ഭുവനേശ്വര്‍: കഞ്ചാവ് ചെടികളില്‍ നിന്ന് പ്രത്യേക എക്സ്ട്രാക്ഷന്‍ രീതിയിലൂടെ ഹാഷിഷ് ഓയില്‍ നിര്‍മ്മിക്കുന്ന വന്‍ ലഹരി മാഫിയയുടെ നട്ടെല്ലൊടിച്ച് ഒഡീഷ പോലീസ്. ‘കഞ്ചാവ് ഇലകളില്‍ നിന്നും ശാസ്ത്രീയമായ രീതിയിലാണ് ഹാഷിഷ് ഓയില്‍ അഥവാ കാനബിസ് ഓയില്‍ തയ്യാറാക്കുന്നത്. കടത്താനുള്ള എളുപ്പവും പരിശോധനകളില്‍ നിന്ന് വേഗത്തില്‍ രക്ഷപ്പെടാം എന്നതുമാണ് ലഹരി സിന്‍ഡിക്കേറ്റുകള്‍ ഈ ഓയിലിനെ പ്രിയങ്കരമാക്കാന്‍ കാരണം,’ എന്ന് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള, സാങ്കേതിക വൈദഗ്ധ്യമുള്ള ഈ ശൃംഖലയുടെ നിര്‍മ്മാണ കേന്ദ്രം തകര്‍ക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ തലവന്‍ അലന് ജയരാജിനെ പിടികൂടുകയും ചെയ്തതോടെ മാഫിയയുടെ നിര്‍മ്മാണ അടിത്തറയാണ് തകര്‍ത്തതെന്ന് ഡി.ഐ.ജി വ്യക്തമാക്കി. ലഹരി വില്പനയിലൂടെ ലഭിച്ചിരുന്ന കോടിക്കണക്കിന് രൂപ അലന് തന്റെ ബന്ധുക്കളും സുഹൃത്തുക്കളും വഴി വെളുപ്പിച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്‍പ്പെടെ ബിനാമി പേരുകളില്‍ ഇയാള്‍ വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയേക്കും.
തിരുവനന്തപുരം നന്തന്‍കോട് സ്വദേശിയായ അലന് ജയരാജ് (അലന് പൊന്നു) ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനായാണ് വളര്‍ന്നത്. എന്നാല്‍ അതിവേഗം പണക്കാരനാകാനുള്ള മോഹം ഇയാളെ ലഹരിയുടെ ഇരുണ്ട ലോകത്തെത്തിച്ചു. ശാസ്തമംഗലത്ത് ടാറ്റൂ സ്റ്റുഡിയോ നടത്തിയിരുന്ന കാലത്ത് അവിടെയെത്തുന്ന വിദ്യാര്‍ത്ഥികളെ സൗഹൃദം നടിച്ച് ലഹരിക്ക് അടിമകളാക്കിയായിരുന്നു തുടക്കം. പിന്നീട് തിരുവനന്തപുരത്തെ കുപ്രസിദ്ധമായ ‘കണ്ണാടി ഷാജി’ വധക്കേസില്‍ പ്രതിയായതോടെയാണ് അലന് നഗരം വിടുന്നത്. ഷാജിയുടെ അനുയായികളുടെ ഭീഷണി ഭയന്ന് ബംഗളൂരുവിലേക്ക് കടന്ന ഇയാള്‍ അവിടെ നിന്നാണ് ഒഡീഷയിലെ നക്സല്‍ മേഖലകളിലേക്ക് ലഹരി സാമ്രാജ്യം വ്യാപിപ്പിച്ചത്.
പതിറ്റാണ്ടുകളോളം നക്സലുകള്‍ അടക്കിവാണിരുന്ന ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലെ ലഹരി തോട്ടങ്ങള്‍ ഇന്ന് പോലീസ് നിയന്ത്രണത്തിലാണ്. ചെങ്കൊടിക്കീഴില്‍ സുരക്ഷിതമായിരുന്ന കഞ്ചാവ് തോട്ടങ്ങള്‍ക്കും ലഹരി നിര്‍മ്മാണ യൂണിറ്റുകള്‍ക്കും കാവല്‍ നില്ക്കാന് നക്സലുകള്‍ ഇല്ലാതായതാണ് അലന് വിനയായത്. നക്സല്‍ വിരുദ്ധ ഓപ്പറേഷന് ശക്തമായതോടെ തുരുത്തുകളില്‍ ഒറ്റപ്പെട്ട അലനെ കൃത്യമായ നീക്കത്തിലൂടെ പോലീസ് വലയിലാക്കി.
ഒഡീഷ കണ്ട ഏറ്റവും വലിയ ലഹരി വേട്ടയാണിത്. 300 കോടി രൂപയുടെ ഹാഷിഷ് ഓയിലും ആയിരം കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. വിജനമായ ദ്വീപുകളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കിയാണ് കഞ്ചാവില്‍ നിന്നും ഹാഷിഷ് ഓയില്‍ വേര്‍തിരിച്ചിരുന്നത്. ലഹരി വിപണിയുടെ 70 ശതമാനവും നിയന്ത്രിച്ചിരുന്ന അലന്, സോഷ്യല്‍ മീഡിയയിലൂടെ കഞ്ചാവ് തോട്ടങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാണ് കച്ചവടം കൊഴുപ്പിച്ചിരുന്നത്.
പാപ്പനംകോട് കഞ്ചാവ് വേട്ടയുള്‍പ്പെടെ കേരളത്തിലെ വിവിധ ലഹരി കേസുകളില്‍ അലന് മുഖ്യ കണ്ണിയാണ്. ഒഡീഷയില്‍ റിമാന്‍ഡിലുള്ള ഇയാളെ വിട്ടുകിട്ടാന്‍ കേരള പോലീസ് നിയമനടപടികള്‍ ആരംഭിച്ചു. പ്രൊഡക്ഷന്‍ വാറന്റ് വഴി ഇയാളെ തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ ലഹരി മാഫിയയുടെ പിന്നിലെ രാഷ്ട്രീയ-സാമ്പത്തിക വമ്പന്മാരുടെ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മൂന്ന് വര്‍ഷമായി സ്റ്റേഷനുകളില്‍ ജോലി ചെയ്യാതെ മേലാപ്പീസില്‍ മാത്രം തുടരുന്ന റൈറ്റര്‍; ആരോപണം അഴിമതി മുതല്‍ വഴിവിട്ട സൗഹൃദം വരെ; തിരുവനന്തപുരത്തെ പോലീസിലെ ‘ദുര്‍ഗന്ധം’ ചര്‍ച്ചകളില്‍, പുകഞ്ഞ കൊള്ളിയെ തൊട്ടാൽ പൊള്ളുമോ ! കമ്മിഷണർ കാർത്തിക് തീയാകുമോ?




