കൊച്ചി: മലയാള സിനിമയിലെ പ്രമുഖ താരസംഘടനയായ ‘അമ്മ’ മുന്പെങ്ങുമില്ലാത്തവിധം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്കും നാഥനില്ലാക്കളരിയിലേക്കും കൂപ്പുകുത്തുന്നു. സംഘടനയെ ദശാബ്ദങ്ങളായി കാത്തുസൂക്ഷിച്ച മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ വന്മരങ്ങള് നേതൃത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറിയതോടെ, സംഘടന പൂര്‍ണ്ണമായും ഗ്രൂപ്പ് തിരിഞ്ഞുള്ള ചെളിവാരിയെറിയലിന് വേദിയാകുകയാണ്. ജോയിന്റ് സെക്രട്ടറിയായിരുന്ന നടി അന്‍സിബ ഹസ്സന് ഉന്നയിച്ച കടുത്ത വ്യക്തിഹത്യയുടെയും ‘ജിഹാദി’ ആക്ഷേപങ്ങളുടെയും വോയ്സ് മെസ്സേജുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ട്രഷറര്‍ ഉണ്ണി ശിവപാല്‍ സാമ്പത്തിക അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണവുമായി ടിനി ടോം രംഗത്തെത്തിയത് സംഘടനയ്ക്കുള്ളിലെ വന്‍ സ്ഫോടനത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
താന്‍ ‘അമ്മ’ സംഘടനയില്‍ നിന്നും രാജിവെക്കാന്‍ പ്രധാന കാരണം നടന് ടിനി ടോം ആണെന്ന് തുറന്നടിച്ചുകൊണ്ട് അന്‍സിബ ഹസ്സന് രംഗത്തെത്തി. താന്‍ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ കമ്മിറ്റിയില്‍ കടുത്ത മാനസിക പീഡനങ്ങളാണ് നേരിട്ടതെന്ന് അന്‍സിബ വ്യക്തമാക്കുന്നു. ടിനി ടോമിന്റെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക ‘ഗ്യാങ്’ സംഘടനയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, താന്‍ ആരോട് സംസാരിച്ചാലും അവര്‍ അവിഹിതക്കഥകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കാറുണ്ടെന്നും അന്‍സിബ വെളിപ്പെടുത്തി.
മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലുള്ള കടുത്ത വര്‍ഗീയ ആക്ഷേപങ്ങള്‍ ടിനി ടോം തനിക്കെതിരെ ഉന്നയിച്ചതായും അന്‍സിബ ആരോപിച്ചു. സംഘടനയുടെ കുടുംബസംഗമത്തിന് ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഒരു ക്ഷേത്രത്തിന്റെ പേര് വന്നപ്പോള്‍, ‘അമ്മ’യുടെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാന്‍ സംഭാവനയായി തുക സ്വീകരിക്കാമെന്നും എന്നാല്‍ ടൈറ്റില്‍ സ്പോണ്സര് ആക്കരുതെന്നും താന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് തന്നെ കമ്മിറ്റിയിലെ ഒരു വിഭാഗം ചേര്‍ന്ന് ‘മതതീവ്രവാദി’യും ‘ജിഹാദി’യുമാക്കി ചിത്രീകരിക്കുകയായിരുന്നു. ടിനി ടോമിന്റെ ഡ്രൈവറെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെയും താന്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചതായി ടിനി ടോം മറ്റ് അംഗങ്ങളോട് പറഞ്ഞുപരത്തിയ വിവരം നടി നീനാ കുറുപ്പാണ് തന്നോട് വെളിപ്പെടുത്തിയതെന്നും അന്‍സിബ പറയുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പര്‍ഹിറ്റായ ‘ദൃശ്യം’ സിനിമയില്‍ മകളെ സംരക്ഷിക്കാന്‍ പോലീസിനെതിരെ നെഞ്ചുവിരിച്ചു നിന്ന നായകനാണ് മോഹന്‍ലാലിന്റെ ജോര്‍ജ്ജുകുട്ടി. ആ ചിത്രത്തില്‍ ജോര്‍ജ്ജുകുട്ടിയുടെ മകളായി അഭിനയിച്ച് തിളങ്ങിയ നടി അന്‍സിബ ഹസ്സന് ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നേരിട്ടത് സമാനതകളില്ലാത്ത പോലീസ് പീഡനമെന്നാണ് വെളിപ്പെടുത്തല്‍. ‘അമ്മ’ സംഘടനയിലെ ചിലരുടെ ചരടുവലികള്‍ മൂലം അന്‍സിബയ്ക്ക് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനില്‍ മൂന്ന് മണിക്കൂറോളം ഇരിക്കേണ്ടി വന്ന സംഭവത്തിന് പിന്നില്‍ നടന് ടിനി ടോമിന്റെ വലിയ പോലീസ് സ്വാധീനമാണെന്ന ഗുരുതരമായ ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്.
തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് ടിനി ടോമിന് വലിയ സ്വാധീനമുണ്ടെന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള സൂചനകള്‍. മുന്‍പ് ടിനിയുടെ മകന് ഉള്‍പ്പെട്ട കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തതും, അയല്‍വാസി നല്കിയ തെറിവിളി പരാതിയില്‍ എഫ്.ഐ.ആര് ഇടാതെ ഒതുക്കിത്തീര്‍ത്തതും ഇതേ മേഖലയിലാണെന്ന് ആരോപണമുണ്ട്. അന്ന് മകന് ഉടനടി ജാമ്യം എടുപ്പിച്ചു നല്കാന് ഈ പോലീസ് സ്വാധീനം ടിനിയെ സഹായിച്ചിരുന്നു. ഇതേ സ്വാധീനമുപയോഗിച്ചാണ് അന്‍സിബയെയും ഇതേ സ്റ്റേഷനില്‍ വരുത്തി മൂന്ന് മണിക്കൂറോളം മാനസികമായി പീഡിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
അന്‍സിബയെ കുടുക്കാന്‍ ‘അമ്മ’യിലെ ഒരു അംഗം വഴി തയ്യാറാക്കിയ ഗാര്‍ഹിക പീഡന പരാതി അടിമുടി ദുരൂഹത നിറഞ്ഞതാണ്. അന്‍സിബ അയച്ച ഒരു മെസ്സേജിനെ തുടര്‍ന്ന് ഒരു കുടുംബത്തില്‍ ഭര്‍ത്താവ് ഭാര്യയെ പീഡിപ്പിച്ചു എന്നതായിരുന്നു പരാതിയുടെ ആധാരം. എന്നാല്‍ ഈ കേസില്‍ പീഡിപ്പിച്ചു എന്ന് പറയുന്ന ഭര്‍ത്താവ് പ്രതിയല്ല താനും! ഒരു ബന്ധവുമില്ലാത്ത കേസില്‍ അന്‍സിബയെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ഈ നീക്കം വെറും പുകമറയായിരുന്നുവെന്ന് വ്യക്തം.
ആ ട്രോമ മാറിയിട്ടില്ല: ‘ഒരു ചെറിയ കാര്യം വളച്ചൊടിച്ച് എനിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് പോലീസ് സ്റ്റേഷനില്‍ കയറുന്നത്. മൂന്ന് മണിക്കൂറാണ് അവിടെ അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഉപദ്രവിച്ചത്. അതിന്റെ ട്രോമ (മാനസികാഘാതം) എനിക്ക് ഇതുവരെ മാറിയിട്ടില്ല. എന്തിനാണ് എന്നോട് ഇത് ചെയ്തതെന്ന് ഇപ്പോഴും രാത്രികളില്‍ ഞാന്‍ ആലോചിക്കാറുണ്ട്. എല്ലാം കൊണ്ടും മടുത്താണ് ഫെബ്രുവരി 21-ന് ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചത്,’ കൊച്ചി വിമാനത്താവളത്തില്‍ അന്‍സിബ മാധ്യമങ്ങളോട് തുറന്നടിച്ചു. ‘ദൃശ്യം 3’ സിനിമയുടെ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയില്‍, ചിത്രത്തിലെ പ്രധാന താരത്തെ ലക്ഷ്യമിട്ട് സംഘടനയ്ക്കുള്ളില്‍ നടന്ന ഈ പോലീസ് നാടകം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
അന്‍സിബയ്ക്ക് പിന്നാലെ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നീനാ കുറുപ്പും രംഗത്തെത്തി. ടിനി ടോം പരസ്യമായി അശ്ലീലം പറയുകയും തനിക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തുവെന്ന് കാണിച്ച് നീനാ കുറുപ്പ് ‘അമ്മ’ ജനറല്‍ സെക്രട്ടറിക്കും പ്രസിഡന്റിനും ഔദ്യോഗികമായി പരാതി നല്കി. ടിനി ടോമിന്റെ മകന് അയല്‍വാസിയെ ചീത്തവിളിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടയിലാണ് ഈ പരാതി എന്നത് ശ്രദ്ധേയമാണ്.
