കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കെ.എസ്.യു ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ സംസ്ഥാന വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പ്രാഥമികാന്വേഷണം നടത്തുന്നതിനുള്ള അനുമതിയാണ് സർക്കാർ നിഷേധിച്ചത്. ആരോപണങ്ങളിൽ കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെന്നും നിലവിൽ പരാതി തദ്ദേശ സ്വയംഭരണ വകുപ്പിലെ വിജിലൻസ് വിഭാഗം അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു. കെ.എസ്.യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് നൽകിയ പരാതിയിലാണ് ഈ നടപടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ ‘കാർട്ടൻ ഇന്ത്യ അലയൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിച്ചുവെന്നും, ഈ കമ്പനിക്ക് ജില്ലാ പഞ്ചായത്തിന്റെ നിർമ്മാണ കരാറുകൾ വഴിവിട്ട് നൽകി അഴിമതി നടത്തിയെന്നുമാണ് പ്രധാന ആരോപണം. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം ദിവ്യയോ പഞ്ചായത്ത് സെക്രട്ടറിയോ ചട്ടവിരുദ്ധമായി ഇടപെട്ടതിന് തെളിവുകളില്ലെന്നാണ് സർക്കാർ നിലപാട്. നടപടിക്രമങ്ങളിൽ എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന് തദ്ദേശ വിജിലൻസിന് പരിശോധിക്കാം. അവിടെ അഴിമതി കണ്ടെത്തുകയാണെങ്കിൽ മാത്രം സംസ്ഥാന വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാമെന്നും സർക്കാർ വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം നിലപാടറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് സർക്കാർ ഈ വിശദീകരണം നൽകുന്നത്.
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നിലവിൽ പ്രതിയാണ് പി.പി. ദിവ്യ. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വ്യക്തമാക്കിയ പോലീസ്, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവ്യക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു. സംഭവം നടന്ന് 166 ദിവസത്തിന് ശേഷം സമർപ്പിച്ച കുറ്റപത്രത്തിൽ 82 സാക്ഷികളുടെ മൊഴികളുണ്ട്. എഡിഎമ്മിന്റെ മരണത്തിന് പിന്നാലെ അഴിമതി ആരോപണങ്ങളിലും സർക്കാർ സംരക്ഷണം നൽകുന്നു എന്ന വിമർശനം പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ശക്തമാവുകയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അരുവിക്കരയിൽ തീപാറും പോരാട്ടം: അരുവിക്കരയിൽ തീപാറും പോരാട്ടം: ജി. സ്റ്റീഫനും വി.എസ്. ശിവകുമാറും നേർക്കുനേർ





