ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് കായംകുളത്ത് ‘നൈജീരിയന്‍ സ്‌കാം’ മോഡല്‍ തട്ടിപ്പ്; വാരണപ്പള്ളി സ്വദേശിക്ക് നഷ്ടമായത് 48 ലക്ഷം രൂപ

ആലപ്പുഴ: കായംകുളത്ത് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. വാരണപ്പള്ളി സ്വദേശിയായ നാല്പത്തിയഞ്ചുകാരനാണ് തട്ടിപ്പിനിരയായത്. ‘നൈജീരിയന്‍ സ്‌കാം’ മോഡലില്‍ നടന്ന വന്‍ ചതിയിലൂടെ 48.04 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. പരാതിക്കാരന്റെ ഒപ്പമുള്ള ഹര്‍ജിയില്‍ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ന്യൂസിലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കപ്പല്‍ കമ്പനിയില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഏപ്രില്‍ നാലിന് പരാതിക്കാരന്റെ വ്യക്തിഗത ഇ-മെയിലിലേക്ക് വന്ന ഒരു സന്ദേശത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. ന്യൂസിലന്‍ഡിലെ ‘ഈസ്റ്റ് ലാന്‍ഡ് ഷിപ്പിങ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ ഒഴിവുകളുണ്ടെന്നായിരുന്നു സന്ദേശം.
തുടര്‍ന്ന് കമ്പനിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച ഇന്റര്‍വ്യൂ നടപടികള്‍ക്ക് ശേഷം ഇദ്ദേഹത്തിന് ജോലി ലഭിച്ചതായും തട്ടിപ്പുകാര്‍ അറിയിച്ചു. ഇതിന് പിന്നാലെ ന്യൂസിലന്‍ഡ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ ഔദ്യോഗിക അഭിഭാഷകനെന്ന വ്യാജേന മറ്റൊരാളും ഇ-മെയില്‍ വഴി ബന്ധപ്പെട്ടു. വിസ നടപടികള്‍ വേഗത്തിലാക്കാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.
എമിഗ്രേഷന്‍ ക്ലിയറന്‍സ്, നിയമപരമായ ഫീസുകള്‍, വിവിധ നികുതികള്‍ എന്നിവയുടെ ചെലവിലേക്കെന്ന പേരിലാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെട്ടത്. കെണിയില്‍ വീണ പരാതിക്കാരനും ഭാര്യയും തങ്ങളുടെ കൈവശമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി ഏപ്രില്‍ 16 മുതല്‍ മെയ് 12 വരെയുള്ള കാലയളവില്‍ തുക കൈമാറി. 17 തവണകളായി ആകെ 48,04,250 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് അയച്ചു നല്‍കിയത്.
പണം പൂര്‍ണ്ണമായി കൈപ്പറ്റിയതോടെ തട്ടിപ്പുകാരുടെ ഭാഗത്തുനിന്നും പിന്നീട് യാതൊരു പ്രതികരണവുമുണ്ടായില്ല. ഫോണ്‍ നമ്പറുകളും ഇ-മെയില്‍ ഐഡികളും നിശ്ചലമായി. കപ്പല്‍ കമ്പനിയില്‍ മികച്ച ജോലി ലഭിക്കുമെന്ന പൂര്‍ണ്ണ വിശ്വാസത്തിലായിരുന്ന കുടുംബം, വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതോടെയാണ് പോലീസിനെ സമീപിച്ചത്.
എന്താണ് ‘നൈജീരിയന്‍ സ്‌കാം’?
സൈബര്‍ ലോകത്ത് ഇന്റര്‍നെറ്റിന്റെ പ്രാരംഭ കാലം മുതല്‍ക്കേ കുപ്രസിദ്ധിയാര്‍ജ്ജിച്ച സാമ്പത്തിക വഞ്ചനാ രീതിയാണ് ‘നൈജീരിയന്‍ സ്‌കാം’ അഥവാ ‘419 സ്‌കാം’. വിദേശരാജ്യങ്ങളിലെ ഉന്നത വ്യക്തികളെന്ന വ്യാജേന സാമൂഹികമാധ്യമങ്ങളിലൂടെയും മെസേജിങ് ആപ്പുകളിലൂടെയും ഇ-മെയിലുകളിലൂടെയും ആളുകളെ വലയിലാക്കി പണം തട്ടുന്നതാണ് ഇതിന്റെ പ്രവര്‍ത്തനശൈലി.
