കൊച്ചി: ഭാരവാഹികള്‍ തമ്മിലുള്ള പരസ്യപ്പോരിനെത്തുടര്ന്ന് ‘അമ്മ’ താരസംഘടനയില്‍ നാടകീയ നീക്കങ്ങള്‍. മുതിര്‍ന്ന താരങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില് സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്ക്കാന് തയ്യാറാണെന്ന് ശ്വേത മേനോന് വ്യക്തമാക്കുമ്പോള്‍, തല്ക്കാലം രാജിവയ്ക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് കുക്കു പരമേശ്വരന് ഉള്‍പ്പെടെയുള്ള മറ്റ് പ്രമുഖ ഭാരവാഹികള്‍. എക്സിക്യൂട്ടീവ് അംഗം ടിനി ടോമിനെതിരെ ജോയിന്റ് സെക്രട്ടറിയായിരുന്ന അന്‍സിബ ഹസന് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സംഘടനയില്‍ വന്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്.
തോല്ക്കാന് വന്നതല്ല, പറയാനുള്ളത് മുഖത്തുനോക്കി പറയും: ശ്വേത മേനോന്
സംഘടനയ്ക്കുള്ളില്‍ തനിക്കെതിരെ ചിലര്‍ കരുനീക്കുന്നുണ്ടെന്ന സൂചനകള്‍ ശ്വേത മേനോന് നല്കി. എക്സിക്യൂട്ടിവിനുള്ളില്‍ തന്നെ ചിലര്‍ തന്നെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് പറഞ്ഞ ശ്വേത, താന്‍ തോല്ക്കാന് വേണ്ടി വന്നതല്ലെന്നും പറയാനുള്ള കാര്യങ്ങള്‍ മുഖത്തുനോക്കി പറയുമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ മുതിര്‍ന്ന താരങ്ങള്‍ ആവശ്യപ്പെടുകയാണെങ്കില് നേതൃസ്ഥാനം ഒഴിയാന്‍ തനിക്ക് മടിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഘടനയുടെ ദൈനംദിന കാര്യങ്ങളില്‍ തനിക്ക് വലിയ പങ്കില്ലെന്ന രീതിയിലാണ് പ്രസിഡന്റിന്റെ പ്രതികരണം. കുറച്ചുകാലമായി അമ്മ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും സെക്രട്ടറിയും ട്രഷററുമാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നതെന്നും ശ്വേത തുറന്നടിച്ചു.
അന്‍സിബയുടേത് വ്യക്തിപരമായ പ്രശ്നം; കുക്കു പരമേശ്വരനുമായി ഈഗോയില്ല
ഭാരവാഹികള്‍ക്കിടയിലെ ഭിന്നതകള്‍ ചര്‍ച്ചയാകുമ്പോഴും തനിക്ക് കുക്കു പരമേശ്വരനുമായി യാതൊരുവിധ ഈഗോ പ്രശ്നങ്ങളുമില്ലെന്ന് ശ്വേത മേനോന് വ്യക്തമാക്കി. അതുകൊണ്ടുതന്നെ നേതൃത്വത്തില്‍ മാറ്റമുണ്ടായാലും കുക്കു പരമേശ്വരന് പദവികളില്‍ തുടരുമെന്നാണ് സൂചന. ടിനി ടോമിനെതിരെയുള്ള അന്‍സിബയുടെ പരാതി വ്യക്തിപരമാണെന്നാണ് ശ്വേതയുടെ പക്ഷം. ‘വീട്ടില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ അമ്മയ്ക്ക് എങ്ങനെ ഇടപെടാനാകും?’ എന്ന് ചോദിച്ച ശ്വേത, അന്‍സിബയുടെ പരാതി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇത് സംഘടനയെ നാറ്റിക്കാനുള്ള അജണ്ടയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും പറഞ്ഞു.
അന്‍സിബ ഉന്നയിച്ച പരാതികള്‍ വരാനിരിക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും, സ്ത്രീകള്‍ക്ക് സംഘടനയെ നയിക്കാന്‍ കഴിയില്ലെന്ന വാദത്തോട് തനിക്ക് യോജിപ്പില്ലെന്നും ശ്വേത മേനോന് കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബ്ദം മോഷ്ടിക്കുന്ന കള്ളന്മാര്ക്ക് പൂട്ടിടാന്‍ സൂപ്പര്‍ താരം; എഐ മാഫിയയ്ക്കെതിരെ മോഹന്‍ലാലിന്റെ തീപ്പൊരി പോരാട്ടം; ഇത് ‘റിയല്‍ ലൈഫ്’ പോരാട്ടം; മോഹന്‍ലാല്‍ രണ്ടും കല്‍പ്പിച്ച്



