തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷൻവളപ്പിൽ സൂക്ഷിച്ചിരുന്ന വാഹനത്തിൽ നിന്നും ബാറ്ററിയും ഡീസലും നഷ്ടപ്പെട്ട സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തിരുവനന്തപുരം മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്ത ടിപ്പർ ലോറിയിൽ നിന്നും ബാറ്ററിയും ഡീസലും മോഷണം പോയ സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
ടിപ്പർ ലോറി ഉടമ പാറശാല സ്വദേശി സനൽകുമാറിന് 12,500 രൂപ നഷ്ടപരിഹാരം നൽകും. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ടിപ്പർ ഉടമയ്ക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നേരത്തെ ഉത്തരവ് നൽകിയിരുന്നു.
നഷ്ടപരിഹാര തുക സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അന്നത്തെ മ്യൂസിയം എസ്.ഐ ഭാസി, സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. ശിവകുമാർ എന്നിവരിൽ നിന്ന് പത്ത് തുല്യ തവണകളായി തിരിച്ചുപിടിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരിൽ ഭാസി സർവീസിൽ നിന്നും വിരമിച്ചു. ശിവകുമാർ ഇൻസ്പെക്ടർ റാങ്കിൽ ഇപ്പോഴും സർവീസിലുണ്ട്.
2013ലാണ് പരാതിക്കാസ്പദമായ സംഭവം. ഈ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് മനുഷ്യാവകാശകമ്മിഷൻ കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും പരാതിക്കാരന് നഷ്ടപരിഹാര തുക അനുവദിച്ചിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷൻ വീണ്ടും ഇടപെട്ടതോടെയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
അനുവദിക്കപ്പെട്ട നഷ്ടപരിഹാര തുക പരാതിക്കാരന് ട്രഷറിയിൽ നിന്ന് മാറി നൽകും. തുക നൽകാനും കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്നും ആ തുക ഈടാക്കുന്നതിനും നടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിക്ക് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രധാനമന്ത്രിയുടെ റോഡ് ഷോയിലെ സുരക്ഷാ ആശങ്ക ഒഴിഞ്ഞു; പെപ്പര്‍ സ്പ്രേയുമായി പിടിയിലായ യുവാവിനെ വിട്ടയച്ചു; സ്വയരക്ഷയ്ക്ക് വീട്ടുകാര്‍ വാങ്ങി നല്‍കിയതെന്ന് സ്ഥിരീകരണം; കരമന കല്പ്പാളയത്തെ സംശയം തീര്‍ത്ത് കേരളാ പോലീസ്; കരമനയില്‍ നടന്നത് അതിവേഗ അന്വേഷണം





