തിരുവനന്തപുരം: സർക്കാർ ഭൂമിയുടെ പാട്ടക്കുടിശ്ശിക ഈടാക്കുന്നതിലെ വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്താൻ ലോക് ആയുക്ത ഉത്തരവ്. തിരുവനന്തപുരം താലൂക്കിലെ സർക്കാർ ഭൂമികൾ പാട്ടത്തിന് കൈവശം വച്ചിരിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പാട്ടക്കുടിശ്ശിക ഈടാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികൾ വീഴ്ച വരുത്തിയെന്ന പരാതിയിലാണ് കേരള ലോക് ആയുക്ത ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. പൊതുപ്രവർത്തകനായ മുണ്ടേല പി. ബഷീർ പൊതുതാല്പര്യഹർജിയായി സമർപ്പിച്ച പരാതി ഫയലിൽ സ്വീകരിച്ചാണ് ലോക് ആയുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ, ഉപ ലോക് ആയുക്ത ജസ്റ്റിസ് അശോക് മേനോൻ എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെ ഞ്ചിന്റെ ഉത്തരവ് .
തിരുവനന്തപുരം താലൂക്കിൽ സർക്കാർ ഭൂമി പാട്ടത്തിന് കൈവശം വച്ചിരിക്കുന്ന 62 സ്ഥാപനങ്ങളിൽ നിന്ന് ഗണ്യമായ തുക പാട്ടക്കുടിശ്ശികയായി ഈടാക്കാനുണ്ടായിട്ടും ബന്ധപ്പെട്ട അധികാരികൾ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും പാട്ടത്തുക നിശ്ചയിക്കൽ, ഡിമാൻഡ് നോട്ടീസ് നൽകൽ, കുടിശ്ശിക ഈടാക്കൽ, വീഴ്ചവരുത്തിയ പാട്ടക്കാർക്കെതിരെ നിയമനടപടികൾ ആരംഭിക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഗുരുതരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ പരാതിക്കാരൻ ഹാജരാക്കിയിട്ടുണ്ട്. പരാതി പരിഗണിച്ച ലോക് ആയുക്ത, പാട്ടക്കുടിശ്ശിക ദീർഘകാലമായി ഈടാക്കാതെ തുടരുന്നത് പൊതുഖജനാവിന് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കാൻ ഇടയാക്കുമെന്നും പരാതി ശരിയാണെന്ന് കണ്ടെത്തിയാൽ അത് കേരള ലോക് ആയുക്ത നിയമ പ്രകാരം ദുർഭരണത്തിന്റെ പരിധിയിൽ വരാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചു.
തിരുവനന്തപുരം ജില്ലാ കളക്ടർക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കും വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലോക് ആയുക്ത നിർദേശം നൽകിയിട്ടുണ്ട്. പാട്ടക്കരാറുകളുടെ നിലവിലെ സ്ഥിതി, കുടിശ്ശിക തുക, കുടിശ്ശിക ഈടാക്കുന്നതിനായി സ്വീകരിച്ച നടപടികൾ, വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ എടുത്ത നടപടികൾ എന്നിവ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. പാട്ടക്കരാറുകൾ, ഡിമാൻഡ് നോട്ടീസുകൾ, കത്തിടപാടുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവയും റിപ്പോർട്ടിനൊപ്പം ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കുന്നതിനും തുടർപരിഗണനയ്ക്കുമായി കേസ് അടുത്ത ജൂലൈ 27ലേക്ക് മാറ്റി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മോദി ഇഫക്റ്റ്: കേരളത്തില്‍ പ്രധാനമന്ത്രി എത്തും മുമ്പ് ഇഡിയുടെ മിന്നല്‍ നീക്കം; ഏകോപനം നടത്തുന്ന് അമിത് ഷായും ഡോവലും; ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കേന്ദ്രത്തിന്റെ ‘സര്‍ജിക്കല്‍ സ്ട്രൈക്ക്’!





