പത്തനംതിട്ട: കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ വില്ലന്മാര്‍ ആരാണ്? നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ഭരണസിരാകേന്ദ്രങ്ങളില്‍ ഇരുന്ന് ചരടുവലിക്കുന്ന ആ അദൃശ്യശക്തികളെ കണ്ടെത്താന്‍ ഇനിയെങ്കിലും നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമോ? കേസില്‍ അതീവ നിര്‍ണ്ണായകമാകേണ്ടിയിരുന്ന പങ്കാളിത്തക്കരാര്‍ (പാര്‍ട്ടണര്‍ഷിപ്പ് ഡീഡ്) ഫയലുകളില്‍ നിന്ന് അപ്രത്യക്ഷമായത് വന്‍ സ്രാവുകളെ സംരക്ഷിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. കേസ് സി.ബി.ഐക്ക് വിട്ടാലും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ മൂലം തെളിവുകള്‍ അവശേഷിക്കുമോ എന്ന ആശങ്കയിലാണ് പൊതുസമൂഹം.
ഒരു ജനകീയനും സത്യസന്ധനുമായ ഉദ്യോഗസ്ഥന്റെ ജീവനെടുത്ത സംഭവത്തില്‍ ഉയര്‍ന്നുവന്ന പുകമറ നീക്കാന്‍ ശക്തമായ നടപടികള്‍ അനിവാര്യമാണ്. ഔദ്യോഗിക രേഖകള്‍ മുക്കാന്‍ കൂട്ടുനിന്ന ഭരണതലത്തിലെ ‘കറുത്ത കൈകളെ’ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടേണ്ടതുണ്ട്. ഇതിന് പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവന്നില്ലെങ്കില്‍, ഈ മരണം കേരളത്തിന്റെ നീതിന്യായ ചരിത്രത്തിന് തന്നെ വിട്ടുമാറാത്ത നാണക്കേടായി അവശേഷിക്കും.
2024 മാര്‍ച്ച് 30-ന് തളിപ്പറമ്പ് തഹസില്‍ദാര്‍ അന്നത്തെ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച കൃത്യമായ റിപ്പോര്‍ട്ടില്‍ ഈ പങ്കാളിത്തക്കരാര്‍ ഉള്ളടക്കം ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണം കത്തിയെരിഞ്ഞതോടെ കളക്ടറേറ്റിലെ ഫയലുകളില്‍ നിന്ന് ഈ പ്രധാന രേഖ മാത്രം മാന്ത്രികമായി അപ്രത്യക്ഷമായി. പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്തന്‍, ഉന്നതരായ ചില വ്യക്തികളുമായി ഉണ്ടാക്കിയ ഈ രേഖ ബോധപൂര്‍വ്വം മാറ്റിയതാണെന്ന് വ്യക്തം.
പെട്രോള്‍ പമ്പിന് പിന്നില്‍ കോടികള്‍ ഇറക്കിയതും രാഷ്ട്രീയ സ്വാധീനം ചെലുത്തിയതും ആരാണെന്ന യാഥാര്‍ത്ഥ്യം പുറത്തുവരാതിരിക്കാനാണ് ഈ അട്ടിമറി നടന്നിരിക്കുന്നത്. നവീന്‍ ബാബുവിനെതിരെ കൈകൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്‍ കേവലം ഒരു നിഴല്‍ മാത്രമാണ്. കണ്ണൂരിലെ സി.പി.എം. കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള യഥാര്‍ത്ഥ നിക്ഷേപകര്‍ ആരൊക്കെയാണെന്ന് തെളിയിക്കുന്നതായിരുന്നു ആ പങ്കാളിത്തക്കരാര്‍.
ഈ പെട്രോള്‍ പമ്പിന്റെ അനുമതി വൈകിയതിലുള്ള വൈരാഗ്യമാണ് 2024 ഒക്ടോബര്‍ 14-ന് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ക്ഷണിക്കപ്പെടാതെ ഇരച്ചുകയറാന്‍ കാരണം. വേദിയില്‍ വച്ച് അദ്ദേഹത്തെ പരസ്യമായി ആക്ഷേപിച്ചതിന്റെ പിറ്റേന്ന് രാവിലെയാണ് നവീനെ ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങള്‍ തകര്‍ക്കുന്ന എന്തോ രഹസ്യം നവീന്റെ പക്കലുണ്ടെന്ന ഭയമായിരുന്നോ ആ വേട്ടയാടലിന് പിന്നില്‍?
