തിരിച്ചടികള്‍ തുടരുന്നു: പി.പി. ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്നും പുറത്താക്കി; സംഘടനയെ സലീ ഖയും സുജാതയും നയിക്കും

തിരുവനന്തപുരം: എഡിഎം കെ. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി.പി. ദിവ്യക്കെതിരെ സംഘടനാനടപടികള്‍ കടുപ്പിച്ച് സി.പി.എം. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയില്‍ നിന്നും ദിവ്യയെ ഒഴിവാക്കി. നേരത്തെ സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്നും ശാസനയോടെ താഴേക്കിറക്കിയതിന് പിന്നാലെയാണ് മഹിളാ അസോസിയേഷന്റെ ഈ നിര്‍ണ്ണായക നീക്കം.

തിരുവനന്തപുരത്ത് നടന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14-ാം സംസ്ഥാന സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി സി.എസ്. സുജാത സ്ഥാനത്ത് തുടരുമ്പോള്‍, കെ.എസ്. സലീഖ പുതിയ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സൂസന്‍ കോടിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കി. ഇ പ്തമാവതിയാണ് ട്രഷര്‍. ഈ സമ്മേളനമാണ് ദിവ്യയെ തഴഞ്ഞത്.

മഹിളാ അസോസിയേഷന്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്നും ദിവ്യയെ പൂര്‍ണ്ണമായും ഒഴിവാക്കി. പാര്‍ട്ടി അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദിവ്യയുടെ ആവശ്യ പ്രകാരമാണെന്നാണ് പാര്‍ട്ടി പറയുന്നത്. പാര്‍ട്ടി പദവികളില്‍ നിന്നുള്ള ഈ പുറത്താക്കല്‍ ദിവ്യയുടെ രാഷ്ട്രീയ ഭാവിക്ക് വലിയ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതകള്‍ ഇതോടെ പൂര്‍ണ്ണമായും അടഞ്ഞു.

നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ജനരോഷവും കോടതിയില്‍ നിന്നുള്ള പരാമര്‍ശങ്ങളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ‘ക്ലീന്‍ ഇമേജ്’ നിലനിര്‍ത്താനാണ് സി.പി.എം. ശ്രമിക്കുന്നത്. കണ്ണൂരിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഈ കേസ് വലിയ തിരിച്ചടി നല്‍കി. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു ദിവ്യ.

എന്നാല്‍ മരണപ്പെട്ട ഉദ്യോഗസ്ഥന്റെ കുടുംബത്തിനൊപ്പം പൊതുസമൂഹം ഉറച്ചുനിന്നത് പാര്‍ട്ടിയെ കടുത്ത തീരുമാനങ്ങളിലേക്ക് നയിച്ചു. അങ്ങനെയാണ് ജില്ലാ കമ്മറ്റിയില്‍ നിന്നും പുറത്തായത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതോടെ ദിവ്യയുടെ പാര്‍ലമെന്ററി മോഹങ്ങള്‍ക്ക് വലിയൊരു വിരാമമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

‘തെറ്റായ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ല’ എന്ന സന്ദേശമാണ് ഈ നടപടിയിലൂടെ പാര്‍ട്ടി അണികള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് സൂചന. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് ദിവ്യയുടെ ആവശ്യ പ്രകാരമാണ് മാറ്റം എന്ന് സിപിഎം വനിതാ സംഘടന പറയുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.