1980-90 കാലഘട്ടത്തില്‍ നൈജീരിയ കേന്ദ്രീകരിച്ച് ഇ-മെയിലുകള്‍ വഴി വ്യാപകമായിരുന്ന തട്ടിപ്പ് രീതിയായതിനാലാണ് ഇതിന് ഈ പേര് വീണത്. അക്കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലെ വലിയ സമ്പത്തിന്റെ വിഹിതം നല്‍കാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു തുടക്കമെങ്കില്‍, പിന്നീട് മറ്റ് സമൂഹമാധ്യമങ്ങള്‍ വഴിയും പുതിയ തന്ത്രങ്ങള്‍ ഉപയോഗിച്ചും ലോകമെമ്പാടും ഈ ശൃംഖല പടര്‍ന്നുപന്തലിച്ചു.
ഇരകളുടെ വിശ്വാസം പിടിച്ചുപറ്റുകയാണ് ഇത്തരം സംഘങ്ങളുടെ ആദ്യ ലക്ഷ്യം. വിദേശത്തെ വന്‍കിട ബിസിനസുകാര്‍, യുദ്ധമേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന സൈനിക ഉദ്യോഗസ്ഥര്‍, പ്രമുഖ ബാങ്ക് പ്രതിനിധികള്‍, വലിയ സമ്പത്തിന് ഉടമകളായ തനിച്ച് താമസിക്കുന്ന പ്രായമായവര്‍ അല്ലെങ്കില്‍ വന്‍കിട കമ്പനികളിലെ ഉദ്യോഗസ്ഥര്‍ എന്ന നിലയിലാണ് ഇവര്‍ ബന്ധം സ്ഥാപിക്കുന്നത്.
ദിവസങ്ങളോ ആഴ്ചകളോ നീളുന്ന ചാറ്റിങ്ങുകളിലൂടെയും സംഭാഷണങ്ങളിലൂടെയും ഇവര്‍ ഇരകളുമായി വൈകാരികമായോ തൊഴില്‍പരമായോ ഉള്ള ദൃഢബന്ധം സ്ഥാപിച്ചെടുക്കും. വന്‍ സാമ്പത്തിക നേട്ടമോ, ആകര്‍ഷകമായ ശമ്പളമുള്ള ജോലിയോ, അല്ലെങ്കില്‍ വിലപിടിപ്പുള്ള സമ്മാനങ്ങളോ ലഭിക്കുമെന്ന ഒരു മായാലോകം ഇവര്‍ ഇരകള്‍ക്ക് മുന്നില്‍ സൃഷ്ടിക്കുന്നു.
ലക്ഷ്യത്തിലേക്ക് അടുക്കുന്നതോടെ സാമ്പത്തിക ചൂഷണത്തിന്റെ ഘട്ടത്തിലേക്ക് ഇവര്‍ കടക്കും. സമ്മാനങ്ങളോ ജോലിയോ കൈമാറുന്നതിന് മുന്നോടിയായി ടാക്സ്, ബാങ്ക് ചാര്‍ജ്, കസ്റ്റംസ് ഫീസ്, തദ്ദേശീയ നിയമച്ചെലവ് തുടങ്ങിയവയ്ക്കായി ചെറിയ തുകകള്‍ ആവശ്യപ്പെടും. വലിയ ലാഭം പ്രതീക്ഷിക്കുന്ന ഇരകള്‍ ഈ കെണിയില്‍ എളുപ്പം വീഴുകയും ചെയ്യും.
കൂടുതല്‍ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര ബാങ്കുകളുടെയും എമിഗ്രേഷന്‍ വകുപ്പുകളുടെയും വ്യാജ വെബ്സൈറ്റുകളും, കൃത്രിമമായി നിര്‍മ്മിച്ച തിരിച്ചറിയല്‍ രേഖകളും ഓഫര്‍ ലെറ്ററുകളും വരെ തട്ടിപ്പുകാര്‍ നിര്‍മ്മിക്കാറുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയും മറ്റും അന്വേഷിക്കുന്നവര്‍ ഇത്തരം ഇ-മെയിലുകളോട് ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.