തിരുവനന്തപുരം: ഇടതുമുന്നണി വിട്ട് കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ജോസ് കെ. മാണി. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഈ നീക്കങ്ങളെ ഒരു വിശകലനമായി താഴെ കാണാം.
തിരുവനന്തപുരത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രധാനപ്പെട്ട ഒരു സമരപരിപാടിയില്‍ ജോസ് കെ. മാണി പങ്കെടുക്കാതിരുന്നതാണ് ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയത്. ജോസ് കെ. മാണി മുന്നണി വിടാനൊരുങ്ങുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതോടെ അണികളിലും രാഷ്ട്രീയ വൃത്തങ്ങളിലും ആശയക്കുഴപ്പമുണ്ടായി. ഒഴിവാക്കാനാവാത്ത സ്വകാര്യ ആവശ്യങ്ങള്‍ക്കായി കേരളത്തിന് പുറത്തായതിനാലാണ് സമരത്തില്‍ പങ്കെടുക്കാതിരുന്നത്. ഈ വിവരം ഇടതുമുന്നണി നേതാക്കളെ നേരത്തെ തന്നെ ബോധിപ്പിച്ചിരുന്നു.
ഇപ്പോള്‍ നടക്കുന്ന പ്രചാരണങ്ങള്‍ വെറും മാധ്യമസൃഷ്ടി മാത്രമാണെന്നും പാര്‍ട്ടിക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ് കെ. മാണിയുടെ വിശദീകരണ കുറിപ്പില്‍ വന്ന തിരുത്തലുകളാണ് ഈ വാര്‍ത്തയിലെ ഏറ്റവും ശ്രദ്ധേയമായ വശം. ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്.
ജോസ് കെ. മാണിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുന്‍കൂര്‍ അറിയിച്ചിട്ടുള്ളതാണ് കൂടാതേ പാര്‍ട്ടിയുടെ മുഴുവന്‍ M.L.A മാരും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കേ ആരെങ്കിലും ഇതിനെതിരായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് പാര്‍ട്ടിയുടെ കെട്ടുറപ്പിനെ അസ്ഥിരപ്പെടുത്താന്‍ മാത്രമേ ഉതുകകയുള്ളൂ കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകും.
ഇടതുമുന്നണി കേന്ദ്ര അവഗണയ്ക്കെതിരേ തിങ്കളാഴ്ച സംഘടിപ്പിച്ച സത്യഗ്രഹത്തില്‍ ജോസ് കെ. മാണി പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് മടങ്ങാനൊരുങ്ങുന്നതായി ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ മന്ത്രി റോഷി അഗസ്റ്റിന് അതേ പരിപാടിയില്‍നിന്നുള്ള ഫോട്ടോ തുടരും എന്ന കുറിപ്പോടെ പങ്കുവെച്ചതോടെ പാര്‍ട്ടി പിളരുന്നെന്ന വിധത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.


കേരളത്തിന്റെ വികസന കുതിപ്പും മാറുന്ന ജനവിധിയും: ഒരു ദശകത്തിന്റെ റിപ്പോർട്ട് കാർഡ്
വേണുവിനെ വെട്ടാന്‍ നേതാക്കള്‍ ഒന്നിക്കുന്നു; തരൂരിനെ മെരുക്കിയതും ഇതിന്റെ ഭാഗം





