കൊച്ചി: ഭൂട്ടാന്‍, നേപ്പാള്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് ആഡംബര എസ്.യു.വി.കള്‍ കടത്തുന്ന അന്തര്‍സംസ്ഥാന കള്ളക്കടത്ത് ശൃംഖലയില്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയ ജയ്പൂര്‍ സ്വദേശി യഷ് നടത്തിയ തട്ടിപ്പുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിര്‍ത്തി കടത്തി കൊണ്ടുവരുന്ന വണ്ടികള്‍ വിദേശത്തുനിന്നും എല്ലാ നികുതികളും ഒടുക്കി നിയമപരമായി ഇറക്കുമതി ചെയ്തതാണെന്ന് (ലീഗല്‍ ഇംപോര്‍ട്ട്) ഉപഭോക്താക്കളെ വിശ്വസിപ്പിച്ചായിരുന്നു വില്‍പനയെന്ന് കസ്റ്റംസ് കണ്ടെത്തി. ഓരോ കച്ചവടത്തിലും ലക്ഷക്കണക്കിന് രൂപയാണ് ഇരുപത്തിമൂന്നുകാരനായ ഈ ഇടനിലക്കാരന്‍ കമ്മീഷനായി മാത്രം പോക്കറ്റിലാക്കിയത്.
വാഹനങ്ങളുടെ കള്ളക്കടത്ത് ഉറവിടം പൂര്‍ണ്ണമായും മറച്ചുവെച്ചായിരുന്നു യഷിന്റെ ഇടപാടുകള്‍. വില്‍പനക്കാരനും ഉപഭോക്താവിനും ഇടയിലെ അതീവ വിശ്വസ്തനായ കള്ളക്കടത്ത് പങ്കാളിയായി മാറിയാണ് ഇയാള്‍ സാമ്രാജ്യം വിപുലീകരിച്ചത്. കേവലം കമ്മീഷന്‍ അടിക്കുന്നതില്‍ ഒതുങ്ങുന്നതല്ല ഇയാളുടെ പങ്കാളിത്തം. ഭൂട്ടാനില്‍ നിന്നും ഇത്തരത്തില്‍ നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന രണ്ട് വലിയ എസ്.യു.വി. ആഡംബര വാഹനങ്ങള്‍ യഷ് സ്വന്തം പേരില്‍ തന്നെയാണ് ഇന്ത്യയില്‍ വ്യാജ രേഖകള്‍ ചമച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ചെറിയ വിലയ്ക്ക് ലഭിക്കുന്ന ആഡംബര എസ്.യു.വി.കളുടെ ചിത്രങ്ങളും വിവരങ്ങളും ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി ഇയാള്‍ വന്‍തോതില്‍ പ്രചരിപ്പിച്ചു. വിപണി വിലയേക്കാള്‍ ലക്ഷങ്ങള്‍ കുറച്ച് വണ്ടികള്‍ സ്വന്തമാക്കാന്‍ താല്പര്യം പ്രകടിപ്പിച്ചു വരുന്ന ഉന്നതരായ ഉപഭോക്താക്കളുമായി ഇയാള്‍ നിരന്തരം ആശയവിനിമയം നടത്തി. വണ്ടികള്‍ നിയമപരമാണെന്ന് വിശ്വസിപ്പിക്കാന്‍ വ്യാജ ഇംപോര്‍ട്ട് രേഖകളും ഇയാള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. കസ്റ്റംസ് ആക്ട് 1962-ലെ കടുത്ത വകുപ്പുകള്‍ ചുമത്തിയാണ് ജയ്പൂരില്‍ നിന്ന് യഷിനെ കസ്റ്റംസ് സംഘം വലയിലാക്കിയത്. നാല് സംസ്ഥാനങ്ങളില്‍ നിന്നായി ഈ കേസില്‍ അറസ്റ്റിലാകുന്ന ഏഴാമത്തെ വ്യക്തിയാണ് ഇയാള്‍.
കേസില്‍ നേരത്തെ അറസ്റ്റിലായ തട്ടിപ്പുസംഘത്തിലെ പ്രധാനികളായ ബിശ്വാദീപ് ദാസ്, സെയ്ന്‍ എന്നിവരുമായി യഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. കേവലം ഒരു ഇടനിലക്കാരന്‍ എന്നതിനപ്പുറം കള്ളക്കടത്ത് ശൃംഖലയുടെ സുപ്രധാന കണ്ണിയായാണ് ഈ രാജസ്ഥാന്‍ സ്വദേശി പ്രവര്‍ത്തിച്ചിരുന്നത്. ഭൂട്ടാന്‍ ഒറിജിന്‍ വാഹനങ്ങള്‍ ഇന്ത്യയില്‍ നിയമവിധേയമാക്കാന്‍ വ്യാജ രേഖകള്‍ ചമച്ചാണ് ഇവര്‍ രജിസ്‌ട്രേഷന്‍ സ്വന്തമാക്കിയിരുന്നത്. ഇതിനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആര്‍.ടി.ഓഫീസുകളെയാണ് സംഘം പ്രധാനമായും ആശ്രയിച്ചിരുന്നത്. അസമിലെ ബോംഗൈഗാവ് ഡി.ടി.ഒ. ദീപക് പോട്ടവാരിയെ കസ്റ്റംസ് നേരത്തെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവാണ്.
മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ലക്ഷങ്ങള്‍ കൈക്കൂലി നല്‍കി ഭൂട്ടാന്‍ വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ ചേസിസ് നമ്പറും വ്യാജ എന്‍.ഒ.സി.യും ഉണ്ടാക്കിയെടുക്കുകയായിരുന്നു ഇവരുടെ രീതി. ഇത്തരത്തില്‍ അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വ്യാജമായി രജിസ്റ്റര്‍ ചെയ്യുന്ന ആഡംബര വാഹനങ്ങള്‍ പിന്നീട് കേരളം, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സെക്കന്‍ഡ് ഹാന്‍ഡ് ആഡംബര കാര്‍ വിപണിയിലേക്ക് മറിച്ചുവിറ്റു. കേരളത്തിലെ പ്രമുഖ കാര്‍ ഡീലര്‍മാരായ കോഴിക്കോട് ‘റോഡ്വേ കാര്‍സ്’ പാര്‍ട്ണര്‍ സെയ്ന്‍ മര്‍വ ഉള്‍പ്പെടെയുള്ളവര്‍ ഈ ശൃംഖലയുടെ ഭാഗമായത് അങ്ങനെയാണ്.
ഈ അന്താരാഷ്ട്ര വാഹനക്കള്ളക്കടത്തിന്റെ സൂത്രധാരനും കിങ്പിന്നുമായി കസ്റ്റംസ് കണക്കാക്കുന്നത് ബിശ്വാദീപ് ദാസിനെയാണ്. ഭൂട്ടാന്‍, നേപ്പാള്‍ അതിര്‍ത്തികളിലെ സുരക്ഷാ ഇളവുകളും നികുതി വ്യവസ്ഥകളിലെ ലൂപ്പ്‌ഹോളുകളും കൃത്യമായി പഠിച്ച ശേഷമാണ് ബിശ്വാദീപ് ഈ തട്ടിപ്പ് സാമ്രാജ്യം കെട്ടിപ്പടുത്തത്. വിദേശത്തുനിന്നും ഇന്ത്യയിലേക്ക് നിയമപരമായി വണ്ടികള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നല്‍കേണ്ടിവരുന്ന നൂറ് ശതമാനത്തിലധികം വരുന്ന കസ്റ്റംസ് ഡ്യൂട്ടി പൂര്‍ണ്ണമായും വെട്ടിച്ചാണ് ഭൂട്ടാന്‍ അതിര്‍ത്തി വഴി എസ്.യു.വി.കള്‍ ഇന്ത്യയിലേക്ക് കടത്തിയത്.
ഇങ്ങനെ കടത്തുന്ന വണ്ടികള്‍ ദക്ഷിണേന്ത്യയില്‍ വിറ്റഴിക്കാനുള്ള പ്രധാന കേന്ദ്രമായി മാറിയത് കോഴിക്കോടായിരുന്നു. കോഴിക്കോട്ടെ ആഡംബര കാര്‍ ബിസിനസ്സ് രംഗത്തെ പ്രമുഖനായ സെയ്ന്‍ മര്‍വയുടെ അറസ്റ്റോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി കേരളക്കരയും അറിഞ്ഞത്. കേരളത്തിലെ പ്രമുഖരായ വ്യവസായികളും സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമടക്കം ഈ സംഘത്തില്‍ നിന്നും വണ്ടികള്‍ വാങ്ങിയിട്ടുണ്ടോ എന്ന കാര്യവും കസ്റ്റംസ് അതീവ രഹസ്യമായി അന്വേഷിച്ചുവരികയാണ്. കള്ളപ്പണം വെളുപ്പിക്കലിന്റെ വലിയൊരു കേന്ദ്രമായി ഈ വാഹനക്കടത്ത് മാറിയിരുന്നു.
നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന തട്ടിപ്പായതിനാല്‍ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തങ്ങളുടെ അന്വേഷണ കണ്ടെത്തലുകളും ഡിജിറ്റല്‍ തെളിവുകളും മറ്റ് കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവര്‍ക്ക് വിവരങ്ങള്‍ കൈമാറും. നികുതി വെട്ടിപ്പിന് പുറമെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാടും ഹവാലാ പണമിടപാടും ഇതില്‍ നടന്നിട്ടുള്ളതിനാല്‍ ഇ.ഡി. ഈ കേസില്‍ ഉടന്‍ തന്നെ പ്രത്യേക അന്വേഷണം ആരംഭിക്കുമെന്നാണ് സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഒന്നാം വിവാഹവാര്‍ഷികത്തിന്റെ തലേന്നാള്‍ കണ്ണീര്‍ക്കാഴ്ച; ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ യുവതി ആസിഡ് കുടിച്ച് മരിച്ചു; ‘നീ അനുഭവിച്ചോ’ എന്ന് പറഞ്ഞ് മാറിനിന്ന് ഭര്‍തൃവീട്ടുകാര്‍; കാസര്‍കോട് സ്വദേശിനി ഫാത്തിമത്ത് സുഫൈദയുടെ മരണത്തില്‍ ഭര്‍ത്താവ് ആദില്‍ കസ്റ്റഡിയില്‍





