തിരുവനന്തപുരം: ബിരുദ പരീക്ഷയിൽ തോറ്റാലും ബിരുദാനന്തര ബിരുദകോഴ്സിൽ പ്രവേശനം. ബിരുദാനന്തരബിരുദം നേടിയാൽ പണ്ട് തോറ്റ ബിരുദം സൗജന്യം. കാലടി സംസ്കൃത സർവകലാശാലയിലാണ് കേട്ടു കേൾവിയില്ലാത്ത ഈ ബിരുദദാനം.
നാല് വർഷ ബിരുദകോഴ്സായ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്(ബിഎഫ് എ) പരീക്ഷയിൽ തോറ്റ ഒരു വിദ്യാർത്ഥിക്കാണ് സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്സിലേയ്ക്ക് പ്രവേശനം നൽകിയതും പിന്നീട് തോറ്റ ബിരുദം നൽകാൻ തീരുമാനിച്ചതും.
മ്യൂറൽ പെയിന്റിംഗ് വിഭാഗത്തിലെ എ കലേഷ് എന്ന വിദ്യാർത്ഥിയാണ് ഈ ഭാഗ്യവാൻ. ബി എഫ് എയ്ക്ക് തോറ്റതിനാൽ 2005ൽ ഇയാൾ പഠനം ഉപേക്ഷിച്ചു പോയതാണ്. എന്നാൽ 16 വർഷത്തിനുശേഷം-2021ൽ-ഇയാൾ ബിരുദമില്ലാതെ തന്നെ സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പ്രവേശനം കരസ്തമാക്കി. ഡോ.ധർമ്മരാജ് അഡാട്ട് വൈസ് ചാൻസിലർ ആയിരിക്കെയായിരുന്നു ഇത്.
ഇപ്പോൾ കലേഷ് ബി എഫ് എ യുടെ ബിരുദാനന്തര ബിരുദമായ എം എഫ് എ വിജയിച്ചു. എന്നാൽ ബി എഫ് എ തോറ്റ ഒരാൾക്ക് എം എഫ് എ നൽകാൻ സർവകലാശാല അധികൃതർ തയ്യാറായില്ല.
പക്ഷെ ഇതൊരു പ്രത്യേക കേസായി പരിഗണിച്ചു ബിരുദം ദാനം ചെയ്യാൻ ഉന്നതതലതീരുമാനം ഉണ്ടായിരിക്കുകയാണ്. വിദ്യാർത്ഥിയുടെ അപേക്ഷയിന്മേൽ സംസ്കൃത സർവകലാശാലയുടെ താൽക്കാലിക വൈസ് ചാൻസിലർ ഡോ.കെ.കെ.ഗീതാകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗതിന്റേതാണ് ഈ തീരുമാനം.
കലേഷ് ബി എഫ് എ വിജയിക്കാത്തതിനാൽ അദ്ദേഹത്തിന്റെ എം എഫ് എ യുടെ റിസൾട്ട് രണ്ടുവർഷമായി സർവകലാശാല അക്കാദമിക വിഭാഗം തടഞ്ഞു വെച്ചിരിക്കുകയാണ്.
21വർഷം മുമ്പ് തോറ്റ ഒരു വിദ്യാർത്ഥിയുടെ അപേക്ഷ പരിഗണിച്ച് പരീക്ഷ ജയിച്ചതായി പ്രഖ്യാപിക്കുന്നത് കേരളത്തിലെ സർവകലാശാലകളുടെ ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും.
സംസ്കൃത സർവകലാശാല തോറ്റ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു പ്രവേശനം നൽകി വിവാദത്തിലാ കുന്നത് ഇതാദ്യമല്ല. ബിഎ പാസാകാത്ത ആറു വിദ്യാർഥികൾക്ക് എംഎക്ക് രണ്ടുവർഷം മുമ്പ് പ്രവേശനം നൽകിയത് പരാതിയായതിനെ തുടർന്ന് ആ വിദ്യാർഥികളെ പുറത്താക്കേണ്ടി വന്നിരുന്നു. അന്നും ഡോ. ധർമരാജ് അ ഡാട്ട് ആയിരുന്നു വി സി.
സർവ്വകലാശാലയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച താൽകാലിക വി സി ഡോ:കെ കെ. ഗീതകുമാരിക്കെതിരെ
നടപടികൈക്കൊള്ളണമെന്നും, തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാനുള്ള സിണ്ടിക്കേറ്റ് തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയതായി ചെയർമാൻ ആർ എസ് ശശികുമാർ അറിയിച്ചു.



തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെ ഗുണ്ടകളെ ഒതുക്കാന്‍ ദിനില്‍; അഡീഷണല്‍ എസ് പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും സ്ഥലം മാറ്റം; നാലു പേര്‍ക്ക് പ്രെമോഷന്; പോലീസില്‍ അഴിച്ചു പണി; ആ ഉത്തരവിന്റെ പൂര്‍ണ്ണ രൂപം
മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്





