കൊച്ചി: അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസണെ വാഹനം ഇടിച്ചുതെറിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഡോക്ടർ സിറിയക് പി. ജോർജ് പിടിയിലായി. വാഗമണ്ണിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഉടൻ തന്നെ അങ്കമാലി പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു. അമിതവേഗതയിലെത്തിയ കാറിടിച്ച് പെൺകുട്ടി മരിച്ചതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് ഡോക്ടറുടെ പിതാവ് ജോർജ് മാത്യുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്ന ഊർജ്ജിതമായ അന്വേഷണത്തിലാണ് വാഗമണ്ണിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടറെ കണ്ടെത്താനായത്. ഫെബ്രുവരി 28-നായിരുന്നു ചാലാക്ക മെഡിക്കൽ കോളേജിലെ ഹൗസ് സർജനായ സിറിയക് ഓടിച്ച കാറിടിച്ച് ജാസ്‌ലിയ കൊല്ലപ്പെട്ടത്. അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നെങ്കിലും പ്രതി ഒളിവിലായിരുന്നു.
പ്രതിക്ക് ഉന്നത സ്വാധീനമുണ്ടെന്നും അതിനാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും ജാസ്‌ലിയയുടെ കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ വലിയ ജനരോഷം ഉയർന്നതോടെയാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് അന്വേഷണം ഊർജ്ജിതമാക്കിയത്. പ്രതിയെ അങ്കമാലിയിലെത്തിച്ചു തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.


സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറുകൾ ‘ചോർത്തി’! മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാട്സ്ആപ്പ് സന്ദേശങ്ങൾ; ഹൈക്കോടതിയിൽ ഹർജി
മേജര് രവിയുടെ സഹോദരനും നടനുമായ കണ്ണന് പട്ടാമ്പി അന്തരിച്ചു; സംസ്കാരം ഇന്ന്




