ഓട്ടോക്കാരന്റെ മകനില്‍ നിന്ന് ഗുണ്ടാത്തലവന്റെ വലംകൈയിലേക്ക്; കണ്ണാടി ഷാജിയുടെ ക്വട്ടേഷന്‍ സംഘത്തില്‍ തുടങ്ങിയ ‘അലന്‍ പുന്നൂസ്’ ഒടുവില്‍ 300 കോടിയുടെ ലഹരി സിന്‍ഡിക്കേറ്റ് തലവനായ കഥ

ഭുവനേശ്വര്‍/തിരുവനന്തപുരം: ഒരു സാധാരണ ഓട്ടോറിക്ഷാ ഡ്രൈവറുടെ മകനില്‍ നിന്ന് ഒഡിഷയിലെ ഘോരവനത്തിനുള്ളിലെ ദ്വീപ് കേന്ദ്രീകരിച്ച് 300 കോടിയുടെ ലഹരി സാമ്രാജ്യം ഭരിക്കുന്ന ‘കഞ്ചാവ് രാജാവിലേക്കുള്ള’ അലന്‍ ജയരാജ് എന്ന അലന്‍ പുന്നൂസിന്റെ വളര്‍ച്ച സിനിമാക്കഥകളെ പോലും വെല്ലുന്നതാണ്. തിരുവനന്തപുരം നഗരത്തിലെ നന്തന്‍കോട് സ്വദേശിയായ അലന്‍, ഗുണ്ടകളോടുള്ള ആരാധന മൂത്താണ് കൗമാരപ്രായത്തില്‍ തന്നെ തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന കണ്ണാടി ഷാജിയുടെ ക്വട്ടേഷന്‍ സംഘത്തില്‍ എത്തിയത്.
നഗരത്തിലെ ഗുണ്ടാപ്പകകളുടെയും ക്വട്ടേഷനുകളുടെയും ഭാഗമായി മാറിയ അലന്‍ വൈകാതെ കണ്ണാടി ഷാജിയുടെ വിശ്വസ്തനായി. എന്നാല്‍ ഷാജി കൊല്ലപ്പെട്ടതോടെ അലന്റെ ജീവിതം മാറിമറിഞ്ഞു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് അലന്‍ ജയിലിലായി. ഈ ജയില്‍വാസമാണ് അലനെ കഞ്ചാവ് മാഫിയയുടെ വലിയ ലോകത്തേക്ക് എത്തിച്ചത്. ജയിലില്‍ വച്ച് പരിചയപ്പെട്ട ലഹരിക്കടത്തുകാരില്‍ നിന്നാണ് കഞ്ചാവ് വില്‍പനയിലെ വന്‍ ലാഭത്തെക്കുറിച്ച് അലന്‍ പഠിക്കുന്നത്.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അലന്‍ പിന്നീട് തിരിഞ്ഞുനോക്കിയില്ല. ടാറ്റൂ സ്റ്റുഡിയോയുടെ മറവില്‍ ലഹരി കച്ചവടം ആരംഭിച്ച ഇയാള്‍, ടാറ്റൂ അടിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെ സൗഹൃദത്തിലൂടെ മയക്കുമരുന്നിന് അടിമകളാക്കിയാണ് തന്റെ ശൃംഖല വിപുലീകരിച്ചത്. തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ യുവാക്കള്‍ക്കായി ആദ്യമായി ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചതും അലനായിരുന്നു. വെള്ളറടയിലെ ഫാം ഹൗസ് കേന്ദ്രീകരിച്ചു നടത്തിയ പാര്‍ട്ടികള്‍ക്ക് പോലീസ് തടയിട്ടതോടെ ഇയാള്‍ തന്റെ കേന്ദ്രം നാഗര്‍കോവിലിലേക്കും കൊടൈക്കനാലിലേക്കും മാറ്റി.
കഞ്ചാവ് പൊതികളായി കടത്തുന്നതിനേക്കാള്‍ ലാഭകരവും സുരക്ഷിതവും ഹാഷിഷ് ഓയില്‍ നിര്‍മാണമാണെന്ന് അലന്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു. ഇതിനായി ആന്ധ്രയിലെയും ഒഡിഷയിലെയും ഘോരവനങ്ങളില്‍ നക്‌സല്‍ സംഘങ്ങളുടെ പിന്തുണയോടെ ലഹരി നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിച്ചു. കഞ്ചാവ് കടത്തില്‍ നിന്ന് ലഹരി ഉല്‍പ്പാദനത്തിലേക്ക് ചുവടുമാറ്റിയതോടെ അലന്‍ ഒരു വന്‍ സിന്‍ഡിക്കേറ്റിന്റെ തലവനായി മാറി. ആന്ധ്രയിലെ വനമേഖലയില്‍ നക്‌സല്‍ സ്വാധീനം കുറഞ്ഞതോടെയാണ് ഇയാള്‍ ഒഡിഷയിലെ കോറാപുട്ടിലേക്ക് താവളം മാറ്റിയത്.
