടപടികള്‍ക്കും വാറന്റ് പുറപ്പെടുവിക്കാനും എക്‌സൈസും പോലീസും ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെ തന്നെ വലിയൊരു ലഹരി നിര്‍മ്മാണ യൂണിറ്റ് ഒഡീഷയില്‍ പ്രവര്‍ത്തിപ്പിക്കുകയും അവിടെനിന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുകയും ചെയ്യുന്ന ശൃംഖലയുടെ തലവനാണ് അലന്‍ ജയരാജ്. കേരളാ പോലീസ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡീഷ പോലീസ് ഇയാളെ പിടികൂടിയത്. അതുകൊണ്ട് തന്നെ ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കേരളത്തിലെ പല പ്രമുഖ ലഹരി മാഫിയാ സംഘങ്ങളെയും കുടുക്കാന്‍ കഴിയുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
നിയമപരമായ കടമ്പകള്‍ പൂര്‍ത്തിയാക്കി കോടതി മുഖേന പ്രൊഡക്ഷന്‍ വാറന്റ് സമ്പാദിച്ച് ഇയാളെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തദ്ദേശ ഫലം വന്ന കഴിഞ്ഞയാഴ്ചത്തെ ബാര്‍ക്ക് റേറ്റിംഗ് തൂക്കി ഏഷ്യാനെറ്റ് ന്യൂസ് , റിപ്പോര്‍ട്ടറും ട്വന്റിഫോറും ബഹുദൂരം പിന്നില്‍, ജനം ടിവിക്കും നേട്ടം





