ആലപ്പുഴ: പോലീസ് പിടികൂടിയ ചവർ വണ്ടികൾ വിട്ടുനൽകാൻ കൈക്കൂലി വാങ്ങിയ ഡിവൈ എസ് പി അറസ്റ്റിൽ. ആലപ്പുഴ ജില്ലയിലെ ചേർത്തല പോലീസ് സബ്ഡിവിഷൻ ഡെപ്യുട്ടി പോലീസ് സൂപ്രണ്ട് ടി. അനിൽകുമാറാണ് ഇന്ന് വിജിലൻസിന്റെ പിടിയിലായത്.
നടിയെ ആക്ഷേപിക്കുന്ന വീഡിയോ: രണ്ടാം പ്രതി മാര്‍ട്ടിനെതിരെ കേസെടുക്കും; നടപടി അതിജീവിതയുടെ പരാതിയില്‍
‘ അച്ഛൻ അനിൽ’ എന്നറിയപ്പെടുന്ന അനിൽകുമാർ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ചേർത്തല ഡിവൈ എസ് പി ആയെത്തിയത്. അന്ന് ഭരണത്തിൽ സ്വാധീനമുണ്ടായിരുന്ന കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയുടെ ശിപാർശയിലായിരുന്നു ക്രൈം ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന അനിലിനെ ചേർത്തലയിലേക്ക് നിയമിച്ചത്.
മാലിന്യങ്ങൾ കൊണ്ടുപോകുന്ന വണ്ടികൾ വിട്ടുനൽകാൻ രണ്ടുലക്ഷം രൂപയാണ് അനിൽകുമാർ കൈകൂലിയായി ആവശ്യപ്പെട്ടത്. ഇതിൽ ആദ്യഗഡുവായ 50,000 രൂപ കൈപ്പറ്റവെ വിജിലൻസ് സംഘം അനിൽകുമാറിനെ കയ്യോടെ പിടികൂടുകയായിരുന്നു.
മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടം: വീഴ്ച പറ്റിയിട്ടില്ലെന്ന് പോലീസ്; വിശദീകരണവുമായി മ്യൂസിയം SHO.
അഴിമതി ഉന്മൂലനം ചെയ്യുന്നതിനായി വിജിലൻസ് പുതുതായി ആവിഷ്‌കരിച്ച ‘പ്രോജക്ട് സീറോ’യുടെ പ്രഖ്യാപനത്തിന്റെ രണ്ടാം ദിവസമാണ് പോലീസിലെ ഗസറ്റഡ് ഉദ്യോഗസ്ഥരിൽപ്പെടുന്ന ഒരു ഡിവൈ എസ് പി കൈക്കൂലി കേസിൽ കയ്യോടെ പിടിയിലാകുന്നത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ വിജിലൻസ് ആസ്ഥാനത്താണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ സാന്നിധ്യത്തിൽ പ്രോജക്ട് സീറോ പ്രഖ്യാപിച്ചത്.
അനിൽകുമാറിനെതിരെ നേരത്തെയും കൈക്കൂലി ആരോപണമുയർന്നിരുന്നു. അദ്ദേഹം വിജിലൻസിന്റെ സംഘത്തിന്റെ നിരീക്ഷണത്തിലുമായിരുന്നു. എന്നാൽ ഇപ്പോൾ കൃത്യമായ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് കെണിയൊരുക്കി പിടി കൂടുകയായിരുന്നു.
കൈക്കൂലിയായി കൈപ്പറ്റിയ 50,000 രൂപ അനിൽകുമാറിൽ നിന്നും വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
കൈക്കൂലി കേസിൽ കയ്യോടെ അറസ്റ്റിലായ സാഹചര്യത്തിൽ അനിൽകുമാറിനെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിനും അന്വേഷണം ഉണ്ടാകും. ഇതിൽ തെളിവ് ലഭിച്ചാൽ ഒരു കേസ് കൂടി വിജിലൻസ് രജിസ്റ്റർ ചെയ്യും.
കൈക്കൂലി കേസിൽ അറസ്റ്റിലായ അനിൽകുമാറിനെ ഉടൻതന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും ഡിവൈ എസ് പി ആയതിനാൽ ആഭ്യന്തര വകുപ്പാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കേണ്ടത്.







