വിആര്‍എസ് എടുത്ത് കേന്ദ്ര വെയര്‍ ഹൗസിംഗിലേക്ക് പോയ അഡീ ചീഫ് സെക്രട്ടറി പദമുണ്ടായിരുന്ന ഗവര്‍ണ്ണറുടെ സെക്രട്ടറി; ദേവേന്ദ്ര ധോദാവിന് പകരം ലോക്ഭവനിലേക്ക് പിണറായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് രണ്ടു വനിതാ രത്നങ്ങള്‍ അടക്കം മൂന്ന് പേരെ; വാസുകിയോ വീണയോ? അര്‍ലേക്കറിന്റെ ഓഫീസിനെ ആരു നിയന്ത്രിക്കും?

ജെ ഷണ്‍മുഖം

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന് സെക്രട്ടറിയെ വേണം. മുന്‍ സെക്രട്ടറി ദേവേന്ദ്ര ധോദാവത്ത് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിച്ചിരുന്നു. ഇതിന് ശേഷം കേന്ദ്ര വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷനില്‍ മെമ്പര്‍ സെക്രട്ടറിയായി. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയില്‍ താക്കോല്‍ സ്ഥാനത്ത് എത്തിയ ദേവേന്ദ്ര ധോദാവത്തിനു പകരം രണ്ട് വനിതാ ഐഎഎസുകാരെ അടക്കമാണ് ഗവര്‍ണറുടെ സെക്രട്ടറിയായി പരിഗണിക്കുന്നത്.

അഡീ ചീഫ് സെക്രട്ടറി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഗവര്‍ണറുടെ സെക്രട്ടറിയായി നിയമിക്കപ്പെടുന്നത് ദേവേന്ദ്ര ധോദാവത്തിലൂടെ ആദ്യമായിട്ടായിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ഡോ. ധോദാവത്ത് 1993 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ബിരുദധാരിയായ ഇദ്ദേഹം കേരളം, ഡല്‍ഹി എന്നിവിടങ്ങളിലും ഡെപ്യൂട്ടേഷനില്‍ രാജസ്ഥാനിലും വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായാണ് വിആര്‍എസ് എടുത്ത് ധോദാവത്ത് കേന്ദ്ര സര്‍വ്വീസില്‍ പുതിയ ജോലിക്ക് പോയത്. ഇതോടെ ലോക്ഭവനില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഇതിലേക്ക് പരിഗണിക്കുന്നത് വാസുകി ഐഎഎസിനേയും വീണാ മാധവന്‍ ഐഎഎസിനേയുമാണ്. മൂന്ന് പേരുടെ പട്ടികയാണ് ഗവര്‍ണ്ണര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയത്. ഇതില്‍ നിന്നും വാസുകിയേയോ വീണയേയോ ഗവര്‍ണര്‍ നിശ്ചയിക്കും. ഗവര്‍ണറുടെ തീരുമാനമാകും നിര്‍ണ്ണായകം.

ഡോ. കെ. വാസുകി ഐ.എ.എസ്. കേരള കേഡറിലെ പ്രമുഖയായ സിവില്‍ സര്‍വ്വീസുകാരിയാണ്. തമിഴ്‌നാട് സ്വദേശിയായ ഇവര്‍ 2008 ബാച്ച് ഉദ്യോഗസ്ഥയാണ്. സിവില്‍ സര്‍വീസിലെത്തുന്നതിന് മുന്‍പ് അവര്‍ ഒരു ഡോക്ടറായിരുന്നു. 2004-ലെ സുനാമി സമയത്ത് നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് അവരെ ഭരണരംഗത്തേക്ക് വരാന്‍ പ്രേരിപ്പിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍, ശുചിത്വ മിഷന്‍ ഡയറക്ടര്‍, തൊഴില്‍ വകുപ്പ് കമ്മീഷണര്‍ തുടങ്ങിയ സുപ്രധാന തസ്തികകളില്‍ അവര്‍ ജോലി ചെയ്തിട്ടുണ്ട്.

2018-ലെ മഹാപ്രളയ സമയത്ത് തിരുവനന്തപുരം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ നല്‍കിയ നേതൃത്വം വലിയ ജനശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ ‘ഗ്രീന്‍ പ്രോട്ടോക്കോള്‍’ (ഹരിത ചട്ടം) കര്‍ശനമായി നടപ്പിലാക്കുന്നതിലും മാലിന്യമുക്ത കേരളം പദ്ധതികളിലും അവര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്ന ‘സ്‌കൂള്‍ ഓഫ് ലൈഫ്’ എന്ന പുസ്തകം അവര്‍ എഴുതിയിട്ടുണ്ട്. ഐ എ എസ് ഉദ്യോഗസ്ഥനായ കാര്‍ത്തികേയനാണ് ഭര്‍ത്താവ്.

തിരുവനന്തപുരം സ്വദേശിയായ വീണാ മാധവന്‍ ഐഎഎസ് ഭരണപരമായ കാര്യങ്ങളിലുള്ള വേഗതയ്ക്കും കാര്യക്ഷമതയ്ക്കും പേരുകേട്ട ഉദ്യോഗസ്ഥയാണ്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ മാധവന്റെ മകളാണ്. വീണ വിവിധ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.