ഭുവനേശ്വര്‍: കൊലക്കേസില്‍ കോടതി വെറുതെ വിട്ടിട്ടും മാഫിയാ തലവനാകാനുള്ള മോഹം തലയ്ക്കുപിടിച്ച തലസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ട ഒടുവില്‍ ഒഡീഷ പോലീസിന്റെ വലയിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കണ്ണാടി ഷാജി വധക്കേസിലെ പ്രതിയും അമ്പലമുക്ക് കൃഷ്ണകുമാര്‍ ഗ്യാങ്ങിലെ പ്രധാനിയുമായ തിരുവനന്തപുരം നന്തന്‍കോട് സ്വദേശി അലന് ജയരാജ് (അലന് രാജ് – 33) ആണ് ഒഡീഷയിലെ കോറാപുട്ടില്‍ നിന്ന് പിടിയിലായത്. 300 കോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയില്‍ ഫാക്ടറിയും അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് സിന്‍ഡിക്കേറ്റും തകര്‍ത്താണ് ഒഡീഷ പോലീസ് നിര്‍ണ്ണായക വിജയം നേടിയത്.
തിരുവനന്തപുരം നഗരത്തിലെ നന്തന്‍കോട് സ്വദേശിയായ അലന്, കേരള പോലീസും എക്സൈസും ഏറെനാളായി തിരഞ്ഞുകൊണ്ടിരുന്ന കുറ്റവാളിയാണ്. അലന് ജയരാജിനൊപ്പം തിരുവനന്തപുരം സ്വദേശികളായ ആനന്ദ് രാജ്, കിരണ്‍, ബിത്തു എന്നിവരും രണ്ട് പ്രാദേശിക സഹായികളും പിടിയിലായിട്ടുണ്ട്. കോറാപുട്ടിലെ ജലാപുട്ട് റിസര്‍വോയറിന് ഉള്ളിലുള്ള അതീവ രഹസ്യമായ ദ്വീപിലായിരുന്നു ഇവര്‍ ഹാഷിഷ് ഓയില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിച്ചിരുന്നത്.
വനത്തിനുള്ളില്‍ അതീവ രഹസ്യമായാണ് അലന് രാജ് മയക്കുമരുന്ന് സാമ്രാജ്യം കെട്ടിപ്പടുത്തത്. അത്യാധുനിക ലാബ് സൗകര്യങ്ങളോടെ കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിലാക്കി മാറ്റുന്ന പ്രവര്‍ത്തനമാണ് ഇവിടെ നടന്നിരുന്നത്. റെയ്ഡില്‍ 1800 ലിറ്റര്‍ ഹാഷിഷ് ഓയിലും ആയിരം കിലോ കഞ്ചാവും പിടിച്ചെടുത്തു. 28 കെ.വി ജനറേറ്റര്‍, മോഡിഫൈഡ് പ്രഷര്‍ കുക്കറുകള്‍, പ്രത്യേക പൈപ്പിംഗുകള് എന്നിവയടങ്ങിയ വലിയൊരു സജ്ജീകരണം തന്നെ പോലീസ് തകര്‍ത്തു. സാഹസികമായ നീക്കത്തിലൂടെയാണ് ഡ്രോണുകളും ബോട്ടുകളും ഉപയോഗിച്ച് പോലീസ് ഈ സിന്‍ഡിക്കേറ്റിന്റെ അടിവേരറുത്തത്.
തലസ്ഥാനത്തെ വിറപ്പിച്ച കണ്ണാടി ഷാജി വധക്കേസിലെ പ്രതിയായിരുന്നു അലന്. ഗൂഢാലോചനക്കേസില്‍ കോടതി ഇയാളെ വെറുതെ വിട്ടെങ്കിലും കുറ്റകൃത്യങ്ങളുടെ ലോകം ഉപേക്ഷിക്കാന്‍ അലന് തയ്യാറായിരുന്നില്ല. ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം ആരംഭിച്ച ഇയാള്‍ പിന്നീട് ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലെ നക്സല്‍ സ്വാധീന മേഖലകളിലേക്ക് താവളം മാറ്റി. നക്സലുകളുടെ പിന്തുണ കുറഞ്ഞതോടെയാണ് കോറാപുട്ടിലെ ഉള്‍വനത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയത്.
തിരുവനന്തപുരം ശാസ്തമംഗലത്ത് വീട് വാടകയ്ക്കെടുത്തു ടാറ്റൂ സ്റ്റുഡിയോയുടെ മറവില്‍ അലന് രാജ് മുന്‍പ് ലഹരി കച്ചവടം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച് വലയിലാക്കിയായിരുന്നു അന്നത്തെ വിപണനം. ബാംഗ്ലൂരില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വോള്‍വോ ബസ്സുകളില്‍ ബാഗുകളിലാക്കി മയക്കുമരുന്ന് എത്തിക്കുന്നതിലും ഇയാള്‍ വൈദഗ്ധ്യം നേടിയിരുന്നു. കേരളത്തിലെ കഞ്ചാവ്-ഹാഷിഷ് ഓയില്‍ വിപണിയുടെ മുഖ്യ സപ്ലൈയറായിരുന്നു ഇയാളെന്ന് പോലീസ് തിരിച്ചറിഞ്ഞു.
ഒഡീഷ ഡി.ഐ.ജി കന്‍വര്‍ വിശാല്‍ സിംഗിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കേരളത്തിലെത്തിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ഒഡീഷ പോലീസിന്റെ നീക്കം. അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള ഈ സിന്‍ഡിക്കേറ്റിന്റെ കൂടുതല്‍ കണ്ണികള്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നാണ് സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വേഷം മാറിയും പേര് മാറ്റിയും ഒളിവ് ജീവിതം; 20 വർഷത്തിന് ശേഷം കൊലയാളികൾ സിബിഐ പിടിയിൽ