കൊറാപുട്ടിലെ ജലാപുട്ട് റിസര്‍വോയറിനുള്ളിലെ ഒരു ഒറ്റപ്പെട്ട ദ്വീപിലായിരുന്നു അലന്റെ അത്യാധുനിക ഹാഷിഷ് ഓയില്‍ ലാബ് പ്രവര്‍ത്തിച്ചിരുന്നത്. ബോട്ടുകളില്‍ മാത്രം എത്തിപ്പെടാവുന്ന ഈ ദ്വീപ് ലഹരി നിര്‍മ്മാണത്തിന് ഏറ്റവും സുരക്ഷിതമാണെന്ന് അലന്‍ കരുതി. മുപ്പത് മണിക്കൂര്‍ നീണ്ട അതിസാഹസികമായ ഓപ്പറേഷനൊടുവില്‍ ഒഡിഷ പോലീസ് ഈ താവളം വളഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്നത് 300 കോടി രൂപയുടെ ലഹരിവസ്തുക്കളാണ്. 1800 ലിറ്റര്‍ ഹാഷിഷ് ഓയിലും ആയിരം കിലോ കഞ്ചാവും പിടിച്ചെടുത്തു.
രഹസ്യ സ്വഭാവമുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിച്ചിരുന്ന അലനെ പിടികൂടുക എന്നത് കേരള പോലീസിനും എക്‌സൈസിനും വലിയ വെല്ലുവിളിയായിരുന്നു. എക്‌സൈസ് സ്‌ക്വാഡ് മാത്രം കേരളത്തില്‍ പിടികൂടിയ ആയിരം കിലോയിലധികം കഞ്ചാവിന്റെ ഉറവിടം അലനായിരുന്നു. എന്നിട്ടും വര്‍ഷങ്ങളോളം നിയമത്തിന്റെ കണ്ണുവെട്ടിക്കാന്‍ ഇയാള്‍ക്ക് സാധിച്ചു. സിന്‍ഡിക്കേറ്റ് തലവനായതോടെ ഇയാള്‍ വനത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്നത് പോലും അപൂര്‍വ്വമായായിരുന്നു.
തിരുവനന്തപുരത്തെ നന്തന്‍കോട് നിന്ന് തുടങ്ങിയ ക്രിമിനല്‍ ജീവിതം ഒഡിഷയിലെ ജയിലഴികള്‍ക്കുള്ളില്‍ അവസാനിക്കുമ്പോള്‍ കേരള പോലീസിനും വലിയ ആശ്വാസമാണ്. പാപ്പനംകോട് വച്ച് 300 കിലോ കഞ്ചാവുമായി പിടിയിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് അലന്റെ ഒഡിഷയിലെ സാമ്രാജ്യത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. കേരളത്തിലെത്തിച്ചു തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
അലന്റെ സംഘാംഗങ്ങളായ ആനന്ദ് രാജ്, കിരണ്‍, ബിത്തു എന്നീ മലയാളി യുവാക്കളും രണ്ട് ഒഡിഷ സ്വദേശികളും ഇപ്പോള്‍ കസ്റ്റഡിയിലാണ്. ഇവര്‍ പിടിയിലായതോടെ തെക്കന്‍ കേരളത്തിലേക്കുള്ള ലഹരിമരുന്നിന്റെ പ്രധാന ഉറവിടമാണ് അടച്ചുപൂട്ടപ്പെട്ടത്. ടാറ്റൂ സ്റ്റുഡിയോകളില്‍ തുടങ്ങുന്ന ലഹരി ശൃംഖലകള്‍ എങ്ങനെ വന്‍കിട രാജ്യാന്തര മാഫിയകളായി വളരുന്നു എന്നതിന്റെ നേര്‍സാക്ഷ്യമാണ് അലന്‍ പുന്നൂസ് എന്ന അലന്‍ ജയരാജ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.