ബെംഗളൂരുവിലെ മലയാളി വിദ്യാർഥി ആദിത്യൻ്റെ മരണം: അധ്യാപകന്റെ പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേരെന്ന് സഹപാഠികൾ

തിരുവനന്തപുരം: ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ മലയാളി യുവാവ് ആദിത്യൻ ജീവനൊടുക്കിയ സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെയും അധ്യാപകനെതിരെയും ഗുരുതര ആരോപണങ്ങളുമായി സഹപാഠികളും കുടുംബവും. സന്ദീപ് പാണ്ഡെ എന്ന അധ്യാപകന്റെ നിരന്തരമായ മാനസിക പീഡനവും ശാരീരിക ഉപദ്രവുമാണ് ആദിത്യനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഉയരുന്ന ആരോപണം.                          അധ്യാപകനായ സന്ദീപ് പാണ്ഡെയുടെ ക്രൂരതകൾ സഹപാഠികൾ ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിലൂടെയാണ് പുറംലോകമറിഞ്ഞത്.
സന്ദീപിന്റെ പീഡനം സഹിക്കാനാവാതെ ഇതിനോടകം 18 വിദ്യാർഥികൾ പഠനം ഉപേക്ഷിച്ചു പോയതായി സഹപാഠികൾ വെളിപ്പെടുത്തി. ആദിത്യന്റെ മരണവിവരം പുറംലോകം അറിയാതിരിക്കാൻ സഹപാഠികളുടെ ഫോണുകൾ കോളേജ് അധികൃതർ വാങ്ങി വെച്ചു. ആദിത്യനെ അവസാനമായി കാണാൻ പോലും തങ്ങളെ അനുവദിച്ചില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. പരാതികൾ നൽകിയിട്ടും മാനേജ്മെന്റ് നടപടിയെടുക്കുന്നില്ലെന്നും അവർക്ക് ഇത് വെറുമൊരു ബിസിനസ് മാത്രമാണെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി.
മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദിത്യന്റെ പിതാവ് പ്രദീപ്‌ ആരോപിച്ചു. ലഹരി ഉപയോഗിക്കാത്ത മകനെ ലഹരിക്ക് അടിമയെന്ന് അധ്യാപകൻ മുദ്രകുത്തി. ആദിത്യന്റെ മുറിയിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. അതിന്റെ പേരിൽ ആദിത്യനെ അധിക്ഷേപിക്കുകയും താൻ പറയുന്ന കുട്ടികളുടെ പേര് പറയാൻ ആവശ്യപ്പെട്ട് ഉപദ്രവിക്കുകയും ചെയ്തു.
 മരണകാരണം കുടുംബപ്രശ്നമാണെന്ന് വരുത്തിത്തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നതായും പിതാവ് പറഞ്ഞു. ആദിത്യന് അപകടം പറ്റി എന്ന് മാത്രമാണ് കോളേജിൽ നിന്ന് ആദ്യം അറിയിച്ചതെന്ന് സഹോദരനും പ്രതികരിച്ചു.മരണത്തിന് ശേഷവും കോളേജിൽ ക്ലാസുകൾ സാധാരണ നിലയിൽ നടത്തിയത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അധ്യാപകൻ സന്ദീപ് പാണ്ഡെയ്ക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യത്തിലാണ് കുടുംബം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.