കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ ലഹരിപ്പാര്‍ട്ടികള്‍ക്കും ലഹരി വിതരണത്തിനുമായി മാരകമായ രാസലഹരി എത്തിച്ചുനല്‍കുന്ന ലഹരി മാഫിയയുടെ വേരുകള്‍ സിനിമാ മേഖലയിലേക്കും പടരുന്നു. കേസില്‍ പിടിയിലായ പ്രധാന കണ്ണി കെവിന് ബി. മാത്യുവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവനടനെതിരെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സിനിമാ രംഗത്തെ പ്രമുഖരുമായുള്ള കെവിന്റെ ഇടപാടുകള്‍ പുറത്തുവന്നതോടെ കൊച്ചിയിലെ സിനിമാ-ലഹരി മാഫിയാ ബന്ധം കൂടുതല്‍ വ്യക്തമാവുകയാണ്.
തിരുവനന്തപുരം സ്വദേശിയായ ഈ യുവനടന് രാഷ്ട്രീയ ബന്ധമുള്ള പ്രശസ്തനായ ഒരു നടന്റെ മകനാണെന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. തൃശൂര്‍ സ്വദേശിയായ മറ്റൊരു പ്രമുഖ നടന്റെ മകനുമായുള്ള സൗഹൃദമാണ് തിരുവനന്തപുരത്തുകാരനായ നടനെ കെവിനുമായി അടുപ്പിച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. തൃശൂരുകാരനായ നടന്റെ മകനുമായുള്ള കൂട്ടുകെട്ട് യുവനടനെ ലഹരി മാഫിയയുടെ വലയില്‍ ചാടിച്ചോ എന്ന കാര്യത്തില്‍ പോലീസ് വിവരശേഖരണം തുടരുകയാണ്. കെവിന്റെ ഫോണ്‍ രേഖകളില്‍ നിന്നും സാമ്പത്തിക ഇടപാടുകളില്‍ നിന്നും സിനിമാ മേഖലയിലെ ഉന്നതരുടെ പേരുകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം.
കൊച്ചിയിലെ നൈറ്റ് പാര്‍ട്ടികളിലെ പ്രധാന ഡ്രഗ് ഡീലറായ കെവിന് കേവലം ഒരു വിതരണക്കാരനല്ലെന്നും ലഹരി കടത്തുന്ന വമ്പന്‍ സ്രാവുകളില്‍ ഒരാളാണെന്നും പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഇയാള്‍ 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. ലഹരി മരുന്ന് നേരിട്ട് എത്തിക്കുന്നതിനായി ഇയാള്‍ ഇടയ്ക്കിടെ തായ്ലന്ഡ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുമുണ്ടായിരുന്നു. കഴിഞ്ഞ മാസം കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നടന്ന ലഹരിപ്പാര്‍ട്ടിയില്‍ പിടിയിലായ ഡോക്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും ലഹരി എത്തിച്ചുനല്‍കിയത് കെവിനാണെന്ന് തെളിഞ്ഞിട്ടുണ്ട്.
തൃക്കാക്കര ചെമ്പുമുക്കിലെ താമസസ്ഥലത്ത് നിന്ന് ഡാന്‍സാഫ് സംഘം പിടികൂടുമ്പോള്‍ കെവിന്റെ പക്കല്‍ നിന്ന് മാരകമായ 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷവും മൂന്ന് യുവതികള്‍ക്കൊപ്പം ലഹരിമരുന്നുമായി ഇയാള്‍ പിടിയിലായിരുന്നു. കെവിനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ സിനിമാക്കാരുടെ പട്ടിക പോലീസ് തയ്യാറാക്കി വരികയാണ്. ലഹരി മാഫിയ കൊച്ചിയില്‍ പിടിമുറുക്കുമ്പോള്‍, ഈ ശൃംഖലയിലെ വമ്പന്‍ സ്രാവുകളെ കുടുക്കാന്‍ സിനിമാ മേഖലയിലെ ഉന്നതരെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
തൃശൂര്‍ സ്വദേശിയായ നടന്റെ മകനുമായുള്ള കൂട്ടുകെട്ടിലൂടെയാണ് പലരും ഈ മാഫിയയുടെ ഭാഗമായതെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരത്തെ നടനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ പേരുകളിലേക്ക് അന്വേഷണം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഹരി മാഫിയയ്ക്ക് സിനിമയിലുള്ള വേരുകള്‍ അറുത്തുമാറ്റാന്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പോലീസ് അറിയിച്ചു. എന്നാല്‍ തെളിവുണ്ടെങ്കിലേ ഈ നടന്മാരിലേക്ക് അന്വേ,ണം നീളൂ. കഴിഞ്ഞ മാസം ഹോട്ടലില്‍ നടന്ന റെയ്ഡില്‍ പിടിയിലായ എട്ടു പേര്‍ക്കും ചെറിയ അളവില്‍ ലഹരി കൈവശം വച്ചതിനാല്‍ സ്റ്റേഷന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് മാരക ലഹരി എത്തിച്ചു നല്‍കിയത് കെവിനാണെന്ന കണ്ടെത്തല്‍ കേസിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. ലഹരി പാര്‍ട്ടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ക്കും സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ട്.
കെവിന് കഴിഞ്ഞ വര്‍ഷവും ലഹരിമരുന്നുമായി ഡാന്‍സാഫിന്റെ പിടിയിലായിരുന്നു. അന്ന് മൂന്ന് യുവതികള്‍ക്കൊപ്പമാണ് ഇയാള്‍ വലയിലായത്. അന്ന് പുറത്തിറങ്ങിയ ശേഷം വീണ്ടും ലഹരി ബിസിനസ്സ് വിപുലപ്പെടുത്തുകയായിരുന്നു. തായ്ലന്ഡില് പോയി ലഹരി കടത്തുന്ന രീതി ഇയാള്‍ക്ക് സുപരിചിതമാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയില്‍ രാസലഹരി ഒഴുക്കുന്ന പ്രധാന ഉറവിടമായി കെവിന് മാറിയിരുന്നു. കൊച്ചിയിലെ ആഡംബര പാര്‍ട്ടികളില്‍ കെവിന്റെ സാന്നിധ്യമില്ലാതെ ലഹരി വിതരണം നടക്കാറില്ലെന്നതാണ് സത്യം. വിദേശ ബന്ധങ്ങളും ഉന്നത തലത്തിലുള്ള സ്വാധീനവും ഉപയോഗിച്ച് ഇയാള്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്.
സിനിമാ രംഗത്തെ യുവതലമുറയ്ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെവിന്റെ അറസ്റ്റോടെ ഇത് ശരിവെക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. തിരുവനന്തപുരം സ്വദേശിയായ നടന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും കര്‍ശന നടപടി തുടരുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബോളിവുഡിൽ വിസ്മയമായി രൺവീർ സിംഗ്; റെക്കോർഡുകൾ തകർത്ത് ‘ധുരന്ധർ 2’ മുന്നേറ്റം