കുടുംബസംഗമത്തിന്റെ തലേദിവസം ടിനി ടോം നടി നീനാ കുറുപ്പിനെ അവരുടെ അച്ഛനെയും അമ്മയെയും ചേര്‍ത്ത് അതിശക്തമായ ഭാഷയില്‍ തെറിവിളിക്കുകയും അവരെ അടിക്കാനായി കൈ ഓങ്ങുകയും ചെയ്തതായാണ് വിവരം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി ടോം മറ്റ് പലരോടും ഇത്തരത്തില്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും നീന കുറുപ്പ് ആരോപിക്കുന്നു. ടിനിക്കെതിരെ സംഘടന അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം, നടിമാരുടെ ആരോപണങ്ങള്‍ രാഷ്ട്രീയ മെയ്വഴക്കത്തോടെ പ്രതിരോധിച്ചുകൊണ്ട് ‘അമ്മ’യിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ടിനി ടോം സംഘടനയിലെ സാമ്പത്തിക-അധിക?? തര്‍ക്കങ്ങള്‍ മറച്ചുവെക്കാതെ പുറത്തുവിട്ടു. സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാല്‍ കടുത്ത അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുത്തുവെന്നുമാണ് ടിനി ടോമിന്റെ കൗണ്ടര്‍ ആരോപണം. വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ട്രഷറര്‍ ഉണ്ണി ശിവപാലിനെ തല്ക്കാലം ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ബന്ധിത അവധിയില്‍ വിട്ടിരിക്കുകയാണ്. പകരം അക്കൗണ്ട്സ് കമ്മിറ്റി അംഗമായ നടന് കൈലാഷിന് ട്രഷററുടെ താത്കാലിക ചുമതലയും ഓഫീസിന്റെ താക്കോലും കൈമാറിയതായി ടിനി ടോം അറിയിച്ചു.
മുന്‍പ് പ്രസിഡന്റുമാരായിരുന്ന മോഹന്‍ലാലും ഇന്നസെന്റും ഷൂട്ടിംഗ് തിരക്കുകളുള്ളവരായതിനാല് സംഘടനയുടെ ദൈനംദിന കാര്യങ്ങള്‍ക്കായി സെക്രട്ടറിക്ക് കൂടുതല്‍ അധികാരം നല്കുന്ന രീതിയിലായിരുന്നു ബൈലോ ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഭരണം മാറിയപ്പോള്‍ പ്രസിഡന്റ് പോലും അറിയാതെ രണ്ട് പേര് ഒപ്പിട്ടാല്‍ ചെക്ക് പാസാകുന്ന ഈ ബൈലോ അധികാരം നിലവിലെ ട്രഷറര്‍ ദുരുപയോഗം ചെയ്തുവെന്നാണ് ടിനി ടോം വ്യക്തമാക്കുന്നത്. ഒപ്പം, ഓഫീസ് മാനേജരായിരുന്ന അതുല്യയെ ട്രഷറര്‍ ഏകപക്ഷീയമായി പിരിച്ചുവിട്ട നടപടി കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ മരവിപ്പിച്ച് അവരെ തിരിച്ചെടുത്തതായും ടിനി ടോം സ്ഥിരീകരിച്ചു.
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായി നിഷേധിച്ച ടിനി ടോം, ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു. അന്‍സിബയുടെ പരാതിയില്‍ പ്രത്യേക സമിതിയെ വെച്ചുള്ള അന്വേഷണം ഉണ്ടാകില്ലെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോന് വ്യക്തമാക്കിയെങ്കിലും, എക്സിക്യൂട്ടിവ് യോഗം അന്‍സിബയെ കേള്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ലാലേട്ടനും മമ്മൂക്കയും സജീവമായി ഇടപെട്ടിരുന്ന കാലത്ത് ഇത്തരം അഴുക്കുകള്‍ സംഘടനയ്ക്ക് വെളിയില്‍ വരാതെ കാക്കാന്‍ അവരുടെ ശക്തമായ നേതൃത്വത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍, വിവാദങ്ങളില്‍ മനംമടുത്ത് ഇരുവരും മാറിനിന്നതോടെ ‘അമ്മ’ പൂര്‍ണ്ണമായും നാഥനില്ലാ കളരിയായി. വരാനിരിക്കുന്ന ജൂണിലെ വാര്‍ഷിക പൊതുയോഗത്തിന് മുന്‍പായി ഈ പ്രശ്നങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാനാണ് ഭാരവാഹികളുടെ അടിയന്തര ശ്രമം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


“നെഞ്ചത്ത് കൈവെച്ച് പറയാം, അതിനപ്പുറം മറ്റൊരു മോഹമില്ല!” ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പദവിയാണ് ജീവിതത്തിലെ വലിയ ആഗ്രഹമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി




