കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക പരിശോധന നടത്തുമ്പോള്‍ തെളിയുന്നതും രാഷ്ട്രീയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുമ്പാണ് ഈ റെയ്ഡുകള്‍. ഇതോടെ മോദിയും കേരളത്തില്‍ ശബരിമല വിഷയമാക്കുമെന്ന് മനസ്സിലായി. ശബരിമല കൊള്ളയില്‍ ഇഡിയാണ് അന്വേഷണം നടത്തുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലാണ് ഇഡി. എന്നാല്‍ ശബരിമലയിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരീക്ഷിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കും.
ശബരിമല കേസിലെ എഫ് ഐ ആര് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളൊരുക്കുന്നതാണെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിന് പ്രസക്തി ഏറെയാണ്. അമിത് ഷാ എല്ലാം നിരീക്ഷിക്കും. ഡോവല്‍ വേണ്ട നിര്‍ദ്ദേശം നല്‍കും. കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ഉണ്ണികൃഷ്ണന് പോറ്റി, എന്‍. വാസു എന്നിവരുടെ വീടുകളിലും ഇ.ഡി സംഘം എത്തി. വ്യക്തമായ പ്ലാനോടെയാണ് ഇടപെടല്‍. അറസ്റ്റിലുള്ള പ്രതികളെ എല്ലാം ചോദ്യം ചെയ്യും. പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ആരാണെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
കേരളത്തിന് പുറമേ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന് ഉടമ പങ്കജ് ഭണ്ഡാരിയുടെ വീടും സ്ഥാപനവും, ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ധന്റെ വീടും റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ഓഫീസിലും പരിശോധന നടക്കുന്നതായാണ് വിവരം. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ എത്തിച്ച് അതീവ രഹസ്യമായാണ് ഇ.ഡി ഈ നീക്കം ആസൂത്രണം ചെയ്തത്. പോലീസിനേയും ഇക്കാര്യം അറിയിച്ചില്ല. കേന്ദ്ര സേനയുമായാണ് എത്തിയത്. നേരത്തെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകള്‍ക്ക് സമാനമായ രഹസ്യാത്മകത ഈ സംഭവത്തിലുമുണ്ടായി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ) ഇ.സി.ഐ.ആര് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഇ.ഡിയുടെ നടപടി. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും കള്ളപ്പണ നിക്ഷേപങ്ങളും കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. നേരത്തെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പരിശോധന നടത്തിയിരുന്നെങ്കിലും, സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികള്‍ക്ക് ഇ.ഡിക്ക് അധികാരമുണ്ട്. കേസിലെ പ്രതികള്‍ സ്വര്‍ണ്ണക്കൊള്ളയിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടെത്തിയതായും അവ മരവിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പ്രതികള്‍ അല്ലാത്തവരുടെ വീടുകളിലേക്കും അന്വേഷണം നീളാന്‍ സാധ്യതയുണ്ട്. റെയ്ഡ് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇ.ഡി ഉടന്‍ വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിടും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വിഎസ്സിന്റെ പഴയ വിശ്വസ്തന് പാറ്റൂർ രാധാകൃഷ്ണനുമായി അകലം: സിപിഎം – ബിജെപി സഖ്യമോ? തിരുവനന്തപുരം കോർപ്പറേഷനിൽ അട്ടിമറി നീക്കം!





