പുതുച്ചേരി : ഹോട്ടലിൽ വിളമ്പിയ ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ ഉപഭോക്താവിന് അനുകൂല വിധിയുമായി ഉപഭോക്തൃ കമ്മീഷൻ. പരാതിക്കാരന് പതിനായിരം രൂപ നഷ്ടപരിഹാരം നൽകാനാണ് പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ ഉത്തരവ്. കൂടാതെ, അഞ്ച് ആഴ്ചത്തേക്ക് പരാതിക്കാരന് ആഴ്ചതോറും രണ്ട് പ്ലേറ്റ് വീതം ഹൈദരാബാദി ചിക്കൻ ബിരിയാണി സൗജന്യമായി നൽകാനും ഹോട്ടൽ അധികൃതർക്ക് നിർദേശം നൽകി.
‘ബിരിയാണി ആൻഡ് കോ’ എന്ന റെസ്റ്റോറന്റിനെതിരെ പി.സുന്ദരകുമാര മണികണ്ഠൻ നൽകിയ പരാതിയിലാണ് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കമ്മീഷൻ ഈ മാതൃകാപരമായ വിധി പുറപ്പെടുവിച്ചത്. ഉപഭോക്താക്കൾക്ക് സുരക്ഷിതമല്ലാത്ത ഭക്ഷണം വിളമ്പിയ ഹോട്ടലിന്റെ നടപടി ഗുരുതരമായ വീഴ്ചയാണെന്ന് കണ്ടെത്തിയ കമ്മീഷൻ, പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവായി 3,000 രൂപയും നൽകാനും വിധിച്ചു. ഇതിന് പുറമെയാണ് അടുത്ത അഞ്ച് ആഴ്ചകളിൽ എല്ലാ ഞായറാഴ്ചകളിലും രണ്ട് പ്ലേറ്റ് വീതം ഹൈദരാബാദി ചിക്കൻ ബിരിയാണി പരാതിക്കാരന് സൗജന്യമായി എത്തിച്ചുനൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.
കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനൊപ്പം റെസ്റ്ററന്റിൽ ബിരിയാണി കഴിക്കാനെത്തിയ മണികണ്ഠന് വിളമ്പിയ ഭക്ഷണത്തിലാണ് ചത്ത പ്രാണിയെ കണ്ടെത്തിയത്. മലിനമായ ഭക്ഷണം കാരണം മാനസിക വിഷമവും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന ഭയവുമുണ്ടായെന്ന് ചൂണ്ടിക്കാട്ടി 1,30,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇദ്ദേഹം റെസ്റ്ററന്റിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു.
എന്നാൽ ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമുണ്ടാകാത്തതിനെ തുടർന്ന്, ഭക്ഷണത്തിൽ പ്രാണി കിടക്കുന്ന ദൃശ്യങ്ങൾ സഹിതം ഉപഭോക്താവ് കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതിക്കാരൻ സമർപ്പിച്ച ഡിജിറ്റൽ തെളിവുകൾ കമ്മീഷൻ വിശദമായി പരിശോധിച്ചു. സംഭവത്തിന് പിന്നാലെ മണികണ്ഠൻ ഗൂഗിളിൽ നൽകിയ മോശം റിവ്യൂവിന്, ഹോട്ടൽ അധികൃതർ തെറ്റ് സമ്മതിച്ച് ക്ഷമാപണം നടത്തിയ മറുപടിയും കോടതി തെളിവായി സ്വീകരിച്ചു.


പാൻ കാർഡ് നിയമങ്ങള്‍ മാറുന്നു! 20 ലക്ഷത്തിന്റെ വസ്തു വാങ്ങാനും 5 ലക്ഷത്തിന്റെ കാർ വാങ്ങാനും ഇനി പാൻ വേണ്ട; ബാങ്ക് നിക്ഷേപത്തിലും വൻ മാറ്റം; ഏപ്രിൽ 1 മുതൽ ആദായനികുതിയിൽ പുതിയ വിപ്ലവം!
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക ; ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദ് ചെയ്താല്‍ റീഫണ്ട് ലഭിക്കില്ല, മാറ്റങ്ങള്‍ ഇങ്ങനെ ;





