“സാധാരണക്കാരന്റെ ജീവന് വിലയില്ലേ?” അങ്കമാലിയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പോലീസിനെതിരെ ജാസ്‌ലിയയുടെ അമ്മ

കൊച്ചി: അങ്കമാലിയിൽ വാഹനാപകടത്തിൽ 19 കാരിയായ ബിരുദ വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. അപകടമുണ്ടാക്കിയ പ്രതിയെ പിടികൂടാൻ പോലീസ് വൈകുന്നതിൽ വലിയ പ്രതിഷേധമാണ് കുടുംബം ഉയർത്തുന്നത്. പ്രതി വലിയ സ്വാധീനമുള്ള ആളായതുകൊണ്ടാണോ പോലീസ് നടപടിയെടുക്കാത്തതെന്ന് ജാസ്‌ലിയയുടെ അമ്മ ചോദിച്ചു. സാധാരണക്കാരന്റെ സ്വപ്നങ്ങൾക്കും ജീവനും ഒരു വിലയുമില്ലേ എന്ന മാതാപിതാക്കളുടെ ചോദ്യം നോമ്പരമാവുകയാണ്.

യുവ ഡോക്ടർ ഓടിച്ച വാഹനമിടിച്ചാണ് ജാസ്‌ലിയ മരിച്ചത്. അപകടം നടന്ന ശേഷം മകളെ ഒന്ന് ആശുപത്രിയിലെത്തിക്കാൻ പോലും അയാൾ തയ്യാറായില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. “അയാള്‍ ഒരു ഡോക്ടര്‍ ആണെന്ന് പറയുന്നു. സ്വന്തം വണ്ടിയിടിച്ചു കിടന്ന മകളെ രക്ഷിക്കാൻ ശ്രമിക്കാത്ത ഒരാളുടെ കയ്യിൽ രോഗികളുടെ ജീവൻ എങ്ങനെ സുരക്ഷിതമാകും?” എന്ന് ജാസ്‌ലിയയുടെ അമ്മ ചോദിച്ചു. സംഭവത്തിന് ശേഷം പോലീസ് തങ്ങളെ വിളിക്കുകയോ വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്തിട്ടില്ലെന്നും കുടുംബം കുറ്റപ്പെടുത്തി.

അതേസമയം, അപകടം നടന്ന റോഡിലെ സ്ഥിരം അപകടാവസ്ഥ ഒഴിവാക്കാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. കേസിൽ പ്രതിയായ ഡോക്ടർ സിറിയക് പി. ജോർജ് മുൻകൂർ ജാമ്യത്തിനായി കോട്ടയം സെഷൻസ് കോടതിയെ സമീപിച്ചിട്ടുണ്ട്. പോലീസിന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കിനെതിരെ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കുടുംബത്തിന്റെ തീരുമാനം. മകൾക്ക് നീതി ലഭിക്കുന്നതുവരെ പോരാടുമെന്ന് ജാസ്‌ലിയയുടെ പിതാവും വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.