തുടക്കത്തില്‍ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും നടപടികള്‍ വെറുമൊരു പ്രഹസനമായിരുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു സര്‍ക്കാര്‍ രേഖ കാണാതായിട്ടും അത് കണ്ടെത്താനോ, കളക്ടറേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യാനോ അന്വേഷണസംഘം തുനിഞ്ഞില്ല. രാഷ്ട്രീയ യജമാനന്മാരെ സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തന്നെ കൂട്ടുനിന്നെന്ന ആക്ഷേപം ഇതോടെ ശരിവയ്ക്കപ്പെടുകയാണ്.
കണ്ണൂരിലെ രാഷ്ട്രീയ സമവാക്യങ്ങളും അവിടുത്തെ പാര്‍ട്ടിക്കുള്ളിലെ തന്ത്രങ്ങളും നന്നായി അറിയാവുന്ന ഉദ്യോഗസ്ഥനാണ് എസ്.പി. കെ.വി. ഷൗക്കത്തലി. ഈ കേസിന്റെ അന്വേഷണച്ചുമതല പ്രാരംഭഘട്ടത്തില്‍ തന്നെ ഷൗക്കത്തലിയെപ്പോലൊരു നിര്‍ഭയനായ ഉദ്യോഗസ്ഥന് നല്‍കിയിരുന്നെങ്കില്‍ ഫയലുകള്‍ മുങ്ങില്ലായിരുന്നുവെന്നും യഥാര്‍ത്ഥ പ്രതികള്‍ ഇന്ന് കമ്പി എണ്ണേണ്ടി വരുമായിരുന്നുവെന്നും മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു.
കേസ് കേന്ദ്ര ഏജന്‍സിയായ സി.ബി.ഐക്ക് കൈമാറിയാലും അവര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. പ്രാദേശിക ഭരണസ്വാധീനം ഉപയോഗിച്ച് തെളിവുകളെല്ലാം ഇതിനോടകം തന്നെ ഇല്ലാതാക്കിക്കഴിഞ്ഞു. സാങ്കേതികമായി അന്വേഷണം മുന്നോട്ട് പോയാലും കൃത്യമായ രേഖകളോ സാക്ഷികളോ ഇല്ലെങ്കില്‍ കേസ് അട്ടിമറിക്കപ്പെടാം. അതുകൊണ്ടുതന്നെ, യാതൊരുവിധ രാഷ്ട്രീയ-ഭരണപരമായ ഇടപെടലുകളും ഉണ്ടാകാതിരിക്കാന്‍ ശക്തമായ നിരീക്ഷണം ആവശ്യമാണ്.
കണ്ണൂരിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളും ഭരണസംവിധാനങ്ങളിലെ അവിശുദ്ധ കൂട്ടുകെട്ടുകളും പൊളിച്ചടുക്കാന്‍ അവിടുത്തെ രീതികള്‍ നന്നായി അറിയുന്ന അന്വേഷണ വിദഗ്ദ്ധര്‍ തന്നെ സി.ബി.ഐ സംഘത്തില്‍ ഉണ്ടാകണം. അല്ലാത്തപക്ഷം, അദൃശ്യമായി തുടരുന്ന ആ ‘വലിയ സ്രാവുകള്‍’ നിയമത്തിന്റെ വലക്കണ്ണികള്‍ മുറിച്ച് വളരെ എളുപ്പത്തില്‍ രക്ഷപ്പെടാന്‍ സാധ്യതയേറെയാണ്.
തങ്ങളുടെ പ്രിയപ്പെട്ടവന്റെ മരണത്തിന് കാരണക്കാരായ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം നടത്തുന്ന പോരാട്ടം തുടരുകയാണ്. പമ്പിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം ആരാണെന്ന് കണ്ടെത്തണമെന്ന അവരുടെ ആവശ്യം സംസ്ഥാന ഭരണകൂടം ഇതുവരെ ഗൗരവമായി എടുത്തിട്ടില്ല. പങ്കാളിത്തക്കരാര്‍ കാണാതായ സംഭവം പ്രത്യേകമായി അന്വേഷിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സമയം 3 മണി 25 മിനിറ്റ് 15 സെക്കന്‍ഡ്. ആ ചുവരിലെ സൂചികള്‍ മരവിച്ചുനില്ക്കുന്നത് ആ കറുത്ത ചൊവ്വാഴ്ചയുടെ നടുക്കുന്ന സ്മാരകമായി; നിലച്ച സൂചികള്‍, നിലവിളിച്ച മണ്ണ്: മുണ്ടത്തിക്കോടിന്റെ നെഞ്ചകം തകര്‍ന്നത് മൂന്നേ ഇരുപത്തിയഞ്ചിന്





